ആയുര്‍വേദ ശസ്ത്രക്രിയ: അലോപ്പതി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് എന്തുകൊണ്ട്?

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ സെൻട്രൽ കൌൺസിൽ ഫോർ ഇന്ത്യൻ മെഡിസിൻറെ ഉത്തരവിൽ പ്രതിഷേധിച്ചു ഇന്ന് അലോപ്പതി ഡോക്ടർമാർ ദേശവ്യാപകമായി പണിമുടക്കുകയാണ്. ‌ജനറൽ സർജറി ഉൾപ്പെടെ 58 തരം ശസ്ത്രക്രിയകൾ നിർവഹിക്കുന്നതിനാണ് സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. എന്നാൽ വളരെയധികം വൈദഗ്ദ്യവും സാങ്കേതികതയും ആവശ്യപ്പെടുന്ന ഈ സർജറികൾ നടത്താൻ ആയുർവേദ ഡോക്ടർമാർ സജ്ജരല്ല എന്നതാണ് അലോപ്പതി ഡോക്ടർമാരുടെ വാദം.

എന്താണ് യഥാർത്ഥത്തിൽ ഈ വിഷയത്തിലെ തർക്കം ? ഐഎംഎയുടെ വാദങ്ങളും ആശങ്കകകളും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രതികരണങ്ങളും അറിയാം:

1950ലാണ് ഇന്ത്യയിൽ ആധുനിക വൈദ്യശാസ്ത്രം പഠിപ്പിക്കാൻ തുടങ്ങിയത്. അന്ന് മുതൽ ഇന്നുവരെയുള്ള 70 ഓളം വർഷങ്ങളിലെ നിരന്തരമായ പരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും തെളിവുകളിലൂടെയും വളർന്നതാണ് നിലവിൽ കാണുന്ന വൈദ്യശാസ്ത്രം. എന്നാൽ ആയുർവേദ രംഗത്ത് ഇക്കാലയളവിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അഞ്ചുവർഷക്കാലം എംബിബിഎസ്‌ പഠിച്ചിട്ടാണ് ഏതൊരു മെഡിക്കൽ വിദ്യാർത്ഥിയും ശസ്ത്രക്രിയ അല്ലെങ്കിൽ കൂടുതൽ വൈദഗ്ദ്യം ആവശ്യമുള്ള അന്യശാഖകളിലേക്കു തിരിയുന്നത്. ആ പഠനത്തിനും ഏതാണ്ട് മൂന്നു മുതൽ ആറ് വരെ വർഷം വീണ്ടും ആവശ്യമാണ്. ഇക്കാലയളവിൽ ഇവർ ശസ്ത്രക്രിയകൾ കണ്ടു പഠിക്കുകയും, പിന്നീട് മുതിർന്ന ഡോക്ടറോട് ചേർന്നുനിന്ന് ചെയ്തു തുടങ്ങുകയും, അത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വന്നേക്കാവുന്ന മറ്റ് പ്രശ്നങ്ങൾ കൂടി മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും. തുടർന്ന് ആത്മവിശ്വാസം കൈവന്നു തുടങ്ങുമ്പോൾ മാത്രമാണ് അവർ സ്വന്തമായി ശസ്ത്രക്രിയ ചെയ്തു തുടങ്ങുന്നത്.

കൂടാതെ ശസ്ത്രക്രിയക്ക് മുൻപും പിൻപും ആന്റിബയോട്ടിക്കുകളും, അനസ്തേഷ്യയും നിർബന്ധമാണെന്നിരിക്കെ ആയുർവേദ ഭിഷഗ്വരന്മാർ എങ്ങനെയാണു ഇത്തരമൊരു സാഹചര്യത്തെ നേരിടുക എന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.

ആയുർവേദവും അലോപ്പതിയും തികച്ചും വ്യത്യസ്തമായ രണ്ട് ചികിത്സാരീതികൾ ആണെന്നിരിക്കെ രോഗിക്കുള്ള മറ്റ് ശാരീരിക അവശതകൾ കൂടി കണക്കിലെടുക്കാതെ അപകട സാദ്ധ്യതകളെ പൂർണ്ണമായും ഒഴിവാക്കാനാവില്ല എന്നും അലോപ്പതി ഡോക്ടർമാർ ഉന്നയിക്കുന്നു. ശസ്ത്രക്രിയകൾ നടത്താൻ ആധികാരികമായി അവലംബിക്കാവുന്ന ഏത് ഗ്രന്ഥമാണ് ആയുർവേദക്കാർ പിന്തുടരുക എന്നും അലോപ്പതി വിഭാഗം ചോദിക്കുന്നു. ഇതിലെല്ലാം ഉപരിയായി ശസ്ത്രക്രിയ രീതികളെയും അതിലെ സങ്കീർണതകളെയും ആയുർവേദക്കാരെ പരിചയപ്പെടുത്തേണ്ടത് അലോപ്പതി ഡോക്ടർമാരാണോ, എങ്കിലതൊരു സങ്കര വൈദ്യമാകില്ലേ എന്നൊരു സംശയവും അലോപ്പതി വിഭാഗം ഉയർത്തുന്നുണ്ട്‌.

എന്നാൽ അഞ്ചര വർഷത്തെ ബിഎഎംഎസ് പഠനവും മൂന്ന് വർഷത്തെ പിജിക്കും ശേഷമാണ് ആയുർവേദ ഡോക്ടർമാരും പുറത്തിറങ്ങുന്നതെന്നാണ് മറുവാദം. ഇത്തരം സ്പെഷ്യലൈസ്ഡ് ഡോക്ടർമാർക്കാണ് ശസ്ത്രക്രിയ നടത്താൻ കേന്ദ്രം അനുമതി നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് ഈ യോഗ്യതയുള്ള 400ൽ താഴെ ഡോക്ടർമാരേ നിലവിൽ ഉള്ളൂ എന്നും അവർ അറിയിക്കുന്നു.

Latest News