Top

'പല തവണ റിലീസ് തള്ളിക്കളഞ്ഞ സീരിസ്'; ലോകശ്രദ്ധ ആകർഷിച്ച 'സ്‌ട്രേഞ്ചർ തിങ്ങ്സി'ന്റെ ആറ് വർഷങ്ങൾ

നാല് സീസണുകളായി പുറത്തിറങ്ങിയ സീരിസിന്റെ ഓരോ എപ്പിസോഡും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്

16 July 2022 12:17 PM GMT
ഫിൽമി റിപ്പോർട്ടർ

പല തവണ റിലീസ് തള്ളിക്കളഞ്ഞ സീരിസ്; ലോകശ്രദ്ധ ആകർഷിച്ച സ്‌ട്രേഞ്ചർ തിങ്ങ്സിന്റെ ആറ് വർഷങ്ങൾ
X

ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച ഹോളിവുഡ് ഹൊറർ പ്ലസ് സയൻസ് ഫിക്ഷൻ ത്രില്ലർ പരമ്പരയാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്'. തുടക്കത്തിൽ ആരാധകർ വളരെ കുറവായിരുന്ന, റിലീസ് പോലും പലതവണ തള്ളിക്കളഞ്ഞ സീരിസിന് ഇന്നും കണക്കില്ലാത്ത ആരാധകരാണ്. 'സ്‌ട്രേഞ്ചർ തിങ്ങ്സ്' ഇറങ്ങിയിട്ട് ആറ് വർഷം പിന്നിടുമ്പോൾ ഇന്നും നെറ്റ്ഫ്ലിക്സിന്റെ ആഗോള റാങ്കിങ്ങിൽ മുന്നിലാണ് ഈ ത്രില്ലർ സീരീസ്.

2016ലാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്' റിലീസ് ചെയ്തത്. നാല് സീസണുകളായി പുറത്തിറങ്ങിയ സീരിസിന്റെ ഓരോ എപ്പിസോഡും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്. എന്നാൽ ആരാധകരിൽ പലർക്കും അറിയാത്ത കൗതുകമുണർത്തുന്ന ചില വസ്തുക്കളും കൂടി 'സ്‌ട്രേഞ്ചർ തിങ്ങ്സി'നുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.

സ്‌ട്രേഞ്ചർ തിങ്ങ്സിന്റെ കഥപോലെ തന്നെ പ്രിയപ്പെട്ടതും കൗതുകമുണ്ടാക്കുന്നതുമാണ് അതിലെ കഥാപാത്രങ്ങൾ. കുട്ടികളായ എലവൻ (മില്ലി ബോബി ബ്രൗൺ), മൈക്ക് (ഫിൻ വോൾഫ്ഹാർഡ്), ലൂക്കാസ് (കാലെബ് മേക്ലാഫ്ലൈൻ), വിൽ (നോവ), മാക്സ് (സാഡി സിങ്ക്), ഡസ്റ്റിൻ (ഗേറ്റിൻ) എന്നിവരും സീരിസിലെ നിർണ്ണായക കഥാപാത്രങ്ങളാണ്. എന്നാൽ ഇവരെ ഈ പാരമ്പരയിലേക്ക് തെരഞ്ഞെടുത്തത് ഒരു വലിയ ഓഡിഷൻ പ്രോസസിലൂടെയാണ്. അതായത് 906 ആൺകുട്ടികളെയും 307 പെൺകുട്ടികളെയും ഓഡിഷൻ ചെയ്തതിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.


ഏതാണ്ട് 13 തവണയാണ് ഈ പരമ്പര റിലീസ് ആകുന്നതിന് മുൻപ് റിജെക്റ്റ് ചെയ്യപ്പെട്ടത് എന്നത് മറ്റൊരു സത്യമാണ്. ഈ ഷോ കുട്ടികൾക്ക് വേണ്ടി മാത്രമാണ് എന്ന് തോന്നും എന്നും ജിം ഹോപ്പർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം എന്നും പല അഭിപ്രായങ്ങളും നേരിടേണ്ടി വന്നു. ഇതിനു ശേഷമാണ് നെറ്റ്ഫ്ലിക്സ് ഈ സീരീസ് വാങ്ങുന്നത്. എന്നാൽ നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതിന് ശേഷം വളരെ കുറച്ചു കാലം കൊണ്ടുതന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ജനശ്രദ്ധ ആകർഷിച്ച പരമ്പരയായി സ്‌ട്രേഞ്ചർ തിങ്ങ്സ് മാറി.


വളരെ ആകർഷകമാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്' എന്ന ടൈറ്റിലിന്റെ ഡിസൈൻ. എന്നാൽ ഈ ടൈറ്റിൽ ഡിസൈൻ 1980-ൽ പുറത്തിറങ്ങിയ ഒരു ഗെയിമിന്റെ പ്ലേബുക്കായ 'ഡൻജൻസ് ആൻഡ് ഡ്രാഗൻസി'ന്റെ അതേ ഫോണ്ട് കടമെടുത്തതാണ്. 80-കളിൽ ഇന്ത്യാനയിലെ ഹോക്കിൻസിൽ നടക്കുന്ന കഥയാണ് പരമ്പര പറയുന്നത്. ആ പശ്ചാത്തലം വളരെ കൃത്യമായി തന്നെ ചെറിയ ഡീറ്റൈൽസിൽ പോലും കാണിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. അതിനുദാഹരണമാണ്, സീരിസിൽ പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് 1980കളിൽ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ കാമറയും കാമറ ഉപകരണങ്ങളും ഉപയോഗിച്ചാണ്. അക്കാലത്ത് ജനകീയമായിരുന്ന പാട്ടുകളും, വസ്ത്രങ്ങളും, ഹെയർ സ്റ്റൈലും വാഹനങ്ങളും ഒക്കെ ഇതിലും ഉപയോഗിച്ചിട്ടുണ്ട്.


പരമ്പരയുടെ മറ്റൊരു പ്രധാന ഘടകമാണ് സീരിസിൽ ഉപയോഗിച്ചിരിക്കുന്ന വിഎഫ്എക്സ്. ഡെമഗോർഗെൻസ് എന്ന ജീവിയെ കാണിക്കാൻ വളരെ വിലയേറിയ വി എഫ് എക്സ് ആണ് എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ സീരിസിന്റെ ആദ്യ സീസണിൽ കാണിക്കുന്ന ഡെമഗോർഗെൻസ് എല്ലാം മാർക്ക് എന്നയാൾ മോൺസ്റ്റർ സ്യൂട്ട് അണിഞ്ഞാണ് അഭിനയിച്ചതാണ്. സീസൺ രണ്ടിൽ കാണിക്കുന്ന മൈൻഡ് ഫ്ലെയഴ്സെല്ലാം വിഎഫ്എക്സ് തന്നെയാണ്.


മാക്സ് എന്ന കഥാപാത്രം രണ്ടാമത്തെ സീസൺ മുതലാണ് സ്‌ട്രേഞ്ചർ തിങ്ങ്സിന്റെ ഭാഗമാകുന്നത്. വളരെ മികച്ച അഭിനയം കാഴ്ചവച്ച മാക്സിനെ അവതരിപ്പിച്ച സാഡി പക്ഷെ ആദ്യ ഓഡിഷനിൽ നിന്ന് ഏതാണ്ട് പുറത്തായതാണ്. താരത്തിന് ഉയരം കൂടുതാലാണ് എന്ന് പറഞ്ഞാണ് സംവിധായകരായ ഡഫർ ബ്രദേഴ്‌സ് സാഡിയെ പുറത്താക്കുന്നത് എന്നാൽ രണ്ടാം റൗണ്ട് ഓഡിഷനിൽ സാഡിയുടെ പ്രകടനത്തിൽ സംവിധായകർക്ക് താരത്തെ തെരഞ്ഞെടുക്കാതിരിക്കാൻ കഴിഞ്ഞില്ല.


'സ്‌ട്രേഞ്ചർ തിങ്ങ്സി'ന്റെ നാലാം സീസണിന്റെ ആവാസന ഭാഗം പ്രേക്ഷകർക്ക് അഞ്ചാം സീസണിലേക്കുള്ള വാതിൽ തുറന്നു നൽകിക്കൊണ്ടാണ് അവസാനിക്കുന്നത്. 2024ലിൽ അഞ്ചാം സീസൺ എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അണിയറപ്രവർത്തകർ പങ്കുവച്ച പുതിയ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു.

Story highlights: 'the series that has been rejected multiple times'; Six years of 'Stranger Things' that caught the world's attention

Next Story