Top

സ്പെയിനിൽ പരാജയപ്പെട്ട ഷോ; രക്ഷിച്ചത് നെറ്റ്ഫ്ലിക്സിന്റെ പൊടിക്കൈ

4 Dec 2021 7:48 AM GMT
ഫിൽമി റിപ്പോർട്ടർ

സ്പെയിനിൽ പരാജയപ്പെട്ട ഷോ; രക്ഷിച്ചത് നെറ്റ്ഫ്ലിക്സിന്റെ പൊടിക്കൈ
X

നെറ്റ്ഫ്ലിക്സിന്റെ സ്പാനിഷ് സീരീസായ മണി ഹീസ്റ്റിന്റെ അവസാന ഭാ​ഗവും റിലീസായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലെ ഏറ്റവും പ്രശസ്തമായ സീരീകളിലൊന്നായി വാഴ്ത്തപ്പെട്ട മണി ഹീസ്റ്റ് യഥാർത്ഥത്തിൽ സ്പെയിനിൽ ആദ്യ സീസൺ സമയത്ത് അണിയറ പ്രവർത്തകർക്ക് പരാജയത്തിന്റെ കയ്പ്പാണ് നൽകിയത്. സീരീസിന്റെ വിജയക്കുതിപ്പിനു പിന്നാലെ പുറത്തു വിട്ട മണി ഹീസ്റ്റ് ദ ഫൊണീമിനിയൻ എന്ന ഡോക്യുമെന്ററിയിൽ ഇക്കാര്യം അണിയറ പ്രവർത്തകർ വ്യക്തമായി പറയുന്നുണ്ട്. 2017 മെയിൽ സ്പാനിഷ് ടിവി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പപെൽ എന്ന പേരിൽ മണിഹീസ്റ്റ് ആദ്യം സംപ്രേഷണം ചെയ്യുന്നത്. പക്ഷെ പ്രതീക്ഷിച്ച ഓളമൊന്നും ഈ ഷോ അന്ന് സ്പാനിഷ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയില്ല.

രണ്ട് ഭാ​ഗങ്ങളായി 15 എപ്പിസോഡുകളിലായി പുറത്തിറങ്ങാനിരുന്ന സീരീസിന്റെ കാണികൾ കുത്തനെ കുറയാൻ തുടങ്ങി. സീരീസിന്റെ നിർമാതാക്കളും ഈ പരാജയം ഏറ്റു പറ‍ഞ്ഞു. രണ്ടാം ഭാ​ഗത്തിനു ശേഷം പുതിയ ഭാ​ഗം വേണ്ടെന്ന് തീരുമാനത്തിലായിരുന്നു ഇവർ. പക്ഷെ അപ്രതീക്ഷിതമായാണ് ഇതിനിടയിൽ നെറ്റ്ഫ്ലിക്സിന്റെ വരവ്. മണി ഹീസ്റ്റിന്റെ സ്ട്രീമിം​ഗ് റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. വലിയ പ്രതീക്ഷയൊന്നും നെറ്റ്ഫ്ലിക്സും ഷോയിൽ വെച്ചിരുന്നില്ല. അതിനാൽ തന്നെ മണി ഹീസ്റ്റിന്റെ പരസ്യവും നൽകിയിരുന്നില്ല.

പക്ഷെ ബുദ്ധിപരമായ ഒരു പൊടിക്കെെ നെറ്റ്ഫ്ലിക്സ് ചെയ്തു. യഥാർത്ഥത്തിൽ മണി ഹീസ്റ്റിനെ സ്പാനിഷ് പ്രേക്ഷകരിൽ നിന്നകറ്റിയത് സീരീസിന്റെ ലാ​ഗ് ആയിരുന്നു. ആക്ഷനും റെമാൻസും സെന്റിമെന്റ്സുമെല്ലാം മാറി മാറി വരുന്ന എപ്പിസോഡുകളെ ഈ നീളക്കൂടുതൽ ബാധിച്ചു. 15 എപ്പിസോഡുകളായിട്ടായിരുന്നു ഇവ സ്പാനിഷ് ചാനലിൽ സംപ്രേഷണം ചെയ്തത്. നെറ്റ്ഫ്ലിക്സ് ഓരോ എപ്പിസോഡിന്റെയും നീളക്കൂടുതൽ കുറച്ചു. അങ്ങനെ 22 എപ്പിസോഡുകളായി ഷോ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്തു. അളന്നു മുറിച്ച് പ്രേക്ഷകരിലെത്തിയതോടെ മണി ഹീസ്റ്റ് കയറിയങ്ങ് കത്തി. ഓരോ രാജ്യങ്ങളിലായി ഷോ ഹിറ്റാവാൻ തുടങ്ങി. ഇതിനിടയിൽ ലോക്ഡൗൺ ഉൾപ്പെടെ വന്നതോടെ ഇന്ത്യയിലുൾപ്പെടെ മണിഹീസ്റ്റിന് വൻ ജനപ്രീതിയേറി. പ്രൊഫസറും, ടോക്കിയോയും, നയ്റോബിയും ബെർലിനുമെല്ലാം വൻ ആരാധ വൃന്ദമായി.

വിവിധ രാജ്യങ്ങളിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ വരെ മണി ഹീസ്റ്റ് മുഖം മൂടികൾ തരം​ഗമായി. മണി ഹീസ്റ്റിന്റെ മിസൈൽ കുതിപ്പ് നെറ്റ്ഫ്ലിക്സിന്റെ ഔദ്യോ​ഗിക മീറ്റിം​ഗിൽ ചർച്ചയായി. പിന്നാലെ അടുത്ത സീസണുകൾ കൂടി ചെയ്യുമോ എന്ന് നെറ്റ്ഫ്ലിക്സ് മണിഹീസ്റ്റ് അണിയറ പ്രവർത്തകരോട് അങ്ങോട്ട് ചോദിച്ചു. രണ്ട് മാസത്തെ ആലോചനക്കൊടുവിൽ അവർ സമ്മതം മൂളുകയും ചെയ്തു. സീരീസിന്റെ അവസാനമാണ് ഇന്നലെ റിലീസായത്.


Next Story