‘ബംഗാള്‍ അക്രമത്തില്‍ തീവ്രമായ വേദനയും കനത്ത ആശങ്കയും’; പ്രധാനമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തി; അക്രമത്തില്‍ 12 മരണം

തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ ബംഗാളില്‍ നടക്കുന്ന അക്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണറെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതില്‍ പ്രധാനമന്ത്രി തീവ്രമായ വേദനയും കടുത്ത ആശങ്കയും അറിയിച്ചതായി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദന്‍കര്‍ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷമുള്ള കൊള്ളയും കൊലയും തീവെപ്പും തടസമില്ലാതെ നടക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്നും ഗവര്‍ണര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ബംഗാളിലെ അക്രമത്തില്‍ 12 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഒന്‍പത് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.

അക്രമത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹൂഗ്ലിയിലെ പാര്‍ട്ടി ഓഫീസ് തൃണമൂല്‍ പ്രവര്‍ത്തകര്‍ തീയിട്ടുവെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന അക്രമങ്ങള്‍ മൂലം ബംഗാള്‍ കത്തുകയാണെന്നാണ് ബിജെപിയുടെ ആരോപണം. അക്രമത്തില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ബംഗാളില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ ബംഗാളിലെ അക്രമം ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ പരാജയം മറയ്ക്കാന്‍ പ്രധാമന്ത്രി ബംഗാളിനെ ആയുധമാക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കലുഷിതമായിരുന്ന ബംഗാളിലെ രാഷ്ട്രീയ കാലാവസ്ഥ ഫലപ്രഖ്യാപനത്തിനുശേഷം കൂടുതല്‍ രക്തരൂഷിതമാകുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ 4000ത്തോളം വീടുകള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയയുടെ ആരോപണം. ബംഗാള്‍ മനസമാധാനം കൊതിക്കുന്ന മണ്ണാണെന്നും സമാധാനം പുനസ്ഥാപിക്കപ്പെടണമെന്നും നിയുക്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

Covid 19 updates

Latest News