Top

'ഒല ഇല്ലാതെ സെക്സ് എഡ്യൂക്കേഷൻ'; പുതിയ സീസണിൽ കഥാപാത്രം കാണില്ലെന്ന് സ്ഥിരീകരണം

2021 സെപ്റ്റംബറിൽ ആയിരുന്നു മൂന്നാം സീസൺ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത്.

7 July 2022 3:34 AM GMT
ഫിൽമി റിപ്പോർട്ടർ

ഒല ഇല്ലാതെ സെക്സ് എഡ്യൂക്കേഷൻ; പുതിയ സീസണിൽ കഥാപാത്രം കാണില്ലെന്ന് സ്ഥിരീകരണം
X

ലോകത്തെമ്പാടും ആരാധകരുള്ള നെറ്റ്ഫ്ലിക്സ് സീരീസ് 'സെക്സ് എഡ്യൂക്കേഷൻ' പുതിയ സീസണിൽ ഒല എന്ന കഥാപാത്രം ഉണ്ടാകില്ലെന്ന് സ്ഥിരീകരണം. ഒലയെ അവതരിപ്പിക്കുന്ന പട്രീഷ ആലിസൺ ആണ് തന്റെ കഥാപാത്രം നാലാം സീസണിൽ കാണില്ലെന്ന വെളിപ്പെടുത്തൽ നടത്തിയത്.

ഷെഡ്യൂളിന്റെ പൊരുത്തക്കേടുകൾ കാരണം തനിക്ക് പുതിയ സീസണുമായി സഹകരിക്കാൻ സാധിക്കില്ലെന്നാണ് താരം പറഞ്ഞത്. ക്യാപിറ്റൽ എക്സ്ട്രാ ബ്രേക്ക്ഫാസ്റ്റ് എന്ന ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു പട്രീഷ ആലിസൺ.

"ഞാൻ സീസൺ നാലിൽ ടീമിൽ ചേരില്ല. സെക്സ് എഡ്യൂക്കേഷനിലെ എന്റെ സമയം ഞാൻ ഏറെ ആസ്വദിച്ചു. അത് തകർക്കേണ്ടിവന്നതിൽ ഖേദിക്കുന്നു. മൂന്നു വർഷമായി ഇത് ചെയ്യുന്നു, ഞാനത് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു," നടി പറഞ്ഞു. പോകാനുള്ള തീരുമാനം കഠിനമായിരുന്നു എന്നും എന്നാൽ തനിക്ക് ഒരു അവധി എടുക്കേണ്ടി വരികയാണെന്നും നടി കൂട്ടിച്ചേർത്തു. ഇപ്പോൾ ലണ്ടണിൽ 'എ ഡോൾസ് ഹൗസ്: പാർട്ട് II'ൽ അഭിനയിച്ചുവരികയാണ് താരം.

ഓട്ടിസ്, മേവ്, എറിക്, ഒല, ഏയ്മി തുടങ്ങിയ കഥാപാത്രങ്ങളെ അണിനിരത്തി അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെ ലൈംഗീക വിദ്യഭ്യാസം നൽകുന്നതാണ് സീരീസ്. സാങ്കൽപ്പികമായ ഒരു സെക്കൻഡറി സ്കൂളും അവിടത്തെ ജീവനക്കാരും വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും കഥാപാത്രങ്ങളാകുകയും അവരുടെ ജീവിതം പറയുകയും ചെയ്യുന്ന പരമ്പരയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. വിജയകരമായ മൂന്ന് സീസണുകൾക്ക് ശേഷം സീസൺ നാലിന്റെ ചിത്രീകരണം ഈ മാസം തുടങ്ങും.

Story highlights: Sex Education star reveals they won't be returning for season 4

Next Story