Top

ആരാകും ബ്ലാസ്റ്റേഴ്‌സ് നായകന്‍?; സാധ്യത വിദേശതാരങ്ങള്‍ക്ക്

സ്പാനിഷ് മധ്യനിരതാരം വിസെന്റെ ഗോമസ്, സിംബാവെ പ്രതിരോധതാരം കോസ്റ്റ നമോയ്‌നേസു, ഇംഗ്ലീഷ് മുന്നേറ്റതാരം ഗാരി ഹൂപ്പര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത

15 Nov 2020 10:25 PM GMT

ആരാകും ബ്ലാസ്റ്റേഴ്‌സ് നായകന്‍?; സാധ്യത വിദേശതാരങ്ങള്‍ക്ക്
X

ഐഎസ്എല്‍ ഏഴാം സീസണ്‍ പന്തുതട്ടാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സന്നാഹമത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ നായകനാരായിരിക്കുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിനെ നയിച്ച ഓഗ്‌ബെച്ചെയും സന്ദേശ്‌ ജിംഗനും ഇത്തവണ ടീമിനൊപ്പമില്ല. അതിനാല്‍ പുതിയ ക്യാപ്റ്റന്‍ ടീമിനൊപ്പം ഇക്കുറി ചേര്‍ന്ന ആരെങ്കിലുമായിരിക്കുമെന്നാണ് സൂചന. സീനിയറായിട്ടുള്ള ഇന്ത്യന്‍ താരങ്ങളൊന്നും ടീമിലില്ലാത്തതിനാല്‍ വിദേശതാരങ്ങളിലാരെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വൈസ് ക്യാപ്റ്റനായെത്തുന്നത് ഇന്ത്യന്‍ താരമായേക്കുമെന്നാണ് സൂചന. ജെസ്സലിനോ, നിഷു കുമാറിനോ ആണ് ഇതില്‍ കൂടുതല്‍ സാധ്യത.

സ്പാനിഷ് മധ്യനിരതാരം വിസെന്റെ ഗോമസ്, സിംബാവെ പ്രതിരോധതാരം കോസ്റ്റ നമോയ്‌നേസു, ഇംഗ്ലീഷ് മുന്നേറ്റതാരം ഗാരി ഹൂപ്പര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. സ്പാനിഷ് ക്ലബായ ലാസ് പാമസിന്റെ മധ്യനിരതാരമായിരുന്ന വിസെന്റെ ഗോമസിനാണ്‌ ഈ കൂട്ടത്തില്‍ മുന്‍തൂക്കം. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഗോമസ് ലാസ് പാമസിനെ നയിച്ചിട്ടുമുണ്ട്. ദീര്‍ഘകാലത്തെ ഈ പരിചയസമ്പത്താണ് ഗോമസിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രധാനഘടകം.

എല്ലാ സീസണിലും പ്രതിരോധനിരയ്ക്ക് പ്രാധാന്യം കൊടുത്ത ചരിത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ജിംഗന്റെ അഭാവത്തില്‍ ഒരു പ്രതിരോധ താരത്തിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുകയാണെങ്കില്‍ അത് കോസ്റ്റ നമോയ്‌നേസുവിനായിരിക്കും. ടീമിനെ നയിക്കാനുള്ള കോസ്റ്റയുടെ കഴിവ് മുന്‍പും പ്രശംസിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു തന്നെ അങ്ങനെയൊരു സാധ്യത ബ്ലാസ്റ്റേഴ്‌സ് പരീക്ഷിച്ചേക്കുമെന്നതാണ് കോസ്റ്റയുടെ പേര് ഉയര്‍ന്നുവരുന്നതിന് കാരണം. ചെക്ക് റിപ്പബ്ലിക്ക് ക്ലബ് സാപാര്‍ട്ട പ്രാഗയില്‍ ദീര്‍ഘനാള്‍ പ്രതിരോധനിരയുടെ ഭാഗമായിരുന്ന താരം ക്ലബിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ ക്യാപ്റ്റനുമായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറിനും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സാധ്യതയുണ്ട്. കഴിഞ്ഞ സീസണില്‍ ഓഗ്‌ബെച്ചെ നയിച്ച ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഹൂപ്പറെ ക്യാപ്റ്റനാക്കുകയാണെങ്കില്‍ മുന്നേറ്റനിരയ്ക്ക് കൂടുതല്‍ ശക്തിനല്‍കുന്നതിന് അത് അനുകൂലഘടകമാകുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇംഗ്ലീഷ് ഫുട്ബാളിലൂടെ വളര്‍ന്നുവന്ന ഹൂപ്പറിന് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലെ സെലിക് എഫ്‌സി മുതല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും പ്രീമിയര്‍ ലീഗില്‍ കളിച്ച നോര്‍വിച്ച് ടീമിന്റെ ഭാഗമായിരുന്നതുവരെ നീളുന്ന പരിചയസമ്പത്താണുള്ളത്. അതിനാല്‍ തന്നെ ടീമിനെ ഗോളുകളിലേക്ക് നയിക്കുന്നത് മുതല്‍ സഹലും രാഹുലുമടങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ യുവനിരയ്ക്ക് മികച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ വരെ ഈ മുന്നേറ്റതാരത്തിന് പങ്കുവഹിക്കാനാകും.

Next Story