എന്താണ് അര്‍ണബ് പറഞ്ഞ കങ്കണയുടെ ഇറോട്ടോമാനിയ?

ബോളിവുഡ് താരം കങ്കണ റണാവത്തിന് ഇറോട്ടോമാനിയ എന്ന ‘മാനസികപ്രശ്ന’മുണ്ടെന്നാണ് റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസാമിയും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റില്‍ പറയുന്നത്. ‘കങ്കണയ്ക്ക് ഇറോട്ടോ മാനിയ ആണ്. അവര്‍ ഹൃതിക്കുമായി ലൈംഗികമായി അടിമപ്പെട്ടു.’ എന്നാണ് അര്‍ണബ് പാര്‍ത്തോദാസിനോട് ചാറ്റില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് എന്താണ് ഇറോട്ടോമാനിയ എന്ന് സോഷ്യല്‍മീഡിയയിലെ ഒരുവിഭാഗം അന്വേഷിച്ച് തുടങ്ങിയത്.
ഇറോട്ടോമാനിയയെക്കുറിച്ച് psychiatryhospital എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത് ഇങ്ങനെ:
‘ഇറോട്ടോമാനിയ’ (Erotomania) എന്ന രോഗത്തിന്റെ മുഖമുദ്രയാണ്, താനുമായൊരു ബന്ധവുമില്ലാത്ത, സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള ഒരാള്‍ക്ക് തന്നോടു പ്രേമമാണെന്ന ഡെല്യൂഷന്. ഇതു ബാധിച്ചവര്‍ സാങ്കല്പിക കമിതാവിനെ ഫോണ്‍ വിളിക്കുകയും സദാ പിന്തുടരുകയും നേരില്‍ക്കാണാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാം. ആ വ്യക്തി തന്നെ നിരീക്ഷിക്കുന്നുണ്ട്, പിന്തുടരുന്നുണ്ട്, സംരക്ഷിക്കുന്നുണ്ട് എന്നൊക്കെയവര്‍ വിശ്വസിക്കാം. ആളുടെ പ്രണയത്തിന്റെ തെളിവുകളായി മറ്റാര്‍ക്കും ബോദ്ധ്യമാകാത്ത കുറേക്കാര്യങ്ങള്‍ നിരത്താം. അങ്ങിനെയൊന്നുമില്ലെന്ന ആ വ്യക്തിയുടെതന്നെ തുറന്നുപറച്ചിലുകളെപ്പോലും പ്രണയത്തിന്റെ സൂചനകളെന്നു ദുര്‍വ്യാഖ്യാനിക്കാം. ചിലര്‍ ചൂണ്ടിക്കാട്ടുന്നതാകട്ടെ, മരിച്ചുപോയവരെയോ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത, തികച്ചും സാങ്കല്പികമായ കഥാപാത്രങ്ങളെയോ പോലുമാകാം.
ഇതു കൂടുതലും ബാധിക്കാറ് സ്ത്രീകളെയാണ്. പലപ്പോഴും പൊടുന്നനെയാണ് ഈ രോഗം തലപൊക്കാറ്. ചിലരിലിതു ദശാബ്ദങ്ങളോളം നിലനില്ക്കാം. ഇതു പിടിപെടുന്ന പുരുഷന്മാര് ”കാമുകി”മാരോട് അക്രമാസക്തത കാണിക്കാം. സ്കിസോഫ്രീനിയയോ ഡെമന്ഷ്യയോ അമിതമദ്യപാനമോ ഉള്ളവരില്‍ ഇതു കാണപ്പെടാറുണ്ട്. ഏകാന്തത, സ്വയംമതിപ്പില്ലായ്ക, ജീവിത നൈരാശ്യം, ലൈംഗികചിന്ത, അക്രമാസക്തത എന്നിവയോടുള്ളൊരു പ്രതിരോധമെന്ന നിലക്ക് ചിലര്‍ ഈ ഡെല്യൂഷനിലേക്കു നീങ്ങാമെന്നാണ് ചില മനശ്ശാസ്ത്രജ്ഞരുടെ മതം. തന്നെ മുന്തിയ ഒരാള്‍ പ്രണയിക്കുന്നുണ്ടെന്ന തോന്നല്‍ നല്കുന്ന ആശ്വാസം പലരിലുമിത് വിട്ടുമാറാതെ നിലനില്ക്കാന് ഇടയാക്കാം.