Top

‘മൃതദേഹങ്ങള്‍ കൂട്ടിയിട്ട് പെട്രോളൊഴിച്ചാണ് കത്തിച്ചത്, അതൊരു യുദ്ധമായിരുന്നു’; രക്തസാക്ഷികളുടെ എണ്ണം ചോദിച്ച വചസ്പതിയോട് എം പ്രകാശന്‍ മാസ്റ്റര്‍

പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ അതിക്രമിച്ചുകയറി പുഷ്പാര്‍ച്ചന നടത്തിയത് വിവാദമായിരിക്കെ തന്റെ പ്രവൃത്തിയും വാക്കുകളും ന്യായീകരിച്ച് ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി. ആലപ്പുഴ വലിയ ചുടുകാടിലെ സ്മാരകങ്ങള്‍ വഞ്ചനയുടെ പ്രതീകണമാണെന്ന് സന്ദീപ് വചസ്പതി ആവര്‍ത്തിച്ചു. പുന്നപ്രയിലും വയലാറിലും കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കില്ലാത്തത് ഇരട്ടത്താപ്പും വഞ്ചനയുമാണെന്ന് വചസ്പതി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ വാദിച്ചു. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്ക് സ്വാതന്ത്ര്യ സമരചരിത്രം അറിയാത്തതുകൊണ്ടാണ് ഇത്തരം പ്രതികരണങ്ങളെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം എം പ്രകാശന്‍ മാസ്റ്റര്‍ മറുപടി നല്‍കി. സന്ദീപ് വചസ്പതി: […]

19 March 2021 11:28 AM GMT

‘മൃതദേഹങ്ങള്‍ കൂട്ടിയിട്ട് പെട്രോളൊഴിച്ചാണ് കത്തിച്ചത്, അതൊരു യുദ്ധമായിരുന്നു’; രക്തസാക്ഷികളുടെ എണ്ണം ചോദിച്ച വചസ്പതിയോട് എം പ്രകാശന്‍ മാസ്റ്റര്‍
X

പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ അതിക്രമിച്ചുകയറി പുഷ്പാര്‍ച്ചന നടത്തിയത് വിവാദമായിരിക്കെ തന്റെ പ്രവൃത്തിയും വാക്കുകളും ന്യായീകരിച്ച് ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി. ആലപ്പുഴ വലിയ ചുടുകാടിലെ സ്മാരകങ്ങള്‍ വഞ്ചനയുടെ പ്രതീകണമാണെന്ന് സന്ദീപ് വചസ്പതി ആവര്‍ത്തിച്ചു. പുന്നപ്രയിലും വയലാറിലും കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കില്ലാത്തത് ഇരട്ടത്താപ്പും വഞ്ചനയുമാണെന്ന് വചസ്പതി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ വാദിച്ചു. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്ക് സ്വാതന്ത്ര്യ സമരചരിത്രം അറിയാത്തതുകൊണ്ടാണ് ഇത്തരം പ്രതികരണങ്ങളെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം എം പ്രകാശന്‍ മാസ്റ്റര്‍ മറുപടി നല്‍കി.

സന്ദീപ് വചസ്പതി:

“എങ്ങനെയാണ് ഇത് പ്രകോപനമാകുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്. സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരമര്‍പ്പിക്കാനാണ് ഞാന്‍ എത്തിയത്. അവരോടുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇരട്ടത്താപ്പും വഞ്ചനയും തുറന്നുകാണിക്കുകയാണ് ചെയ്തത്. എത്ര പേര്‍ പുന്നപ്രയിലും വയലാറിലും കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് ഇവരുടെ കൈയ്യിലുണ്ടോ. ഉണ്ടെങ്കില്‍ ഇവര്‍ പുറത്തുവിടട്ടെ. 75 വര്‍ഷമാകാന്‍ പോകുന്നു. പുന്നപ്രയിലും വയലാറിലും സ്വന്തം പാര്‍ട്ടിക്ക് വേണ്ടി, പാര്‍ട്ടിയുടെ ആഹ്വാനം അനുസരിച്ചെത്തിയ പാവങ്ങള്‍, എത്ര പേരുണ്ടെന്ന് പോലും അറിയാത്ത പാര്‍ട്ടിയാണോ ഇതേ പറ്റി പറയുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇവരെത്രയോ കള്ളങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇത് വഞ്ചനയുടെ പ്രതീകം തന്നെയാണ്.”

എം പ്രകാശന്‍ മാസ്റ്റര്‍:

“സന്ദീപ് ഉള്‍പ്പെടെയുള്ള ആര്‍എസ്എസിന്റേയും ബിജെപിയുടേയും നേതാക്കന്‍മാര്‍ക്ക് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രമെന്താണെന്ന് അറിയില്ല. എത്രയോ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന നമ്മുടെ ദേശീയ സ്വാതന്ത്ര സമരത്തില്‍ ഒരു നിമിഷം പോലും പങ്കുവഹിച്ചിട്ടുള്ള ആരെങ്കിലും ഒരാള്‍ ബിജെപിയിലോ ആര്‍എസ്എസിലോ ഇല്ല. അക്കാലത്ത് ജയിലില്‍ പോയി മാപ്പെഴുതി കൊടുത്ത് പുറത്തുവന്നവരുടെ പാര്‍ട്ടിയാണ് ആര്‍എസ്എസ്. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച ചരിത്രം മാത്രമേ അവര്‍ക്കുള്ളൂ. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് അവരുടെ വേട്ടപ്പട്ടിയുടെ പണിയെടുത്തിരുന്ന ആളുകളാണ് ആര്‍എസ്എസ് എന്നത് ചരിത്രത്തിന്റെ ഭാഗമാണ്.

ഞങ്ങള്‍ക്ക് സ്വതന്ത്ര്യ പ്രസ്ഥാനമെന്ന് പറയുന്നത് അതല്ല. ജന്മിത്വത്തിനും നാടുവാഴിത്തത്തിനും അതിനെ സംരക്ഷിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരായിട്ട് ഇഞ്ചിന് ഇഞ്ചിന് പോരാട്ടം നടത്തി ആയിരങ്ങളെ, പുന്നപ്ര വയലാറില്‍ മാത്രമല്ല, രാജ്യത്തിന്റെ നാനാമേഖലകളില്‍ ആയിരങ്ങളെ ബലി കൊടുത്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പുന്നപ്ര-വയലാര്‍ സമരമെന്നത് ഒരു ദിവസം രാവിലെ നടന്ന വെടിവെപ്പില്‍ കുറച്ചുപേര്‍ മരിച്ചുപോകുന്ന സമരമല്ല. എത്രയോ മാസക്കാലം നിരന്തരമായിട്ട് മനുഷ്യരുടെ പച്ചമാംസവും ബ്രിട്ടീഷുകാരുടെ തോക്കും തമ്മില്‍ ഏറ്റുമുട്ടി, ആ തോക്കിന് മുന്നില്‍ നെഞ്ചുറച്ച് നിന്ന്, മരണമെങ്കില്‍ മരണമെന്ന് കണ്ട് നടത്തിയിട്ടുള്ളതാണ് പുന്നപ്ര വയലാര്‍ സമരം. ആളുകളുടെ എണ്ണില്ലാത്തത് ഞങ്ങളുടെ ആളുകളുടെ എണ്ണമില്ലാത്തതുകൊണ്ടല്ല. ആയിരക്കണക്കിന് ആളുകളെ കൊന്ന് തള്ളി അവരുടെ ശവം ആകെ തന്നെ വലിയ ചുടുകാടില്‍ കൊണ്ടു ചെന്നിട്ട് പെട്രോളിച്ച് തീ കൊളുത്തി. അതിന്റെ ഫലമായിട്ടാണ് കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തിന്റെ കൃത്യമായ കണക്കില്ലാത്തത്. വലിയ പോരാട്ടത്തില്‍ ഒരു യുദ്ധത്തില്‍ മരിച്ചവരുടെ കണക്ക് ആര്‍ക്കാണ് കണക്കാക്കാന്‍ കഴിയുക. ഈ ലോകത്തിന്റെ ചരിത്രത്തില്‍ ജന്മിത്വത്തോടും സാമ്രാജ്യത്വത്തോടും ഈ രാജ്യത്തെ തൊഴിലാളികള്‍ ഒരുപാട് കാലം നടത്തിയിട്ടുള്ള സംഘടനാ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായ സമരങ്ങള്‍ക്കൊടുവില്‍ ഉണ്ടായിട്ടുള്ള സായുധ സമരത്തിന്റെ ഭാഗമായുണ്ടായതാണ് പുന്നപ്ര വയലാര്‍ സമരം. അതിന്റെ അര്‍ത്ഥം ഈ ബിജെപിക്കാര്‍ക്ക് മനസിലാകില്ല. സ്വാതന്ത്ര്യ പ്രസ്ഥാനം തന്നെ എന്താണെന്ന് അറിയാത്ത ആളുകളാണ് അവര്‍. ഞങ്ങള്‍ എത്രയോ കാലമായി പവിത്രഭൂമിയായി സൂക്ഷിക്കുന്ന ഒരു സ്ഥലത്ത്, സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്ത, ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീയമായി വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന, ബ്രിട്ടീഷുകാര്‍ക്ക് വിടുപണി ചെയ്ത ആളുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ ഭൂമിയിലേക്ക് അതിക്രമിച്ച് കടക്കുന്നത് കലാപമുണ്ടാക്കാനാണ്.”

Next Story