ഒടുവില്‍ ജാക്ക് മാ പ്രത്യക്ഷനായി; വീഡിയോ സന്ദേശത്തില്‍ പറഞ്ഞത് ഇങ്ങനെ

ചൈനീസ് കോടീശ്വരനും ആലിബാബ സ്ഥാപകനുമായ ജാക്ക് മാ അപ്രത്യക്ഷമായിട്ട് മാസങ്ങളായി. ചൈനീസ് സര്‍ക്കാരുമായി ഇടഞ്ഞ ജാക്ക് മായെ കാണാനില്ലെന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാലിതാ ഒരു വീഡിയോ സന്ദേശത്തിലൂടെ രംഗപ്രവേശനം അറിയിച്ചിരിക്കുകയാണ് ജാക്ക് മാ.

‘ഈ പകര്‍ച്ചവ്യാധി കഴിഞ്ഞാല്‍ നമ്മള്‍ വീണ്ടും കാണും’ എന്നാണ് ജാക്ക് മാ വീഡിയോയില്‍ പറയുന്നത്. ചൈനയിലെ ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുമായുള്ള വീഡിയോ മീറ്റിംഗിലാണ് ജാക്ക് മാ ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച്ചയായിരുന്നു വീഡിയോ സന്ദേശം. സര്‍ക്കാര്‍ പിന്തുണയുള്ള വാര്‍ത്ത വെബ്‌സൈറ്റായ ഷെയിജിയാംഗ് ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവംബര്‍ മുതലാണ് ജാക്ക മാ പൊതുമണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനാവുന്നത്. ചൈനയിലെ റെഗുലേറ്റര്‍മാര്‍ക്കെതിരെ സംസാരിക്കുകയും തുടര്‍ന്നുണ്ടായ വിവാദത്തിനും വിപണിനഷ്ടത്തിനും ശേഷമാണ് ജാക്ക് മാ പൊതുജന മധ്യത്തില്‍ നിന്നും മാറിനില്‍ക്കുന്നത്. ഒക്ടോബര്‍ നാലിന് നടത്തിയ പ്രസംഗത്തില്‍ റെഗുലേറ്റര്‍മാര്‍ക്ക് പഴഞ്ചന്‍ നയമാണെന്നും നൂതന രീതിയില്‍ ചിന്തിക്കണമെന്നും ജാക്ക് മാ പറഞ്ഞിരുന്നു.

ജാക്ക് മായുടെ ഓണ്‍ലൈന്‍ ഫിനാന്‍സ് പ്ലാറ്ഫോമായ ആലിപേയുടെ ഭാഗമായ ആന്റ് ഗ്രൂപ്പ് എന്ന ഫിനാന്‍സ് ശാഖയ്ക്ക് റെഗുലേറ്റര്‍മാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനുപിന്നാലെ ആലിബാബയുടെ ഓഹരി വില ഇടിഞ്ഞു. ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പട്ടം കൈയ്യില്‍ നിന്ന് പോവുന്നതിന് ഇത് കാരണമായെന്നാണ് കരുതുന്നത്.

ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ഷാന്‍ഘായും ഈ പ്രസംഗം നടക്കുമ്പോള്‍ കാണിയായുണ്ടായിരുന്നു. ബിസിനസ് സംരഭകര്‍ക്കും യുവജനതയ്ക്കും പണം കടം വാങ്ങുന്ന നടപടി ക്രമങ്ങള്‍ രാജ്യത്ത് എളുപ്പമായിരിക്കണമെന്നും ജാക്ക് മാ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ചൈനയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കാന്‍ ശ്രമം നടക്കുന്നതിനിടയില്‍ രാജ്യത്തെ ഏറ്റവും വലിയ സെലബ്രറ്റികളിലൊരാളായ ജാക്ക് മായില്‍ നിന്നും വന്ന പരാമര്‍ശം സര്‍ക്കാരിന് പിടിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രസംഗത്തിന് പിന്നാലെ നവംബര്‍ മൂന്നിന് ജാക്കമായുടെ ആന്റ് ഗ്രൂപ്പിന് മാര്‍ക്കറ്റ് പ്രവേശനം ചൈനീസ് റെഗുലേറ്റര്‍മാര്‍ തടയുകയായിരുന്നു. ആലിബാബ സിഇഒ റെഗുലേറ്റര്‍മാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ജാക്ക് മാ മൗനം പാലിക്കുകയായിരുന്നു.

ഇതിനു ശേഷം ജാക്ക് മായെ ലൈംലൈറ്റില്‍ ആരും കണ്ടിട്ടില്ല. ജാക്ക് മാ വിട്ടുനില്‍ക്കുന്നതോടെ ആഗോളതലത്തില്‍ പല ചര്‍ച്ചകളാണ് നടക്കുന്നത്. ജാക്ക് മായുടെ യുഗം കഴിഞ്ഞു ന്നെവാണ് ചൈനയിലെ ഒരു ബ്ലോഗര്‍ കുറിച്ചിരിക്കുന്നത്.ആലിബാബ, ആന്റ് ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികളാരും ഇതേപറ്റി ഒരു പ്രതികരണവും നടത്തിയിട്ടില്ല. 2019 ല്‍ ആലിബായുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ജാക്ക് മാ മാറിയിട്ടുണ്ട്. എന്നാല്‍ പാര്‍ടണര്‍ഷിപ്പില്‍ ഇപ്പോഴും ജാക്ക് മായ്ക്ക് വലിയ പങ്കുണ്ട്.