Top

‘ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങള്‍ മാറ്റേണ്ടി വന്നാല്‍ സഹകരിക്കും’; നിലപാട് വ്യക്തമാക്കി കെസിബിസി

ദേശീയപാത വികസന പദ്ധതികള്‍ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കേണ്ടതായി വന്നാല്‍ വിശ്വാസികളും പള്ളിഭാരവാഹികളും അതുമായി സഹകരിക്കാന്‍ തയ്യാറാകണമെന്ന് കെസിബിസി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വന്നാല്‍ ദൈവം അത് ക്ഷമിക്കുമെന്ന ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി കെസിബിസി രംഗത്തെത്തിയത്. സര്‍ക്കാരിന്റെ ഇത്തരം പദ്ധതികള്‍ക്കായി ആരാധനലായങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നാല്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതുമായി പൊരുത്തപ്പെടണമെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. അതേസമയം ഇത്തരം പദ്ധതികളില്‍ ചരിത്രപ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വിധത്തില്‍ […]

26 July 2021 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങള്‍ മാറ്റേണ്ടി വന്നാല്‍ സഹകരിക്കും’; നിലപാട് വ്യക്തമാക്കി കെസിബിസി
X

ദേശീയപാത വികസന പദ്ധതികള്‍ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കേണ്ടതായി വന്നാല്‍ വിശ്വാസികളും പള്ളിഭാരവാഹികളും അതുമായി സഹകരിക്കാന്‍ തയ്യാറാകണമെന്ന് കെസിബിസി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വന്നാല്‍ ദൈവം അത് ക്ഷമിക്കുമെന്ന ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി കെസിബിസി രംഗത്തെത്തിയത്. സര്‍ക്കാരിന്റെ ഇത്തരം പദ്ധതികള്‍ക്കായി ആരാധനലായങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നാല്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതുമായി പൊരുത്തപ്പെടണമെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

അതേസമയം ഇത്തരം പദ്ധതികളില്‍ ചരിത്രപ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വിധത്തില്‍ വികസനം ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റോഡ് വികസനത്തിനായി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാല്‍ എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും അതിനു തയാറാകണം.

ദേശീയപാതാ 66 വികസനത്തിന്റെ ഭാഗമായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രഭാരവാഹികളെ കര്‍ദിനാള്‍അനുമോദിച്ചു. സമാനമായ സാഹചര്യങ്ങളില്‍ പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിബദ്ധത കാണിക്കണം. ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യങ്ങളില്‍ 2013-ലെ ഭൂമിയേറ്റെടുക്കല്‍ നഷ്ടപരിഹാര പുനരധിവാസ നിയമം കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ദേശീയപാതകളുടെ അലൈന്‍മെന്റിന്റെ ഭാഗമായി ആരാധനാലയങ്ങളെ ഒഴിവാക്കേണ്ടതായി വന്നാല്‍ അത് ചെയ്യണമെന്ന് വ്യക്തമാക്കി ഹൈക്കോടതി രംഗത്തെത്തിയത്. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടതായി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു. കൊല്ലം ഉമയല്ലൂരിലെ ദേശീയ പാത അലൈന്‍മെന്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിലപാട്.

ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ പൊളിച്ചു നീക്കേണ്ടതായി വന്നാല്‍ അത് ചെയ്യണം. ദൈവം അത് ക്ഷമിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്റേതായിരുന്നു നിരീക്ഷണം. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായ് കാവല്‍ വിളിക്കായി കരളിലിരിക്കുന്നു’ എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

കൊല്ലത്ത് ദേശീയ പാതയുടെ നിലവിലെ അലൈമെന്റില്‍ പള്ളികളും ക്ഷേത്രവും ഉള്‍പ്പെടുന്നുവെന്നായിരുന്നു ഹര്‍ജി. ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അനാവശ്യമായും നിസാരകാര്യങ്ങളുടെ പേരിലും ദേശീയ പാത സ്ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നു കോടതി നിലപാടെടുത്തു. ദേശീയപാത വികസനത്തിന്റെ അലൈന്‍മെന്റ് ചോദ്യം ചെയ്ത് നല്‍കിയ നാല് ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.

ALSO READ: ‘രമ്യ ഇങ്ങനെ തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല; പറഞ്ഞതെല്ലാം കള്ളം; സിസി ടിവി പരിശോധിക്കാം’; അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് സനൂഫ്

Next Story