Top

വാക്സിൻ കയറ്റുമതി: ഇന്ത്യയുടെ നിരന്തരമായ പിന്തുണയെ അഭിനന്ദിച്ചു ഡോ.ടെഡ്രോസ് അദാനോം; മഹാനായ പങ്കാളിയെന്ന് ബ്രസീലിയൻ പ്രസിഡന്റ്

‘ആഗോള കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ നിങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്ന പിന്തുണയ്ക്ക് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി; ഡോ.ടെഡ്രോസ് അദാനോം ട്വീറ്റ് ചെയ്തു.

23 Jan 2021 6:09 AM GMT

വാക്സിൻ കയറ്റുമതി: ഇന്ത്യയുടെ നിരന്തരമായ പിന്തുണയെ അഭിനന്ദിച്ചു ഡോ.ടെഡ്രോസ് അദാനോം; മഹാനായ പങ്കാളിയെന്ന് ബ്രസീലിയൻ പ്രസിഡന്റ്
X

ന്യൂഡൽഹി: കൊവിഡ് 19 നെതിരായ യുദ്ധത്തിൽ ഇന്ത്യയുടെ നിരന്തരമായ പിന്തുണയെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടന. ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘ആഗോള കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ നിങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്ന പിന്തുണയ്ക്ക് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. അറിവ് പങ്കിടുന്നതിലൂടെയും ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെയും മാത്രമേ നമുക്ക് ഈ വൈറസിനെ നശിപ്പിക്കാനും ജീവിതവും ഉപജീവനവും സംരക്ഷിക്കാനും കഴിയൂ,’ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ.ടെഡ്രോസ് അദാനോം ട്വീറ്റ് ചെയ്തു.

ഇന്ത്യ നൽകിയ പ്രതിരോധമരുന്നുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് ബ്രസീലിയൻ പ്രസിഡന്റ് ജെയർ എം ബോൾസോനാരോയും ട്വീറ്റ് ചെയ്തിരുന്നു.

“നമസ്‌കാർ, പ്രധാനമന്ത്രി എന്ന് തുടങ്ങുന്ന ട്വീറ്റിൽ കൊവിഡിനെതിരെയുള്ള ശ്രമങ്ങളിൽ പങ്കുചേരുന്നതിലൂടെ ആഗോള പ്രതിസന്ധി മറികടക്കാൻ മഹാനായ ഒരു പങ്കാളിയുണ്ടെന്നതിൽ അഭിമാനിക്കുന്നു എന്നും ഇന്ത്യയിൽ നിന്നും ബ്രസീലിലേക്ക് വാക്സിനുകൾ അയച്ചു ഞങ്ങളെ സഹായിച്ചതിന് നന്ദി. ധന്യവാദ്! എന്നും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ട്വീറ്റിന് മണിക്കൂറുകൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ തലവനും അഭിനന്ദനം അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീൽഡ് എന്ന വാക്സിനാണ് ഇന്ത്യ ബ്രസീലിലേക്ക് അയച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇത് നിർമ്മിക്കുന്നത്. രണ്ട് ദശലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനുകളാണ് ഇന്ത്യ ബ്രസീലിലേക്ക് അയച്ചത്.

രാജ്യം വികസിപ്പിച്ച പ്രതിരോധ വാക്സിനുകൾ തെക്കേ ഏഷ്യൻ രാജ്യങ്ങളുമായും, മൊറോക്കോ, ബ്രസീൽ മുതലായ രാജ്യങ്ങളുമായും നിലവിൽ പങ്കുവെക്കുന്നുണ്ട്. അധികം വൈകാതെ സൗത്ത് ആഫ്രിക്കയിലേക്കും ഇന്ത്യ മരുന്ന് എത്തിക്കും.

ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപുകൾ തുടങ്ങിയ അയൽ രാജ്യങ്ങൾക്ക് 3.2 ദശലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനുകൾ ഇന്ത്യ അയച്ചിട്ടുണ്ട്. മൗറീഷ്യസ്, മ്യാന്മർ, സീഷെൽസ്, ശ്രീലങ്ക അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇനി വാക്സിനുകൾ കയറ്റിഅയക്കേണ്ടത്.

‘ലോകത്തിന്റെ ഫാർമസിയായ ഇന്ത്യയെ വിശ്വസിക്കൂ. ഇന്ത്യൻ നിർമ്മിത മരുന്നുകൾ ബ്രസീലിൽ’ എന്ന അടികുറിപ്പോടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിമാനത്തിൽ നിന്നും വാക്സിനുകൾ ഇറക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

ഒരാഴ്ച മുൻപാണ് രാജ്യം വാക്സിനേഷൻ പ്രക്രിയയിലേക്ക് കടന്നത്. ഏതാണ്ട് 14 ലക്ഷത്തോളം ജനങ്ങളിലേക്ക് മരുന്ന് എത്തിച്ചു കഴിഞ്ഞു എന്നാണ് സർക്കാരിന്റെ വാദം. ഏതായാലും കൊവിഡിനെതിരായ യുദ്ധത്തിൽ ലോകമെമ്പാടുമുള്ള മനുഷ്യരുടെ നന്മക്കായി രാജ്യത്തിൻറെ മരുന്ന് നിർമ്മാണ-വിതരണ സമ്പത്തു പങ്കുവെക്കുമെന്ന് പ്രധാനമന്ത്രിയും സൂചിപ്പിച്ചിരുന്നു.

Next Story