കൊവിഡിനെ മെരുക്കാന്‍ ഇനിയെന്ത് വേണം?

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ പുതിയ കേസുകൾ 1,31,968 ആണ്. രാജ്യത്ത് തുടർച്ചയായി ഇത് നാലാം ദിവസമാണ് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം ഒരു ലക്ഷത്തിന് മുകളിൽ കടക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ 1കോടി 30ലക്ഷത്തിന് മുകളിലായി, കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർ 8 കോടിക്ക് മുകളിലും‌. വാക്സിൻ വിതരണം ഘട്ടം ഘട്ടമായി പുരോഗമിക്കുന്നുണ്ടെങ്കിലും രോഗവര്‍ദ്ധനവിന്റെ ഈ കണക്കുകൾ ആശങ്ക ഉയർത്തുന്നുണ്ട്. . അമേരിക്കക്കും ബ്രസീലിനും പിന്നിലായി ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ന് ഇന്ത്യ.

2020 സെപ്റ്റംബറിലാണ് പ്രതിദിനമുള്ള പുതിയ രോഗികളുടെ എണ്ണം ആദ്യമായി 24,610 എന്ന ഉയർന്ന നിലയിലേക്കെത്തിയത്. അന്നത്തെ ഏറ്റവും വലിയ കുതിപ്പായിരുന്നു അത്. ഈ വർഷം മാർച്ച് 28ന് രേഖപ്പെടുത്തിയ 35,636 പുതിയ കേസുകളായിരുന്നു രണ്ടാമത്തേത്. പുതിയ രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന ഈ സാഹചര്യത്തിൽ ഇനിയുള്ള നാല് ആഴ്ചകളും വളരെ നിർണ്ണായകമായിരിക്കും എന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഇത്രയും വേഗത്തിലാണ് രോഗികളുടെ എണ്ണം കൂടുന്നതെങ്കിൽ ഇപ്പോൾ തന്നെ അമിത സമ്മർദ്ദത്തിലായിരിക്കുന്ന ആരോഗ്യരംഗം ഈ അവസ്ഥയെ എങ്ങനെ നേരിടുമെന്നതും അത് നമ്മളെ എങ്ങനെ ബാധിക്കുമെന്നതും ഇതോടൊപ്പം തന്നെ ചിന്തിക്കേണ്ട വലിയൊരു ഭീഷണിയാണ്‌.

മറ്റൊന്ന്, രോഗവുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഇപ്പോഴും വ്യക്തത കിട്ടാത്ത പല കാര്യങ്ങളുമുണ്ടെന്നതാണ്. വാക്സിൻ എടുത്ത ആളുകൾക്ക് വീണ്ടും കൊവിഡ് വരുമോ ഇല്ലയോ എന്നതാണ് അതിൽ ഒന്നാമത്തെത്. ഇതെപ്പറ്റി വിദഗ്ദർ പറയുന്നത്, വാക്സിനേറ്റ് ചെയ്യപ്പെട്ടവരിൽ രോഗാണു പ്രവേശിച്ചാലും രോഗം പ്രകടമാകുകയോ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കണമെന്നോ ഇല്ല എന്നാണ്. കൂടാതെ വാക്സിൻ എടുത്തവരിൽ നിന്നും മറ്റൊരാളിലേക്ക് വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്ന വൻ വർധനവാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന വേറൊരു ഘടകം.

എന്തുകൊണ്ടാകും രാജ്യത്ത് ഇത്ര വേഗത്തിൽ കൊവിഡ് കേസുകൾ ഉയരുന്നത്..? ഈ ഘട്ടത്തില്‍ കൃത്യമായ ഉത്തരം പറയാനാകില്ലെങ്കിലും, സാധ്യമായ അഞ്ച് വിശദീകരണങ്ങൾ ഇങ്ങനെ:-

മനുഷ്യന്റെ സ്വഭാവസവിശേഷതകളാണ് ഈ രോഗ വർദ്ധനവിന്റെ പ്രധാന കാരണമെന്നാണ് ‘ജോൺ ഹോപ്കിൻസ് മെഡിസിനിൽ’ നിന്നുള്ള ഗവേഷകർ പറയുന്നത്. അതായത് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ കർശനമായ ലോക്ക് ഡൗൺ ജനങ്ങളെ സ്വന്തം വീടുകളിൽ തന്നെ കഴിയാൻ നിർബന്ധിതരാക്കുകയും അത് കൊവിഡ് പടരുന്നതിനെ മന്ദഗതിയിലാക്കുകയും ചെയ്തിരുന്നു. അതുപോലെ രോഗ പ്രതിരോധത്തിനായി നിർബന്ധമാക്കിയ ഫെയ്‌സ് മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസർ കൊണ്ടുള്ള കൈ കഴുകൽ, സാമൂഹിക-അകലം പാലിക്കൽ എന്നിവ നടപ്പിൽ വരുത്തിയതും രോഗത്തെ നിയന്ത്രണത്തിലാക്കാൻ വളരെ സഹായിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ കേസുകൾ കുറയാൻ തുടങ്ങിയപ്പോൾ, ഭരണകൂടം ‘കൊവിഡ് നിയന്ത്രണങ്ങളിൽ’ അയവു വരുത്തി. സ്വാഭാവികമായും ആളുകളുടെ ഒത്തുചേരലുകൾ ഉണ്ടാകാനും അത് വലുതാകാനും തുടങ്ങി. ഇളവ് വരുത്തിയ നിയമങ്ങളും നടപ്പാക്കാത്ത പിഴകളും മനുഷ്യന്റെ സ്വാഭാവിക ചോദനകളെ വീണ്ടും പ്രചോദിപ്പിച്ചു. ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയിടങ്ങളിലെ മെട്രോ ട്രെയിനുകളിൽ പോലും യാത്രികർ മുഖംമൂടി ധരിക്കാതെ യാത്ര ചെയ്യുന്ന സാഹചര്യത്തിലേക്ക് വീണ്ടും എത്തി. കൊറോണ വൈറസിന് കൂടുതൽ പിടിമുറുക്കാൻ ഈ അന്തരീക്ഷം ഉപകാരപ്പെട്ടു.

മറ്റൊരു പ്രധാന കാരണമായി പറയപ്പെടുന്നത് സർക്കാരിന്റെ കൊവിഡ് പ്രതിരോധ സംവിധാനങ്ങളിൽ വന്ന ജാഗ്രതകുറവാണ്. കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണത്തിലേക്ക് വരുന്നു എന്നൊരു തോന്നൽ ജനിപ്പിച്ച ഫെബ്രുവരി ആദ്യ വാരം മുതൽ ഈ അലസത പ്രകടമായിരുന്നു. ഭരണാധികാരികൾ ‘കൊവിഡ് ‘ എന്നും ‘ജാഗ്രത’ എന്നും പ്രസംഗത്തിൽ മാത്രം പരാമർശിക്കുകയും എന്നാൽ ഒട്ടുമിക്ക പൊതുസ്ഥലങ്ങളും നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ തുറന്നുകൊടുക്കുകയും ആണുണ്ടായത്. കൂടാതെ പൊതു-സ്വകാര്യ ആഘോഷങ്ങളേതും പഴയതു പോലെ സ്വതന്ത്രമായി നടത്താനാകുമെന്ന ഒരു ധാരണയും ഭരണകൂടം ജനങ്ങൾക്ക് നൽകി.

തെറ്റിദ്ധാരണാജനകമായ ഈ സമീപനത്തോടൊപ്പം അഞ്ചോളം സംസ്ഥാനങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പും കൊവിഡ് വ്യാപനത്തിന് അനുകൂല അന്തരീക്ഷം ഒരുക്കി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടക്കുന്ന സ്ഥാനാർഥി പര്യടനങ്ങളും, പ്രചരണങ്ങളും, അണികളുടെ കൂട്ടം കൂടലും, റാലികളും എല്ലാം ചേർന്ന് കൊവിഡിന് പടരാനുള്ള പരിതഃസ്ഥിതിയാണ് വീണ്ടും ഒരുക്കി കൊടുക്കുന്നത് എന്നത് തള്ളിക്കളയാവുന്നതല്ല. പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ രൂപപ്പെട്ട നീണ്ട നിരകളിലും കൊവിഡ് പ്രോട്ടോക്കോളിന്റെ നഗ്‌നമായ ലംഘനം തന്നെയാണ് നടക്കുന്നത്. ആശയക്കുഴപ്പമുണ്ടാക്കി കൊണ്ടുള്ള ഇത്തരം നടപടികളെല്ലാം ഇനിയും നിയന്ത്രണത്തിൽ ആകാത്ത പകർച്ചവ്യാധിക്കെതിരെ പുലർത്തേണ്ട ജാഗ്രതയെ ദുർബലമാക്കുകയായിരുന്നു.

മറ്റൊന്ന് ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ള 1.28 കോടിയിലധികം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് നഗരങ്ങളിലാണ് എന്നതാണ്. നഗരപ്രദേശങ്ങളിലെ കൂടിയ ജനസാന്ദ്രതയും, ചലനാത്മകതയും രോഗം പകരാനുള്ള കൂടുതൽ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും സുരക്ഷാ സംവിധാനങ്ങളിൽ പാളിച്ചകൾ വരുമ്പോൾ. നഗരങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകളിലെങ്കിലും ചുരുങ്ങിയ തോതിലുള്ള നിയന്ത്രണങ്ങൾ പോലും ഏർപ്പെടുത്താതിരുന്നത് രോഗ വ്യാപനം കൂടാനിടയാക്കിയിട്ടുണ്ട്.

ഈ ഘടകങ്ങൾക്ക് പുറമെ കൊറോണ വൈറസിലുണ്ടായ ജനിതക വ്യതിയാനവും രോഗനിരക്ക് വർദ്ധിക്കാനുണ്ടായ പ്രധാന സാഹചര്യങ്ങളിലൊന്നാണ്. നിരവധി സംസ്ഥാനങ്ങളിൽ നിന്നും ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വൈറസുകൾക്ക് രോഗതീവ്രത കൂട്ടാനുള്ള ശേഷി ഉണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ രോഗനിരക്കുയരാൻ പുതിയ വൈറസും ഒരു കാരണമാകുന്നുണ്ട്.

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് എത്താനുള്ള മറ്റൊരു കാരണം തീർച്ചയായും ഇവിടെ നടക്കുന്ന വർദ്ധിച്ച പരിശോധനകളാണ്. രോഗം ആദ്യം ഭീകരമുഖം പ്രകടിപ്പിക്കുമ്പോൾ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ അജ്ഞത മൂലം ആളുകൾക്ക് വിമുഖതയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച എത്രയോ ആളുകൾ പരിശോധനക്ക് വിധേയരായിട്ടേ ഇല്ല എന്നതാണ് സത്യം.

എന്നാൽ ഇന്ന് രോഗാവബോധം കൂടി, ടെസ്റ്റിംഗ് എളുപ്പത്തിൽ നടത്താനാകുന്നു, കൃത്യതയാർന്ന പരിശോധനാ രീതികളുണ്ട്, രോഗത്തെ കൈകാര്യം ചെയുന്ന രീതിയും മികച്ചതായി. ഇതെല്ലാം ജനങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. അതുകൊണ്ട് ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ വരെ ഇന്ന് പരിശോധനക്ക് വിധേയരാകുന്നുണ്ട്. പരിശോധനകളുടെ എണ്ണം കൂടുന്നത് രോഗം തിരിച്ചറിയാനുള്ള ചെറിയൊരു സാധ്യതയെ പോലും ഉറപ്പിക്കുകയാണെങ്കിലും, രോഗികളുടെ ഉയരുന്ന എണ്ണത്തേയും സ്വാഭാവികമായും അത് പ്രതിഫലിപ്പിക്കും. അപ്പോഴും ലബോറട്ടറി പരിശോധനകളെ അടിസ്ഥാനപ്പെടുത്തി നാം കണക്കാക്കുന്ന എണ്ണത്തേക്കാൾ കൂടുതലാണ് വെളിപ്പെടാത്ത രോഗനിരക്ക് എന്ന് സർവേകൾ പറയുന്നുണ്ട്.

മേൽപറഞ്ഞതെല്ലാം ഉയരുന്ന രോഗനിരക്കിലേക്കെത്താനുള്ള കാരണങ്ങൾ മാത്രമാകുമ്പോഴും കാര്യങ്ങൾ ഇപ്പോഴും നമ്മുടെ നിയന്ത്രണത്തിൽ തന്നെയാണെന്നുള്ള ഓർമപ്പെടുത്താൽ കൂടി ആണിത്. അത് കൊണ്ട് ഇപ്പോൾ തുടരുന്ന സാഹചര്യത്തിന്റെ അടിയന്തരാവസ്ഥ മനസ്സിലാക്കി ‘പതിനെട്ട് വയസ്സ് ‘ പൂര്‍ത്തിയായ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള അനുമതി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൂടെ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനേഷനുള്ള അനുവാദം നല്‍കിയിരിക്കുന്നത് പോലെ ക്ലിനിക്കുകൾക്കും ഈ അനുവാദം നൽകണമെന്നും ഐഎംഎ ആവശ്യപ്പെടുന്നുണ്ട്. പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം, അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടാത്ത മേഖലകളെ കുറച്ച് ദിവസത്തേക്കെങ്കിലും ലോക്ക്ഡൗണ്‍ പരിധിയിലേക്ക് കൊണ്ടുപോകണം എന്നുള്ള നിർദേശങ്ങളും ഐഎംഎ മുന്നോട്ടു വെച്ചിട്ടുണ്ട്.

നിലവിലെ ഗുരുതരസാഹചര്യം കണക്കിലെടുത്ത്‌ രാജ്യതലസ്ഥാനമായ ദില്ലിയിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീർ ഭരണകൂടം ബോക്സിങ്, കബഡി, ഖോ-ഖോ,ഗുസ്തി തുടങ്ങിയ നേരിട്ട് ശാരീരിക സമ്പർക്കം വരുന്ന കായികഇനങ്ങൾ താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. മഹാരാഷ്ട്ര വാരാന്ത്യ ലോക്‌ഡൗണും, രാത്രി 8 മുതൽ 7 വരെയുള്ള രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചപ്പോൾ, രാജസ്ഥാനിലും രാത്രി 8 മുതൽ രാവിലെ 6 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 45 വയസ്സുള്ള എല്ലാ കേന്ദ്ര ജീവനക്കാരോടും നിർബന്ധമായും വാക്സിൻ സ്വീകരിക്കാനാണ് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയിലെ മുഖ്യ ഗവേഷകയായ ഡോ.സൗമ്യ സ്വാമിനാഥൻ ഈ ഗുരുതര സാഹചര്യത്തെ നിയന്ത്രണത്തിൽ കൊണ്ടുവന്നില്ലെങ്കിൽ രാജ്യം വീണ്ടുമൊരു ലോക് ഡൗണിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ആത്യന്തികമായി ഓരോ പൗരനും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പെരുമാറണമെന്നാണ്. ഭൂമുഖത്ത്‌ നിന്നും കൊവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞിട്ടില്ല എന്ന സത്യം വിസ്മരിക്കാതെ സുരക്ഷയും ജാഗ്രതയും കൈവിടാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളോട് സഹകരിച്ചു ഉത്തരവാദിത്തത്തോടെ മുന്നേറാനാണ്.

Covid 19 updates

Latest News