‘രാജ്യസഭാ അംഗങ്ങള്‍ വിരമിക്കുന്നതിന് മുമ്പ് വിജ്ഞാപനമിറക്കും’; ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പ്; നിലപാട് മാറ്റം മൂന്നാം തവണ
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനുള്ള കാരണം അറിയിക്കണമെന്ന് ഇലക്ഷന് കമ്മീഷനോട് ഹൈക്കോടതി. നിലവില്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന രാജ്യസഭാംഗങ്ങള്‍ വിരമിക്കുന്നതിന് മുമ്പ് വിജ്ഞാപനം ഇറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി മുമ്പാകെ ഉറപ്പു നല്കി. കമ്മീഷന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശയേത്തുടര്‍ന്നായിരുന്നു […]

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനുള്ള കാരണം അറിയിക്കണമെന്ന് ഇലക്ഷന് കമ്മീഷനോട് ഹൈക്കോടതി. നിലവില്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന രാജ്യസഭാംഗങ്ങള്‍ വിരമിക്കുന്നതിന് മുമ്പ് വിജ്ഞാപനം ഇറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി മുമ്പാകെ ഉറപ്പു നല്കി. കമ്മീഷന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശയേത്തുടര്‍ന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതിനെതിരെ സിപിഐഎം അടക്കമുള്ള ഭരണകക്ഷികള്‍ രംഗത്തെത്തുകയും നിയമസഭാ സെക്രട്ടറിയും സിപിഐഎമ്മും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുമ്പ് അടുത്ത തെരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ വാദം.
നിലവിലുള്ള നിയമസഭയുടെ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം ഹൈക്കോടതിയെ അറിയിച്ച ഇലക്ഷന് കമ്മീഷന് പിന്നീട് നിലപാട് മാറ്റിയത് വാര്‍ത്തയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ആദ്യനിലപാട് അറിയിച്ച് പത്തുമിനുട്ടിനുള്ളിലാണ് മാറ്റം. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹരജി ഹരിഗണിക്കവെയായിരുന്നു സഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ എന്നായിരിക്കും തെരഞ്ഞെടുപ്പ് എന്നതില്‍ കമ്മീഷന് വ്യക്തത വരുത്തിയിരുന്നില്ല. ഇത് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് കേസ് ഏപ്രില്‍ ഏഴിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആ നിലപാടട് രേഖപ്പെടുത്തേണ്ടതില്ലെന്ന് കമ്മീഷന് കോടതിയെ അറിയിച്ചത്. ജൂണ്‍ ഒന്നിനാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
വയലാര്‍ രവി, പി വി അബ്ദുള്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എല്‍ ഡി എഫിന് രണ്ടു സീറ്റും യു ഡി എഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. ഇതില്‍ പി വി അബ്ദുള്‍ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യുഡിഎഫ് തിരുമാനം.
എല്‍ഡിഎഫിന് ഒഴിവ് വന്ന രണ്ട് സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ മുതിര്‍ന്ന നേതാവ് പി സി ചാക്കോയ്ക്ക് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് സീറ്റുകളും സിപിഐഎം പ്രാതിനിധ്യം കൂട്ടാന്‍ ഉപയോഗിക്കണമെന്ന അഭിപ്രായം നേതൃത്വത്തിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്. സിപിഐയെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വം രാജ്യസഭയിലുണ്ട്. ഒരു സീറ്റില്‍ ചെറിയാന് ഫിലിപ്പിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ചെറിയാന് ഫിലിപ്പിന് സാധ്യതയുണ്ടായിരുന്നെങ്കിലും സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെട്ട് എളമരം കരീമിനെ അയക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രണ്ട് ടേണ്‍ നിബന്ധനയുടെ ഭാഗമായി നിയമസഭാ മത്സരരംഗത്ത് നിന്ന് പിന്മാറിയ തോമസ് ഐസക്, എ കെ ബാലന്, കര്‍ഷക പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള വിജൂ കൃഷ്ണന് എന്നിവരും പരിഗണനയിലുണ്ട്.
കേരളത്തിന് 9 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ആറുവര്‍ഷമാണ് ഒരംഗത്തിന്റെ കാലാവധി. എന്നാല്‍ ഒരാള്‍ മരിക്കുകയോ രാജിവയ്ക്കുകയോ മറ്റോ ചെയ്ത് ഉണ്ടാകുന്ന ഒഴിവില്‍ തെരഞ്ഞെടുക്കുന്നയാള്‍ക്ക് നിലവിലുണ്ടായിരുന്ന അംഗത്തിന്റെ ശേഷിച്ച കാലാവധി മാത്രമേ ലഭിക്കൂ.