Top

ലോണുണ്ടോ? എങ്കില്‍ സിബില്‍ അറിയണം, സ്‌കോര്‍ കൂട്ടണം

കുറഞ്ഞ സമയം കൊണ്ട് സിബിൽ മെച്ചപ്പെടുത്തണമെങ്കിൽ എല്ലാ കുടിശികകളും എത്രയും വേഗം അടച്ചു തീർക്കുക. ക്രെഡിറ്റ് കാർഡ് പേയ്മെന്റ് സമയത്തു തന്നെ നടത്തുക.

10 Feb 2021 11:26 PM GMT
നിഷ അജിത്

ലോണുണ്ടോ? എങ്കില്‍ സിബില്‍ അറിയണം, സ്‌കോര്‍ കൂട്ടണം
X

വായ്‌പ തേടി ധനകാര്യസ്ഥാപനത്തെ സമീപിച്ചിട്ടുള്ള ആരും ഒരുതവണയെങ്കിലും കേട്ടിട്ടുണ്ടാകും സിബില്‍ എന്ന ഈ പദം. എന്താണ് ഈ സിബിൽ സ്കോർ ? ഒറ്റ വാചകത്തിൽ പറഞ്ഞാൽ 300 മുതൽ 900 വരെ വരുന്ന ഒരു പോയന്റ് നിലയെ സൂചിപ്പിക്കുന്ന സൂചികയാണ് സിബിൽ സ്‌കോർ എന്നറിയപ്പെടുന്നത്. നമ്മുടെ വായ്പാചരിത്രം കൈവശമുള്ള ഒരു ഏജൻസി ആണ് സിബിൽ എന്നും പറയാം. സിബിൽ എന്താണെന്നും സിബിൽ നമ്മളെ എങ്ങനെയെല്ലാം ബാധിക്കുമെന്നും ആരാണ് സിബിലിന് പിന്നിൽ എന്നുമൊക്കെ അല്പം വിശദമാക്കാം.

സിബിൽ സ്കോർ എന്താണ് ? എന്തിനാണ്..?

ഒരു വ്യക്തി ലോണിന് അപ്ലൈ ചെയ്യുന്ന സാഹചര്യത്തിൽ ആ വ്യക്തിയുടെ സാമ്പത്തിക അച്ചടക്കം മനസ്സിലാക്കാൻ, വിശ്വാസ്യത ഉറപ്പിക്കാൻ ഒക്കെയായി സാമ്പത്തിക സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ഒരു മൂന്നക്ക സൂചിക ആണ് സിബിൽ. ലളിതമായി പറഞ്ഞാൽ അപേക്ഷകന്റെ വായ്പാ പ്രക്രിയയിൽ സിബിൽ സ്കോർ നിർണ്ണായക പങ്ക് വഹിക്കുന്നു. ലോണിന് വേണ്ടി ഒരു അപേക്ഷകൻ അപേക്ഷാ ഫോം പൂരിപ്പിച്ച് കൈമാറിയാൽ കടം കൊടുക്കുന്നയാൾ ആദ്യം ചെയ്യുന്നത് അപേക്ഷകന്റെ സിബിൽ സ്‌കോർ പരിശോധിക്കുക എന്നതാണ്.

സിബിൽ‌ സ്‌കോർ‌ കുറവാണെങ്കിൽ‌, ആപ്ലിക്കേഷനെ പരിഗണിക്കാതിരിക്കുകയും ഒരുപക്ഷേ നിരസിക്കുകയും ചെയ്‌തേക്കാം. എന്നാൽ സിബിൽ സ്കോർ ഉയർന്നതാണെങ്കിൽ, അപേക്ഷ കൂടുതലായി പരിഗണിക്കപ്പെടുകയും അപേക്ഷകൻ കടം നൽകാൻ യോഗ്യനാണോ എന്ന് നിർണ്ണയിക്കാൻ മറ്റ് വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ വായ്പ എടുക്കുന്ന ആളിനെക്കുറിച്ചുള്ള ആദ്യ മതിപ്പായി സിബിൽ സ്കോർ പ്രവർത്തിക്കുന്നു.

ഒരു വ്യക്തിക്ക് ലോൺ അനുവദിക്കുന്നതിന് മുൻപായി ഏതൊരു സാമ്പത്തിക സ്ഥാപനവും അയാളുടെ കഴിഞ്ഞ കാല സാമ്പത്തിക ക്രയവിക്രയങ്ങളിലൂടെ കടന്നുപോകും. ആ വ്യക്തി അതുവരെ എടുത്ത ലോണുകളെല്ലാം കൃത്യമായി അടച്ചിട്ടുണ്ടോ എന്നും സാമ്പത്തികമായ അച്ചടക്കം എങ്ങനെയെന്നും പരിശോധിക്കും. എന്നിട്ട് ആ ഡാറ്റയെ ക്രൊഡീകരിച്ചു അതിനെ ഒരു നമ്പറിലേക്ക് ഒതുക്കും. അതാണ് സിബിൽ സ്കോർ. ചുരുക്കി പറഞ്ഞാൽ ഈ സിബിൽ സ്കോർ കണ്ടാൽ ഒരു ഉപഭോക്താവിന്റെ വായ്പാ ചരിത്രത്തിന്റെ സംഗ്രഹവും ജാതകവുമൊക്കെ അറിയാനാകും.

ഒരാളുടെ വായ്പ അക്കൗണ്ടുകളുടെ എണ്ണം, ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ, തിരിച്ചടവ് കുടിശ്ശികയായ തുക, തിരിച്ചടവിന്റെ തീയതി കഴിഞ്ഞ ദിവസങ്ങളുടെ എണ്ണം എന്നിവയൊക്കെയാണ് സാമ്പത്തിക അച്ചടക്കം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വിശദാംശങ്ങളെയൊക്കെ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ സിബിൽ സ്കോർ തീരുമാനിക്കപ്പെടുന്നത്. അതായത് ഒരു വ്യക്തിയുടെ കടം വാങ്ങൽ, തിരിച്ചടവ് തുടങ്ങിയ സാമ്പത്തിക ശീലങ്ങളൊക്കെയും കൂടിയാണ് സാമ്പത്തിക സ്ഥാപനങ്ങൾ സിബിലുമായി പങ്കിടുന്നത്.

ഇനി നേരത്തെ സൂചിപ്പിച്ച പോലെ 300 മുതൽ 900 വരെ വരുന്ന ഈ സൂചികയിൽ 700ന് മുകളിലുള്ള സിബിൽ സ്കോർ ഉണ്ടെങ്കിൽ ഉപഭോക്താവിന് ക്രെഡിറ്റ് കാർഡിന് അല്ലെങ്കിൽ വായ്പാ അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതായത് വായ്പ എടുക്കേണ്ട സാഹചര്യത്തിൽ സിബിൽ സ്കോർ നന്നായിരിക്കണം.

സിബിൽ സ്കോറിനെ ബാധിക്കുന്നതെന്തെല്ലാം ?

സിബിൽ സ്കോർ കണക്കുകൂട്ടാൻ അടിസ്ഥാനമാക്കുന്ന പ്രധാന ഘടകങ്ങളിൽ ചിലത് മുൻപ് സൂചിപ്പിച്ച പോലെ ‘പാസ്ററ് പെർഫോമൻസ് ‘ അഥവാ പഴയ സാമ്പത്തിക ഇടപാടുകൾ ആണ്. കടമെത്ര.. തിരച്ചടവെത്ര..കുടിശികയെത്ര അങ്ങനെ അങ്ങനെ..!!

മറ്റൊന്ന് ‘ക്രെഡിറ്റ് മിക്സ് ‘ എന്നറിയപ്പെടുന്നു. അതായത് ഈടുവെച്ചു കൊണ്ടെടുക്കുന്ന ലോണും യാതൊരു വിധ ഈടുകളും നൽകാതെ എടുക്കുന്ന തരം ലോണുകളുടെയും എണ്ണം കൂടുതൽ ആണെങ്കിൽ സിബിൽ സ്കോറിനെ ബാധിക്കും. പ്രത്യേകിച്ചും അൺസെക്യൂർഡ് ലോണുകളുടെ എണ്ണമാണ് കൂടുതലെങ്കിൽ സിബിൽ സ്കോർ കുറയും. കുറഞ്ഞ സമയം കൊണ്ടുകൂടുതൽ ലോണുകൾ എടുത്തിട്ടുണ്ടെങ്കിലും സമാനമായ അവസ്ഥ തന്നെയാകും.

എടുത്തു പറയേണ്ട മറ്റൊന്ന് ലഭ്യമായ ‘ക്രെഡിറ്റ് ലിമിറ്റിൽ‘ നമ്മൾ എത്ര മാത്രം ഉപയോഗിക്കുന്നു എന്നതാണ്. താങ്കൾ ലോണുകളിൽ അഭിരമിക്കുന്ന വ്യക്തിയാണോ അല്ലയോ എന്നാണ് അത് ചൂണ്ടിക്കാണിക്കുന്നത്. തീർച്ചയായും സ്കോർ സ്വാധീനിക്കപ്പെടും. അതേപോലെ തന്നെ ക്രെഡിറ്റ് കാർഡുപയോഗിച്ചു പിൻവലിക്കാവുന്ന തുക എത്ര കുറഞ്ഞിരിക്കുന്നോ അതത്രയും നിങ്ങളുടെ വർദ്ധിച്ച തിരിച്ചടവിനെ ആണല്ലോ സൂചിപ്പിക്കുന്നത്. അതിനാൽ ഇതും നിങ്ങളുടെ സ്‌കോറിനെ പ്രതികൂലമായാണ് ബാധിക്കുക.

നിങ്ങൾ ലോണുകളെ കുറിച്ച് വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽ നടത്തുന്ന അന്വേഷണങ്ങൾ വരെയും സിബിലിന്റെ പരിധിയിൽ വരും അത് നിങ്ങളുടെ സ്കോറിനെ ബാധിക്കുകയും ചെയ്യും. എന്നാൽ ‘NA‘ അഥവാ ‘നോട്ട് അവൈലബിൾ’ എന്നോ ‘NH‘ അഥവാ ‘നോ ഹിസ്റ്ററി’ എന്നോ ആണ് സിബിൽ കാണിക്കുന്നതെങ്കിൽ അതൊരു വലിയ വിഷയമല്ല. കാരണം നിങ്ങൾക്ക് ഇന്നുവരെ ഒരു ക്രെഡിറ്റ് ഹിസ്റ്ററി ഇല്ല എന്നും, നിങ്ങൾ ക്രെഡിറ്റ് സിസ്റ്റത്തിൽ പുതിയതാണ് എന്നും നിങ്ങൾക്ക് എല്ലാ ക്രെഡിറ്റ് എക്സ്പോഷറും ഇല്ല എന്നുമൊക്കെ മാത്രമാണ് അതിന്റെ അർഥം.

ഇതൊക്കെ പറയാൻ സിബിൽ ആരാണ് ?

‘ട്രാൻസ് യൂണിയൻ സിബിൽ’ എന്ന കമ്പനിയാണ് സിബിൽ സ്കോർ തരുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന നാല് ക്രെഡിറ്റ് ബ്യൂറോകളിലൊന്നാണ് ട്രാൻസ് യൂണിയൻ സിബിൽ. അമേരിക്കൻ മൾട്ടിനാഷണൽ ഗ്രൂപ്പായ ട്രാൻസ് യൂണിയന്റെ ഭാഗമാണ് ട്രാൻസ് യൂണിയൻ സിബിൽ. 2000ൽ സ്ഥാപിതമായ ഇത് ഒരു പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ്. ഇന്ത്യക്കാരായ 600 ദശലക്ഷം വ്യക്തികളുടെയും 32 ദശലക്ഷം ബിസിനസ്സുകളുടെയും ക്രെഡിറ്റ് ഫയലുകൾ ഇവർ പരിപാലിക്കുന്നുണ്ട്.

ഈ കമ്പനിക്ക് രാജ്യത്തെ എല്ലാ ബാങ്കുകളുമായും ബന്ധമുണ്ടെന്നോ അല്ലെങ്കിൽ എല്ലാ ബാങ്കുകളും സിബിലിന് ഡാറ്റ നൽകുന്നുണ്ടെന്നോ പറയാം. അന്നുവരെ ഒരു വ്യക്തി എന്തെല്ലാം തരം സാമ്പത്തിക ക്രയ വിക്രയങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് സിബിൽ സ്കോറിലൂടെ അറിയാൻ സാധിക്കും. ഒരു വ്യക്തി തന്റെ ആവശ്യങ്ങൾക്കായി സാമ്പത്തിക സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ ഈയൊരൊറ്റ സ്റ്റേറ്റ്മെന്റ് മതി ആ വ്യക്തിയുടെ ആവശ്യത്തിന് നൽകേണ്ട മുൻഗണന തീരുമാനിക്കാൻ എന്ന് ചുരുക്കം.

സിബിൽ സ്കോർ എങ്ങനെ മെച്ചപ്പെടുത്താം !!

കുറഞ്ഞ സമയം കൊണ്ട് സിബിൽ മെച്ചപ്പെടുത്തണമെങ്കിൽ എല്ലാ കുടിശികകളും എത്രയും വേഗം അടച്ചു തീർക്കുക. ക്രെഡിറ്റ് കാർഡ് പേയ്മെന്റ് സമയത്തു തന്നെ നടത്തുക. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കൈവശം വെക്കാതിരിക്കുക. ലോൺ എൻക്വയറികൾ പോലും ആവശ്യത്തിന് മാത്രം നടത്തുക. ഇനി ഇതിനിടയിൽ ലോൺ എടുക്കേണ്ട അത്യാവശ്യഘട്ടം വന്നാൽ വിശ്വസ്തനായ മറ്റൊരാളുടെ പേരിൽ എടുക്കാൻ ശ്രമിക്കുക.

ക്രെഡിറ്റ് കാർഡിലൂടെ എടുക്കാവുന്ന തുക ഏറ്റവും മിനിമത്തിൽ നിർത്തുക എന്നത് സ്കോർ മെച്ചപ്പെടുത്താനുള്ള മറ്റൊരു പ്രധാന പോയന്റാണ്. ജോയിന്റ് അക്കൗണ്ടിൽ നിൽക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ ആ അക്കൗണ്ടിലെ ഇടപാടുകളും, നിങ്ങളുടെ വ്യക്തിപരമായ സിബിൽ സ്കോറിനെ ബാധിക്കും.

ചിലപ്പോഴൊക്കെ സിബിലിന്റെ ഭാഗത്തു നിന്നും കൃത്യമായ അപ്ഡേറ്റ് ഉണ്ടാകാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. കൃത്യമായ ഇടവേളകളിൽ സിബിൽ സ്കോർ കൃത്യമായി ചെക്ക് ചെയ്തു കൊണ്ടിരിന്നാൽ ആ പ്രശ്‌നവും പരിഹരിക്കാം. അതോടൊപ്പം ഒരു വ്യക്തിയുടെ വായ്‌പ്പാചരിത്രത്തിലെ ഒരു ഡാറ്റ പോലും ഇല്ലാതെയാക്കുവാനോ മാറ്റം വരുത്താനോ സിബിലിന് സാധിക്കുകയില്ല എന്നും മനസ്സിലാക്കേണ്ടതാണ്.

സിബിലിന്റെ ഇന്ത്യൻ ചരിത്രം

ഒന്നിലധികം ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയും തിരിച്ചടവിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന ഉപഭോക്താക്കളെ പ്രതിരോധിക്കുക എന്നതായിരുന്നു സിബിലിന്റെ ജന്മോദ്ദേശം. അതിനായി ഇന്ത്യൻ ബാങ്കുകളുടെ ഒരു സംഘടന രൂപീകരിക്കുകയും റിസർവ് ബാങ്ക് ചട്ടങ്ങളുടെ നിയന്ത്രണത്തിൽ സിബിൽ രൂപം കൊള്ളുകയും ചെയ്തു. ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ അങ്ങനെയാണ് സിബിൽ സമാഹരിച്ചത്. എന്നാൽ പിന്നീട് മറ്റ് ഓഹരിയുടമകളിൽ നിന്നും ഓഹരികൾ സ്വന്തമാക്കി സിബിലിനെ ട്രാൻസ് യൂണിയൻ ഏറ്റെടുത്ത്‌ ട്രാൻസ് യൂണിയൻ സിബിൽ ആക്കുകയായിരുന്നു.

അങ്ങനെ സംയോജനത്തിലൂടെയും ഏറ്റെടുക്കൽ നടപടികളിലൂടെയും പുതിയൊരു മുഖം സ്വന്തമാക്കുന്ന കമ്പനികൾക്ക് അവരുടെ കൈവശമുണ്ടായിരുന്ന മുഴുവൻ വിവരങ്ങളും പുതിയതിന്റെ ഭാഗമാക്കാനും നിയമപരമായി സ്വന്തമാക്കാനും സാധിക്കും. ട്രാൻസ് യൂണിയൻ സിബിൽ എന്ന അമേരിക്കൻ മൾട്ടിനാഷണൽ കമ്പനി ഇപ്പറഞ്ഞതിന് ഒരു കൃത്യമായ ഉദാഹരണമാണ് .

ഇനി സിബിലിന് നേരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചു പറഞ്ഞാൽ, ഒരു ഉപഭോക്താവിൽ നിന്നും അയാളുടെ തീർത്തും വ്യക്തിഗതമായ വിവരങ്ങൾ നേരിട്ടിടപെടാതെ തന്നെ സിബിലിന് ബാങ്കുകളിൽ‌ നിന്നും മറ്റും ലഭിക്കുന്നുണ്ടല്ലോ. അതുപയോഗിച്ചു വായ്പക്കായും മറ്റുമുള്ള അപേക്ഷകൾ സ്വാധീനിക്കപ്പെടുന്നുമുണ്ട്. എന്നാൽ സിബിൽ റേറ്റിംഗ് ഉയർന്നതിനോ താഴേക്ക് പോയതിൻറെയോ ഒന്നും കാരണങ്ങൾ അവർ ഒരു വ്യക്തിയെയും അറിയിക്കുന്നില്ല എന്നത് സിബിലിനെതിരെ നിൽക്കുന്ന ഒരു പരാതിയാണ്.

കൂടാതെ മുൻപ് സൂചിപ്പിച്ച പോലെ 600 ദശലക്ഷം ഇന്ത്യൻ പൗരന്മാരുടെ സെൻസിറ്റീവ് ഡാറ്റകളും 32 ദശലക്ഷം ബിസിനസ് ഡാറ്റകളും ഇന്ന് യുഎസ് കമ്പനിയുടെ നിയന്ത്രണത്തിലാണ് എന്നുള്ളത് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. പാൻ കാർഡ്, ആധാർ, ഫോൺ നമ്പർ പോലുള്ള വ്യക്തിപരമായ ധാരാളം വിവരങ്ങളും സിബിലിന് അക്കൂടെ കൈമാറപ്പെടുന്നുണ്ട്.

‘ഡാറ്റാ ലോണ്ടറിംഗ് ‘ എന്ന വിഭാഗത്തിലാണ് ഇത്തരം ഇടപാടുകളെ പെടുത്തിയിട്ടുള്ളത്. സാങ്കേതികമായി പറഞ്ഞാൽ മോഷ്ടിച്ച ഡാറ്റയെ വിൽക്കാനോ മറ്റുള്ളവർക്ക് ഉപയോഗിക്കാനോ ആയി നിയമാനുസൃതമാക്കുന്ന രീതിയെ ആണ് ഡാറ്റാ ലോണ്ടറിംഗ് എന്ന് പറയുന്നത്. നിലവിൽ ഇത്തരം വിഷയങ്ങളിൽ രാജ്യത്തെ പി‌ഡി‌പി‌എ അഥവാ ‘പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആകട് ‘ നേരിട്ട് ഇടപെടുന്നില്ല. ഇന്ത്യയുടെ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആകട് വ്യക്തിവിവരങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്നും വ്യക്തിവിവരങ്ങളിലേക്ക് സര്‍ക്കാര്‍ പൂര്‍ണമായും ഇടപെടുകയുമാണ് ചെയ്യുന്നതെന്നുമുള്ള പശ്ചാത്തലത്തിൽ ഇത് വെറുമൊരു വിമർശനമായി തള്ളിക്കളയേണ്ടതാണോ എന്നത് രംഗത്തെ വിദഗ്ധർക്ക് മുന്നിൽ ഇന്നും ഒരു ചോദ്യമാണ്.

Next Story