കൊവിഡ് വാക്സിന്: എന്താണ് ഡ്രൈ റൺ ?

‘കൊവിഡ് വാക്സിന്: ശനിയാഴ്ച്ച മുതല്‍ രാജ്യവ്യാപക ഡ്രൈ റണ്‍’. ഇത് ഇന്നത്തെ പ്രധാനപ്പെട്ട തലക്കെട്ടുകളിൽ ഒന്നാണ്. ഓക്സ്ഫോര്‍ഡ് വാക്സിനുള്ള അടിയന്തിര അനുമതി ഉടന്‍ ലഭിക്കുമെന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് രാജ്യവ്യാപകമായി വാക്സിന്റെ ഡ്രൈ റണ്‍ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. വാർത്തയും പശ്ചാത്തലവും വാർത്തയിൽ നിന്ന് വ്യക്തമാണെങ്കിലും ഡ്രൈ റൺ എന്താണെന്ന് സാധാരണക്കാർക്ക് ഒരുപക്ഷെ മനസ്സിലായി കാണാൻ വഴിയില്ല.
എന്താണീ ‘ഡ്രൈ റൺ ‘?
ഏതൊരു മേഖലയിലും പുതിയൊരു പരീക്ഷണത്തിന്റെ ഫലങ്ങൾ കാത്തിരിക്കുമ്പോൾ വിജയത്തിനാണോ പരാജയത്തിനാണോ കൂടുതൽ സാധ്യത എന്ന് പ്രവചിക്കാനാവില്ല !! അത്തരം സാഹചര്യങ്ങളിലാണ് ഡ്രൈ റൺ എന്ന പരീക്ഷണ പ്രക്രിയ നടത്തുന്നത്.
സാങ്കേതികമായി പറഞ്ഞാൽ പരീക്ഷണത്തിന് വിധേയമാകുന്ന പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഘടകങ്ങളെയും ചേർത്തുകൊണ്ടുള്ള ഒരു സിസ്റ്റത്തിന്റെ പൂർണ്ണ പരിശോധനയാണ് ഡ്രൈ റൺ. ഉപഭോക്താക്കളിലേക്കെത്തുന്നതിനു മുൻപായാണ് ഇത് നടത്തുന്നത്.
ഇനി ലളിതമായി പറഞ്ഞാൽ ടിവി ചാനലുകൾ പ്രക്ഷേപണം ആരംഭിക്കുമ്പോൾ, അവ നേരിട്ട് പൊതുജനങ്ങളിലേക്ക് സംപ്രേഷണം ചെയ്തു തുടങ്ങാറില്ല. അവർ ആദ്യം ട്രയൽ റൺ അഥവാ ടെസ്റ്റ് നടത്താറുണ്ട്. അതിന് ശേഷം മാത്രമാണ് ചാനലിന്റെ ശരിയായ ഉള്ളടക്കം കാഴ്ചക്കാരിലേക്ക് എത്തിക്കുന്നത്. ഡ്രൈ റണ്ണിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണിത് .
കൊവിഡ് വാക്സിന്റെ കാര്യത്തിൽ എങ്ങനെയാണു ഡ്രൈ റൺ ഇന്ത്യയിൽ പ്രസക്തമാകുന്നത് ?
ഇവിടെ കുത്തിവെയ്പ്പിന് മുന്നോടിയായി വാക്സിൻ സംഭരിക്കുന്നതിലും, ശരിയാം വണ്ണം സൂക്ഷിക്കുന്നതിലും, കൃത്യമായി ജനങ്ങളിലേക്ക് വിതരണം ചെയുന്നതിലുമൊക്കെ യാതൊരു വീഴ്ചയുമുണ്ടാകാതെ അധികൃതർ ശ്രെദ്ധിക്കേണ്ടതാണ്. കൂട്ടത്തിൽ കുത്തിവെയ്പ്പിനിടയിലും കൊവിഡ് മാനദണ്ഡങ്ങൾ തെറ്റാതെയിരിക്കാൻ ശ്രെദ്ധിക്കുകയും വേണം.
ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ ഇത് വലിയ വെല്ലുവിളിയായിരിക്കും. ആസൂത്രണത്തിലോ നടത്തിപ്പിലോ സംഭവിച്ചേക്കാവുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച്, വേണ്ട പരിഷ്കാരങ്ങൾ വരുത്താൻ ഡ്രൈ റൺ സഹായകമാകും. ഇതിലൂടെ വാക്സിനേഷൻ പ്രക്രിയ സമഗ്രവും കുറ്റമറ്റതും ആക്കാനാകും.
രാജ്യത്ത് ഇത് രണ്ടാം തവണയാണ് ഡ്രൈ റണ്‍ നടത്താന്‍ ഒരുങ്ങുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, അസം എന്നീ 4 സംസ്ഥാനങ്ങളിലെ 2 ജില്ലകളിൽ വീതമാണ് ഡമ്മി വാക്സിനേഷൻ നടത്തുക. ഈ ട്രയൽ നടത്തുന്നത് കേന്ദ്രസർക്കാറിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.