ഗള്‍ഫ് പ്രതിസന്ധിയും ജിസിസി ഉച്ചകോടിയും തമ്മിലെന്ത് ?

ജിസിസി ഉച്ചകോടിയുടെ നാല്പത്തിയൊന്നാമത് സമ്മേളനം സൗദിയിലെ പൗരാണിക നഗരമായ അൽ ഉലയിൽ ചൊവ്വാഴ്ച്ച നടന്നു. മൂന്നര വർഷത്തോളമായി ഖത്തറിന് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം നീക്കം ചെയ്തുകൊണ്ട് ഉച്ചകോടിയിൽ പ്രഖ്യാപനം ഉണ്ടായി. അമേരിക്കയുടെ മധ്യസ്ഥതയിലും കുവൈറ്റ് ഭരണാധികാരിയുടെ നേതൃത്വത്തിലും നടന്ന സമവായ ചർച്ചകൾക്കൊടുവിലാണ് ഉച്ചകോടിക്ക് മുന്നോടിയായി തന്നെ അതിർത്തികൾ തുറന്നു കൊടുത്തുകൊണ്ട് സൗദി, പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു പ്രതീക്ഷകൾ നൽകിയത്. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും ലോകത്തിനു തന്നെയും ഈ നടപടി നൽകിയ പ്രതീക്ഷകൾ ചെറുതല്ല.

ജിസിസി യഥാർത്ഥത്തിൽ എന്താണ്..എന്തിനാണ്..?

ഗൾഫ് കോ ഓപ്പറേറ്റീവ് കൌൺസിൽ ആണ് ജിസിസി എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്നത്. 1981ൽ സ്ഥാപിതമായ സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ബഹറിൻ, കുവൈറ്റ് എന്നീ ആറുരാജ്യങ്ങളുടെ ഒരു അസോസിയേഷൻ ആണ് ജിസിസി. സംഘടനയിലെ ആറുരാജ്യങ്ങളും എണ്ണ പര്യവേക്ഷണത്തിലൂടെ സാമ്പത്തിക ശക്തികളായി ഉയർന്നു വന്നവരാണ്. അംഗരാജ്യങ്ങൾക്കിടയിലെ സാമ്പത്തിക-രാഷ്ട്രീയ-നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുക, അതുവഴി പ്രാദേശിക സഹകരണം കൂടുതൽ ആകർഷകമാക്കുക എന്നതായിരുന്നു ജിസിസിയുടെ പ്രധാന ലക്‌ഷ്യം തന്നെ. എന്നാൽ 2017 ജൂണിൽ, ഈ സഹകരണത്തിൽ വിള്ളലുണ്ടാക്കി കൊണ്ട് ഖത്തറിന് മേൽ ഉപരോധം ചുമത്തപ്പെടുകയായിരുന്നു.

ഖത്തറിനെ പുറത്താക്കിയത് എന്തിന്..?

തീവ്രവാദ പ്രസ്ഥാനങ്ങൾക്ക്‌ പിന്തുണയും സാമ്പത്തിക സഹായവും നൽകി പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു ജിസിസിയിൽ നിന്ന് ഖത്തറിനെ പുറത്താക്കാനുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്. കൂടാതെ ഇറാനും,’ അൽ ജസീറ’ എന്ന മാധ്യമവുമായുള്ള ഖത്തറിന്റെ സൗഹൃദവും ‘മുസ്‌ലിം ബ്രദർഹുഡ് ‘ പോലുള്ള ചില ഇസ്‌ലാമിക ഗ്രൂപ്പുകളുമായുള്ള ബന്ധവും അഭിപ്രായ വിത്യാസങ്ങൾക്ക് വഴിയൊരുക്കി. പക്ഷെ ഖത്തർ ഇതിൽ പലതും നിഷേധിക്കുകയും തങ്ങളുടെ ആഭ്യന്തര വിഷയങ്ങളിലുള്ള കടന്നു കയറ്റുമായി ഈ ആരോപണങ്ങളെ പ്രതിരോധിക്കുകയും ആയിരുന്നു. കൂടാതെ തീവ്രവാദത്തിനെതിരായ പല യുദ്ധമുഖങ്ങളിലും സൈനിക ഇടപെടലിലും അമേരിക്കയെ സഹായിച്ചിട്ടുണ്ടെന്നും ഖത്തർ അവകാശപ്പെട്ടു.

ഇരുപതോളം രാജ്യങ്ങളാണ് ഖത്തറിനെതിരെ ഇത്തരമൊരു നിലപാടെടുത്തത്. ഈ ഉപരോധം അംഗരാജ്യങ്ങൾക്കിടയിലുള്ള നയതന്ത്ര ബന്ധത്തെ മാത്രമല്ല ബാധിച്ചത് . ഖത്തറുമായുള്ള വ്യാപാര വാണിജ്യ ഇടപാടുകൾ നിർത്തലാക്കിയും ഖത്തറിലേക്കുള്ള യാത്രകൾ നിരോധിച്ചും ഉപരോധം കനക്കുകയായിരുന്നു. ഇതിനിടയിലും കുവൈറ്റും ഒമാനും സമവായത്തിന്റെ പാതകൾ സ്വീകരിച്ചിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ഇടപെടലുകളോട് കൂടിയാണ് കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടാകാൻ തുടങ്ങിയത് എന്നത് എടുത്തു പറയേണ്ടതാണ് .

കുവൈത്ത് ഉപരോധങ്ങളെ മയപ്പെടുത്തുന്നു

ജനുവരി 4നാണ് ഈ ഉപരോധം പിൻവലിക്കാനുള്ള ശ്രമങ്ങളിൽ ഒരു വഴിത്തിരിവ് ഉണ്ടായത്. കുവൈത്ത് വിദേശകാര്യ മന്ത്രി അഹമ്മദ് നാസർ അൽ സബ, സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ ഒരു പുതിയ കരാർ പ്രഖ്യാപിക്കുകയുമായിരുന്നു. അംഗരാജ്യങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പിലേക്കും അവർക്കിടയിലെ പ്രാദേശിക പിരിമുറുക്കങ്ങൾ ശമിപ്പിക്കുന്നതിനും, സംഘർഷങ്ങൾക്കും തർക്കങ്ങൾക്കും നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഈ കരാർ .

കരാർ പ്രകാരം, ജിസിസി ഉച്ചകോടിയുടെ തലേന്ന് സൗദി അറേബ്യ ഖത്തറുമായി പങ്കിടുന്ന കര, വായു, കടൽ അതിർത്തികൾ തുറന്നു. പകരമായി, തങ്ങളെ ഉപരോധിക്കുന്ന രാജ്യങ്ങൾക്കെതിരായി നൽകിയിട്ടുള്ള കേസുകൾ ദോഹ ഉപേക്ഷിക്കും. നിലവിലെ പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനോ പ്രതിസന്ധിയുടെ മൂലകാരണങ്ങളെ പോലും അഭിസംബോധന ചെയ്യാനോ ഇതുപകരിക്കില്ലെങ്കിലും , രാഷ്ട്രീയപരമായ വെല്ലുവിളികളെ തടഞ്ഞ്‌ പ്രാദേശിക സ്ഥിരത സ്ഥാപിക്കാൻ ഇത് ഗുണകരമാകും.

ജിസിസി ഉച്ചകോടിയുടെ പൂർണ്ണവിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. എങ്കിലും ഇസ്രയേലിന്റെ താല്പര്യങ്ങൾ നേടിയെടുത്തതിന് ശേഷമാണ് ഈ സമാധാനകരാർ എന്നത് വിസ്മരിക്കേണ്ടതല്ല. അമേരിക്കയുടെ ‘പശ്ചിമേഷ്യൻ പദ്ധതി’യുടെ വിശാലമായ ക്യാൻവാസിൽ ഈ നീക്കങ്ങളെ വായിക്കേണ്ടതുണ്ട്. ഇസ്രയേലും മധ്യേഷ്യൻ അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഖകരമാക്കുന്നതിനുള്ള അമേരിക്കൻ ശ്രമങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത രാജ്യമാണ് ഖത്തർ എന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പരാമർശവും ഇതിനോട് ചേർത്ത്‌ വായിക്കേണ്ടതാണ്.

അറബ്-ഇസ്രേയൽ ബന്ധം മെച്ചപ്പെടുന്നതിന് ഇറാൻ വിവിധ കാരണങ്ങളിൽ ഒന്നുമാത്രമാണ്. എന്നാൽ GCCക്കുള്ളിലെ അധികാരാവലികളിൽ കയറി നിന്നുകൊണ്ട് അറബ് രാജ്യങ്ങളുടെ സുപ്രധാന നയതന്ത്ര പങ്കാളിയായി ഇസ്രായേൽ സ്ഥാനമുറപ്പിക്കുകയായിരുന്നു.

ഇന്ത്യക്കാരും ഉപരോധനീക്കവും

ഇനി ഖത്തറിന് മേലുള്ള ഉപരോധം നീക്കിയത് ഇന്ത്യക്കാരെ എങ്ങനെയെല്ലാമാണ് ബാധിക്കുകയെന്ന് നോക്കിയാൽ വിവിധ ഗൾഫ് രാജ്യങ്ങളിലായി തങ്ങളുടെ വ്യപാര സംരംഭങ്ങൾ ഉള്ളവർക്കാണ് ഉപരോധം പിൻവലിച്ച വാർത്ത വലിയ ആശ്വാസമായിട്ടുണ്ടാവുക. ജോലി സംബന്ധമായി ഗൾഫ് രാജ്യങ്ങളിൽ യാത്രകൾ നടത്തിയിരുന്നവർക്കുണ്ടായ പ്രയാസങ്ങളും ഈ തീരുമാനത്തോടെ പരിഹരിക്കപ്പെടുകയാണ്. ബാങ്കുമായുള്ള ഇടപാടുകൾ വീണ്ടും പഴയ പടിയാകുന്നുവെന്നത് അവഗണിക്കാനാവില്ല.

സന്ദർശക വിസയിൽ എത്തുന്ന തൊഴിൽ അന്വേഷകർക്കും ഉപരോധത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ ആശ്വാസകരമാണ്. കൂടാതെ ദുബായിൽ നടക്കുന്ന ആറുമാസം ദൈർഖ്യമുള്ള എക്സ്പോ 2020, 2022 ൽ ദോഹയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മേള എന്നിവക്കും ഈ നീക്കങ്ങൾ ഗുണകരമാകും .

Latest News