Top

ഇംഗ്ലീഷ് സ്വപ്‌നങ്ങള്‍ തകര്‍ത്തവരില്‍ നെവില്‍ മുതല്‍ റൂണി വരെ

55 വര്‍ഷത്തെ കാത്തിരുപ്പിന്റെ ഭാരം പേറിയാണ് വെറും 19 വയസുകാരനായ ബുകായോ സാക്കോ കഴിഞ്ഞ ഞായറാഴ്ച വെംബ്ലിയില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ മുന്നില്‍ നിര്‍ണായക പെനാല്‍റ്റി എടുക്കാനിറങ്ങിയത്. ഒരു ചെറിയ പിഴവു പോലും തന്റെ വംശത്തെയും വര്‍ണത്തെയും ചോദ്യചെയ്യിക്കുമെന്ന് അറിയാമായിരുന്നിട്ടുപോലും ആ മുഖത്ത് ലവലേശം അങ്കലാപ്പ് കാണാന്‍ കഴിഞ്ഞില്ല. പക്ഷേ ആ ഭാരം ഒരു കൗമാരക്കാരന് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. വലയില്‍ കുഞ്ഞോളങ്ങള്‍ തീര്‍ക്കാതെ പോയ ആ ഒരൊറ്റ കിക്കോടെ സാക്ക ഇപ്പോള്‍ വെറുക്കപ്പെട്ടവനായി മാറി ഇംഗ്ലണ്ടില്‍. കൂട്ടിന് അതേ […]

14 July 2021 1:33 AM GMT
Syam Saseendran

ഇംഗ്ലീഷ് സ്വപ്‌നങ്ങള്‍ തകര്‍ത്തവരില്‍ നെവില്‍ മുതല്‍ റൂണി വരെ
X

55 വര്‍ഷത്തെ കാത്തിരുപ്പിന്റെ ഭാരം പേറിയാണ് വെറും 19 വയസുകാരനായ ബുകായോ സാക്കോ കഴിഞ്ഞ ഞായറാഴ്ച വെംബ്ലിയില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ മുന്നില്‍ നിര്‍ണായക പെനാല്‍റ്റി എടുക്കാനിറങ്ങിയത്. ഒരു ചെറിയ പിഴവു പോലും തന്റെ വംശത്തെയും വര്‍ണത്തെയും ചോദ്യചെയ്യിക്കുമെന്ന് അറിയാമായിരുന്നിട്ടുപോലും ആ മുഖത്ത് ലവലേശം അങ്കലാപ്പ് കാണാന്‍ കഴിഞ്ഞില്ല. പക്ഷേ ആ ഭാരം ഒരു കൗമാരക്കാരന് താങ്ങാവുന്നതിന് അപ്പുറമായിരുന്നു.

വലയില്‍ കുഞ്ഞോളങ്ങള്‍ തീര്‍ക്കാതെ പോയ ആ ഒരൊറ്റ കിക്കോടെ സാക്ക ഇപ്പോള്‍ വെറുക്കപ്പെട്ടവനായി മാറി ഇംഗ്ലണ്ടില്‍. കൂട്ടിന് അതേ നിറം പേറുന്നു, അതേ അവഗണനകള്‍ സഹിച്ചു നീങ്ങിയ മാര്‍ക്കസ് റഷ്‌ഫോര്‍ഡും ജേഡന്‍ സാഞ്ചോയും. ഹൂളിഗന്‍സ് എന്ന പേര് അന്വര്‍ഥമാക്കിയ ഇംഗ്ലീഷ് ആരാധകര്‍ക്ക് ഇപ്പോള്‍ ഇവര്‍ മൂവരും അന്തി ക്രിസ്തുമാരാണ്.

ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ ഇവര്‍ മൂവരും മാത്രമെന്തേ ഇത്ര വെറുക്കപ്പെട്ടവരാകുന്നു. അഞ്‌ര പതിറ്റാണ്ടിനിടെ പൊലിഞ്ഞുവീണ ഇംഗ്ലീഷ് സ്വപ്‌നങ്ങള്‍ക്ക് ഇവര്‍ മാത്രമാണോ ഉത്തരവാദികള്‍. ഇതിനു മുമ്പ് ആര്‍ക്കും പിഴച്ചുപോയിട്ടില്ലേ? ഇങ്ങനെ ചുഴിഞ്ഞ് ആലോചിച്ചാല്‍ ഇംഗ്ലീഷ് ഫുട്ംബാള്‍ പ്രേമികള്‍ നെഞ്ചില്‍ ചേര്‍ത്തുനടക്കുന്ന ഒട്ടേറെ വിഗ്രഹങ്ങള്‍ വീണുടയേണ്ടതാണ്. പക്ഷേ അതുണ്ടായിട്ടില്ല, കാരണം അവരുടെ തൊലിയുടെ നിറം വെളുപ്പായിരുന്നു.

2006-ല്‍ യൂറോ കപ്പില്‍ നിന്ന് ഇംഗ്ലണ്ടിന് മടക്ക ടിക്കറ്റ് നല്‍കിയത് ഗ്യാരി നെവില്‍ എന്ന സൂപ്പര്‍ താരത്തിന്റെ ഫ്രീക് സെല്‍ഫ് ഗോളായിരുന്നു. 2012-ല്‍ പിര്‍ലോയുടെ പെനാല്‍റ്റി തടുക്കാന്‍ ജോ ഹാര്‍ട്ടിന് കഴിയാതെ പോയതാണ് അവര്‍ക്ക് വിനയായത്. 2006 ലോകകപ്പില്‍ വികാരം നിയന്ത്രിക്കാനാകാതെ റൂണി ചുവപ്പുകാര്‍ഡ് വാങ്ങിയതും ഫ്രാങ്ക് ലാംപാര്‍ഡ്, സ്റ്റീവന്‍ ജെറാര്‍ഡ്, ജാമി കരാഗര്‍ എന്നീ ബിംബങ്ങള്‍ പെനാല്‍റ്റി തുലച്ചതും ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വാതില്‍ തുറന്നു.

89-ാം മിനിറ്റില്‍ ഫില്‍ നെവില്‍ നടത്തിയ ഗുരുതര പ്രതിരോധപ്പിഴവാണ് റൊമാനിയയ്ക്ക് പെനാല്‍റ്റി ലഭിക്കാനുംഅതുവഴി ഇംഗ്ലണ്ടിന് മടക്കടിക്കറ്റ് ലഭിക്കാനും ഇടയാക്കിയത്. 1998-ല്‍ ഡേവിഡ് ബെക്കാമിന്റെ പിഴവാണ് ലോകകപ്പില്‍ ചിരവൈരികളായ അര്‍ജന്റീനയ്ക്കു മുന്നില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്.

നിലവിലെ കോച്ച് ഗാരെത് സൗത്ത്‌ഗേറ്റായിരുന്നു 1996 യൂറോയില്‍ ജര്‍മനിക്കെതിരേ പെനാല്‍റ്റി തുലച്ച് വില്ലനായത്. 1990 സെമിഫൈനലില്‍ പോള്‍ ഗാസ്‌കോയിന്റെ പിടിവാശി ക്രിസ് വാഡിലിന് പെനാല്‍റ്റിയുടെ അധികഭാരം നല്‍കി, വാഡിലിന് അതു താങ്ങാനുമായില്ല… ഇവര്‍ക്കെല്ലാം പിഴച്ചു.

ഈ പറഞ്ഞവരെല്ലാം റാഷ്‌ഫോര്‍ഡിന്റെയും സാഞ്ചോയുടെയും സാക്കയുടെയും അതേ തെറ്റാണ് ചെയ്തത്. എന്നാല്‍ ഈ മൂന്നു പേരുടെ ഒഴികെ മറ്റെല്ലാവരുടെയും നിറം വെളുപ്പായിരുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ സംഭവിച്ച കാലം എല്ലാം മായ്ക്കല്‍ ഇവരുടെ കാര്യത്തില്‍ മാത്രം ഉണ്ടാകാതെ പോകുന്നതെന്തേ?.

ഉത്തരമൊന്നുമാത്രം. അതാണ് ലോകത്തെ ഏറ്റവും ആഭിജാത്യ രാജ്യമെന്നു വിശ്വസിക്കുന്ന ഇംഗ്ലണ്ടിലെ ജനങ്ങളുടെ ഉള്ളിലെ കറുപ്പ്. അതെ കറുപ്പ് തന്നെ. കറുപ്പു നിറമാണ് അവരെ ഭ്രാന്തന്മാരാക്കുന്നത്. അവര്‍ അതു മാത്രമേ കാണുന്നുള്ളു. അതൊന്നുകൊണ്ടു മാത്രമാണ് മറ്റു പ്രതിഭാധനര്‍ ചെയ്ത അതേ തെറ്റ് ചെറിയപ്രായത്തില്‍ പറ്റിപ്പോയതിന് ഈ മൂവരും കുരിശിലേറേണ്ടി വരുന്നത്.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്ന 23-കാരന്‍ മാഞ്ചസ്റ്റര്‍ നഗരത്തിലെ വിറ്റ്‌ഫോര്‍ഡില്‍ നിന്ാണ് വരുന്നത്. ഈ ചെറിയ പ്രായത്തിനിടെ അവനെ പലരുടെയും ആരാധനാപാത്രമാക്കിയത് കേളീ മികവ് കൊണ്ടുമാത്രമല്ല. ഇംഗ്ലണ്ടിലെ പാവപ്പെട്ട കുട്ടികളുടെ വിശപ്പകറ്റാന്‍ കാട്ടിയ ആര്‍ദ്രത കൊണ്ടുകൂടിയാണ്. നിറത്തിന്റെ പേരില്‍ അഭിമാനിക്കുന്ന പലരും ചെയ്യാന്‍ മടിച്ച കാര്യം.

വരുന്ന സെപ്റ്റംബര്‍ അഞ്ചിന് മാത്രമേ സാക്കയ്ക്ക് 20 വയസ് പൂര്‍ത്തിയാകൂ. പൊള്ളയായ ആഭിജാത്യം പേറുന്ന ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ചുമലിലേറ്റുമ്പോള്‍ യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നതേയുണ്ടായിരുന്നുള്ളു ആ കൗമാരക്കാരന്‍.

യൂറോപ്പില്‍ പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഏറെ മിടുക്കരായ ജര്‍മന്‍കാര്‍ വിലപറഞ്ഞ താരമാണ് സാഞ്ചോ. ഇംഗ്ലണ്ടിനു വേണ്ടെങ്കില്‍ തങ്ങള്‍ പൊന്നുപോലെ നോക്കിക്കോളാമെന്ന്. വിട്ടുകൊടുത്തില്ലെന്നു മാത്രമല്ല, കൂട്ടിക്കൊണ്ടു വന്നു കൊലയ്ക്ക് ഇരയാക്കുകയാണ് അവനെ ഇപ്പോള്‍.

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ പലരും സമ്മര്‍ദത്തിന് വഴങ്ങി നിസാര പിശകുകള്‍ വരുത്തുകയോ അല്ലെങ്കില്‍ ഒരു സുപ്രധാന പെനാല്‍റ്റി ഗോളാക്കാന്‍ പരാജയപ്പെടുകയോ ചെയ്തിട്ടുള്ളവരാണ്.

അതിനാല്‍ ഈ വേര്‍തിരിവ്, കറുപ്പും വെളുപ്പുമെന്ന വേര്‍തിരിവ് നിര്‍ത്തണം. ലോകത്തെ ഒന്നിപ്പിക്കുന്ന ഗെയിമാണ് ഫുട്‌ബോള്‍. ആ വിശേഷണം അര്‍ഥവത്താക്കണം. അവരുടെ ചര്‍മ്മത്തിന്റെ നിറം അവര്‍ എത്ര കഴിവുള്ളവരാണെന്നതിനെ ബാധിക്കുന്നില്ല. അവര്‍ ഒരു തെറ്റ് വരുത്താന്‍ എത്രത്തോളം സാധ്യതയുണ്ടെന്നതിനെ ബാധിക്കില്ല. അവരും മനുഷ്യരാണ്. മനുഷ്യന് തെറ്റുകള്‍ പറ്റാം. ആ തെറ്റുകള്‍ക്ക് നിങ്ങള്‍ക്കവരെ നിര്‍ദ്ദാക്ഷണ്യം തള്ളിപ്പറയാം കാല്‍പന്തുകളിയെ മാനദണ്ഢമാക്കിക്കൊണ്ട്, ഒരിക്കലും തൊലിയുടെ നിറത്തെ മാനദണ്ഡമാക്കിയുമാകരുത് അത്.

Next Story

Popular Stories