Top

‘നേതാവ്, ഭാര്യ, ബന്ധു, അല്ലെങ്കില്‍ കോഴി എന്നത് നടക്കില്ല’; തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് കെഎസ്‌യു കൊല്ലം

‘സംവരണ സീറ്റുകളില്‍ മാത്രം മത്സരിക്കുവാന്‍ ഉള്ളവരാണ് പട്ടികജാതിക്കാര്‍ എന്ന ധാരണ നേതൃത്വം തിരുത്തണം.’

25 Oct 2020 1:01 AM GMT

‘നേതാവ്, ഭാര്യ, ബന്ധു, അല്ലെങ്കില്‍ കോഴി എന്നത് നടക്കില്ല’; തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് കെഎസ്‌യു കൊല്ലം
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാതിനിത്യം നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് കെഎസ്‌യു. കൊല്ലം ജില്ലാ നേതൃയോഗത്തില്‍ പ്രമേയം. നേതാവ് അല്ലെങ്കില്‍ ഭാര്യ അല്ലെങ്കില്‍ നേതാവിന്റെ ബന്ധു അതുമല്ലെങ്കില്‍ നേതാവിന്റെ കോഴി ഈ രീതിയിലാണ് സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നതെന്നും കെഎസ്‌യുവിന്റെ പ്രമേയത്തില്‍ പറയുന്നു. കെഎസ്‌യു കൊല്ലം ജില്ലാ നേതൃയോഗത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേതാക്കന്മാരുടെ ഭാര്യമാരെയും ബന്ധുക്കളെയും കെട്ടിയിറക്കുന്നതിനെതിരെ യോഗം പ്രമേയവും പാസാക്കി. കൊല്ലം ഡിസിസി അദ്ധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ പ്രമേയം കൈമാറി.

ഞാന്‍ അല്ലെങ്കില്‍ ഭാര്യ അല്ലെങ്കില്‍ എന്റെ ബന്ധു അതും ഇല്ലെങ്കില്‍ എന്റെ കോഴി ഈ രീതിയിലാണ് വാര്‍ഡ് മുതല്‍ ജില്ലാപഞ്ചായത്ത് വരെയുള്ള ജില്ലയിലെ സീറ്റ് വിഭജന ചര്‍ച്ച മുന്നോട്ടു പോകുന്നത്. പ്രിയപ്പെട്ട നേതാക്കന്മാരോട് കെഎസ്‌യു ചോദിക്കുന്നു; നിങ്ങളുടെയൊക്കെ വീടുകളില്‍ കുടുംബാംഗങ്ങളും മക്കളും കഴിഞ്ഞകാലങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരെ സമരരംഗത്തിറങ്ങിയോ?

കെഎസ്‌യു

യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു നേതാക്കന്മാരേയും പ്രവര്‍ത്തകരെയും പടിക്കുപുറത്ത് നിര്‍ത്തിയാല്‍ പഞ്ചായത്ത് തലം മുതല്‍ കോര്‍പ്പറേഷന്‍ തലം വരെ ജനസ്വീകാര്യതയുള്ള യുവജന നേതാക്കന്മാരുടെ പട്ടിക തയ്യാറാക്കി സ്ഥാനാര്‍ഥികളെ കെഎസ്‌യു നിശ്ചയിക്കുമെന്നാണ് മുന്നറിയിപ്പ്. നാലര വര്‍ഷത്തെ അജ്ഞാത വാസത്തിന് ശേഷം ആഡംബര കാറുകളില്‍ എത്തി സീറ്റ് വാങ്ങാന്‍ ശ്രമിക്കുന്നവരെ നേതൃത്വം വിലക്കണം. സംവരണ സീറ്റുകളില്‍ മാത്രം മത്സരിക്കുവാന്‍ ഉള്ളവരാണ് പട്ടികജാതിക്കാര്‍ എന്ന ധാരണ നേതൃത്വം തിരുത്തണം. കഴിവുള്ള സംവരണ വിഭാഗത്തില്‍ നിന്നുള്ള യുവാക്കളെ ജനറല്‍ സീറ്റുകളില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുവാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം. യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു നേതാക്കന്മാരെയും പ്രവര്‍ത്തകരേയും ഒഴിവാക്കി നടത്തുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനിപ്പിക്കുവാന്‍ ഡിസിസി നേതൃത്വം തയ്യാറാകണമെന്നും പ്രമേയത്തിലൂടെ കെഎസ്‌യു ആവശ്യപ്പെടുന്നു.

കെ എസ് യുവിന്റെ പ്രമേയം

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്യു കൊല്ലം ജില്ലാ കമ്മിറ്റിയുടെ നിലപാട്

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യമുന്നണിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും സീറ്റ് വിഭജനത്തില്‍ ഏഴയലത്തുപോലും യുവാക്കള്‍ക്ക് പരിഗണന നല്‍കാതെയാണ് മുന്നോട്ടുപോകുന്നത്.

നാലരവര്‍ഷം കേരളത്തിന്റെ തെരുവീഥികളില്‍ ചോരചീന്തി സമരം നയിച്ചവരുടെ ചിത്രം സ്ഥാനാര്‍ത്ഥി പട്ടികയിലും പ്രതിഫലിക്കണം.
ജില്ലയിലെ ഒരു തെരഞ്ഞെടുപ്പ് സമിതികളിലും കെഎസ്യുക്കാരെ ഉള്‍പ്പെടുത്തുവാന്‍ നേതൃത്വം തയ്യാറായിട്ടില്ല.
ജില്ലയില്‍ പാര്‍ട്ടിയിലെ യുവജനങ്ങളെ വന്ധികരണം നടത്തുവാനാണ് നേതാക്കളില്‍ ചിലരെങ്കിലും ശ്രമിക്കുന്നത്.

പിണറായി വിജയന്‍ അധികാരത്തിലെത്തി കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മൂന്ന് വര്‍ഷക്കാലവും കെ എസ് യു നേതൃത്വത്തിലാണ് പ്രതിപക്ഷ യുവജന സമരങ്ങള്‍ കേരളത്തില്‍ അരങ്ങേറിയത്… ജില്ലയില്‍ തന്നെ നിരവധി കെ എസ് യു നേതാക്കന്മാരും പ്രവര്‍ത്തകരും ജയില്‍വാസത്തിന്റെയും പോലീസ് പീഡനങ്ങളുടെയും രാഷ്ട്രീയ കേസുകളുടെയും ഭാരം ചുമലിലേറ്റി നടുവൊടിഞ്ഞ അവസ്ഥയിലാണ്. കെഎസ്യു പ്രവര്‍ത്തകരെ തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന വേളയില്‍ നേതൃത്വം പരിഹസിക്കുമ്പോള്‍ ഇനിയും മിണ്ടാതിരിക്കാന്‍ കഴിയില്ല.

ഞാന്‍ അല്ലെങ്കില്‍ ഭാര്യ അല്ലെങ്കില്‍ എന്റെ ബന്ധു അതും ഇല്ലെങ്കില്‍ എന്റെ കോഴി ഈ രീതിയിലാണ് വാര്‍ഡ് മുതല്‍ ജില്ലാപഞ്ചായത്ത് വരെയുള്ള ജില്ലയിലെ സീറ്റ് വിഭജന ചര്‍ച്ച മുന്നോട്ടു പോകുന്നത്. പ്രിയപ്പെട്ട നേതാക്കന്മാരോട് കെ എസ് യു ചോദിക്കുന്നു; നിങ്ങളുടെയൊക്കെ വീടുകളില്‍ കുടുംബാംഗങ്ങളും മക്കളും കഴിഞ്ഞകാലങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരെ സമരരംഗത്തിറങ്ങിയോ? ഇത് പരിശോധിച്ച ശേഷം മതി നിങ്ങളുടെ കുടുംബസ്‌നേഹം നോക്കിയുള്ള സീറ്റ് വിഭജനം എന്ന് കെ എസ് യു ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.

നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച ആളുകള്‍ക്ക് ഇനി സീറ്റ് പാര്‍ട്ടി നല്‍കരുത്… ബാങ്ക് പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അവരുടെ രാജി എഴുതി വാങ്ങി മാത്രം സ്ഥാനാര്‍ത്ഥിത്വം കൊടുക്കുവാന്‍ നേതൃത്വം തയ്യാറാകണം. നാലര വര്‍ഷത്തെ അജ്ഞാത വാസത്തിന് ശേഷം ആഡംബര വാഹനങ്ങളില്‍ മൂവര്‍ണ്ണക്കൊടികള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടുവന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങാന്‍ ശ്രമിക്കുന്ന മാന്യന്മാരെ നേതൃത്വം ഇടപെട്ട് വിലക്കിയില്ല എങ്കില്‍ അവരുടെ പേര് പറയാന്‍ കെഎസ്യു നിര്‍ബന്ധിതമാകും.

യൂത്ത് കോണ്‍ഗ്രസ് കെഎസ്യു നേതാക്കന്മാരെയും പ്രവര്‍ത്തകരെയും പടിക്കുപുറത്ത് നിര്‍ത്തിയുള്ള ഇപ്പോള്‍ നടക്കുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനിപ്പിക്കുവാന്‍ ഡിസിസി നേതൃത്വം അടിയന്തരമായി ഇടപെടണം. അല്ലാത്തപക്ഷം ജനസ്വീകാര്യതയുള്ള യുവജന നേതാക്കന്മാരുടെ പട്ടിക തയ്യാറാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് വരും ദിവസങ്ങളില്‍ കെഎസ്യു മുന്നോട്ടുപോകും.

സംവരണ സീറ്റുകളില്‍ മാത്രം മത്സരിക്കുവാന്‍ ഉള്ളവരാണ് പട്ടികജാതിക്കാര്‍ എന്ന ധാരണ നേതൃത്വം തിരുത്തണം.കഴിവുള്ള സംവരണ വിഭാഗത്തില്‍ നിന്നുള്ള യുവാക്കളെ ജനറല്‍ സീറ്റുകളില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുവാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം. വനിതാ സംവരണ സീറ്റുകളില്‍ നേതാക്കന്മാരുടെ ഭാര്യമാരെ ഒഴിവാക്കി യൂത്ത് കോണ്‍ഗ്രസ് കെഎസ്യു നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കുന്ന കഴിവുള്ള യുവതികളെ തിരഞ്ഞെടുക്കുവാന്‍ നേതൃത്വം തയ്യാറാകണം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ ജന വിഭാഗങ്ങളിലെ ചെറുപ്പക്കാര്‍ക്ക് അര്‍ഹമായ അവസരം നല്‍കണം.
മത സാമുദായിക നേതാക്കന്മാരുടെ അഭിപ്രായം സ്വീകരിക്കണം. പക്ഷേ തീരുമാനം പാര്‍ട്ടിയുടെ ആവണം. സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സമീപിക്കുന്ന യുവാക്കളുടെ ജാതി ചോദിക്കുന്ന നേതാക്കന്മാര്‍ ഈ പാര്‍ട്ടിയുടെ ശാപം ആകും എന്ന കാര്യത്തില്‍ സംശയമില്ല.

കൊല്ലം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടുതല്‍ യുവാക്കള്‍ മത്സരിച്ചാല്‍ മാത്രമേ ഐക്യ ജനാധിപത്യ മുന്നണിക്ക് കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കെഎസ്യു ആവര്‍ത്തിക്കുന്നു. കൊല്ലം കോര്‍പ്പറേഷനില്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കണം.

കൊല്ലം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഘടകകക്ഷികളുടെ അനാവശ്യമായ പിടിവാശികള്‍ക്ക് നേതൃത്വം വഴങ്ങരുത്. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്ന ഘടകകക്ഷികള്‍ നേതാക്കന്മാര്‍ അവരുടെ പിറകിലേക്ക് ഒന്നുകൂടെ നോക്കിയിട്ട് ആവശ്യങ്ങള്‍ ഉന്നയിക്കണം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കക്ഷി നേതാക്കന്മാര്‍ അഭിപ്രായം പറയുന്ന രീതി ജില്ലയിലെ ചില മണ്ഡലങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട് ഇത് അംഗീകരിക്കാന്‍ സാധിക്കുകയില്ല.

യുവാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ നിശ്ചയിച്ച സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കുന്ന നേതാക്കന്മാരുടെ പതിവ് രീതി ഇത്തവണ അംഗീകരിക്കാന്‍ സാധിക്കുകയില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ആ സീറ്റുകളില്‍ മുന്നണി മര്യാദകള്‍ മറന്ന് യുവാക്കളെ മത്സരിപ്പിക്കുവാന്‍ കെഎസ്യു തയ്യാറാവേണ്ടി വരും.

കണ്ണുരുട്ടലിന്റെയും ഭീഷണിയെയും മുന്നില്‍ കെഎസ്യു മുട്ടുമടക്കില്ല എന്ന് ഒരിക്കല്‍ കൂടി നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നു. കെഎസ്യു നേതാക്കള്‍ക്കടക്കം കഴിവുള്ള യുവാക്കള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരങ്ങള്‍ക്കായി ആത്മാര്‍ത്ഥമായി അവസാനം വരെ പോരാട്ടത്തില്‍ കെഎസ്യു ഉണ്ടാകുമെന്ന് ജില്ലാ കമ്മിറ്റിയുടെ നിലപാട് വിശദീകരണത്തിലൂടെ നേതൃത്വത്തെ അറിയിക്കുന്നു.

Next Story