Top

'ഫിക്ഷനും ആക്ഷനും എങ്ങനെ കാണിക്കണമെന്ന് അവർക്കറിയാം'; മണി ഹീസ്റ്റ് കൊറിയൻ ട്രെയ്‌ലര്‍ ആസ്വദിച്ച് 'പ്രൊഫസർ'

14 Jun 2022 8:19 AM GMT
ഫിൽമി റിപ്പോർട്ടർ

ഫിക്ഷനും ആക്ഷനും എങ്ങനെ കാണിക്കണമെന്ന് അവർക്കറിയാം; മണി ഹീസ്റ്റ് കൊറിയൻ ട്രെയ്‌ലര്‍ ആസ്വദിച്ച് പ്രൊഫസർ
X

നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന സ്പാനിഷ് വെബ് സീരീസായ 'മണി ഹീസ്റ്റ്' ന്റെ കൊറിയൻ പതിപ്പ് ഒരുങ്ങുകയാണ്. മൂന്നാഴ്ച മുൻപിറങ്ങിയ കൊറിയൻ പതിപ്പിന്റെ ട്രെയ്‌ലറിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മണി ഹീസ്റ്റിലെ 'പ്രൊഫസർ' അൽവാരൊ മോർട്ടെ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൊറിയൻ പതിപ്പിന്മേലുള്ള തന്റെ ആകാംഷ താരം പങ്കുവയ്ക്കുന്നത്.

ഒരു കൂട്ടം കള്ളന്മാരെ കൂട്ട കവർച്ചയിലേയ്ക്ക് നയിക്കുന്ന ക്രിമിനൽ സൂത്രധാരനായ മണി ഹീസ്റ്റിലെ പ്രൊഫസർ കഥാപാത്രത്തെ അൽവാരൊ മോർട്ടെ അനശ്വരമാക്കിയിരുന്നു. ആഗോള തലത്തിൽ പ്രചാരം നേടിയ സീരീസിന്റെ വമ്പൻ വിജയത്തിന് ശേഷമാണ് കൊറിയൻ ഭാഷയിൽ സീരീസ് ഒരുക്കാൻ നെറ്റ്ഫ്ലിക്സ് തീരുമാനിക്കുന്നത്. നടൻ യൂ ജി-ടേ അവതരിപ്പിക്കുന്ന പുതിയ പ്രൊഫസറെ കാണാൻ താൻ കാത്തിരിക്കുന്നു എന്നായിരുന്നു നടന്റെ ആദ്യ പ്രതികരണം.

" ഞാൻ മണി ഹീസ്റ്റ് കൊറിയയുടെ ട്രെയ്‌ലര്‍ കണ്ടു. കൊറിയക്കാർക്ക് അത് എങ്ങനെ ചെയ്യണമെന്ന് അറിയാം. ഫിക്ഷനും ആക്ഷനും എങ്ങനെ കാണിക്കണമെന്ന് അവർക്കറിയാം. അത് വളരെ മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവർ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പാണ്.

എനിക്ക് അഭിനേതാക്കളെ അറിയില്ല. പക്ഷെ ഒരിക്കൽ തമ്മിൽ കണ്ടുമുട്ടാനും സംസാരിക്കാനുമാകുമെന്ന് കരുതുന്നു. പുതിയ പ്രൊഫസറെ കാണാൻ ഞാൻ ആവേശത്തിലാണ്" എന്നായിരുന്നു നടൻ്റെ പ്രതികരണം. യൂ ജി-ടേ, പാർക്ക് ഹേ-സൂ, ജുൻ ജോങ്-സിയോ, ലീ വോൺ-ജോങ് തുടങ്ങിയവരാണ് കൊറിയൻ പതിപ്പിലെ പ്രധാന താരങ്ങൾ.

2002ൽ തൻ്റെ കരിയർ ആരംഭിച്ച അൽവാരൊ മോർട്ടെ, നെറ്റ്ഫ്ലിക്സിസ് സീരീസ് 'ഷോ ലാ കാസ ഡി പാപ്പൽ- മണി ഹേസ്റ്റിന്' ശേഷം ആഗോള പ്രശസ്തിയും ജനപ്രീതിയും നേടി. ആമസോൺ പ്രൈം വീഡിയോയിലാണ് ഇനി നടന്റെ പുതിയ സീരീസ് വരാനിരിക്കുന്നത്.

Story highlights: Alvaro Morte shares reaction to money heist's korean remake trailer

Next Story