Top

പ്രൊഫസറും കൊള്ളസംഘവും വീണ്ടും; കൊറിയന്‍ 'മണി ഹൈസ്റ്റ്' വരുന്നു

കൊറിയന്‍ നടന്‍ യൂ ജി തായ് ആണ് പ്രൊഫസര്‍ ആയി എത്തുന്നത്

19 Jan 2022 5:00 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രൊഫസറും കൊള്ളസംഘവും വീണ്ടും; കൊറിയന്‍ മണി ഹൈസ്റ്റ് വരുന്നു
X

ലോകമെമ്പാടും ആരാധകരുള്ള 'മണി ഹൈസ്റ്റി'ന്റെ കൊറിയന്‍ പതിപ്പ് ഒരുങ്ങുന്നു.സീരീസിന്റെ ടീസര്‍ പുറത്തുവിട്ടു. കൊറിയന്‍ നടന്‍ യൂ ജി തായ് ആണ് പ്രൊഫസര്‍ ആയി എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ തന്നെയാകും സീരീസിന്റെ സ്ട്രീമിങ് നടക്കുക.

രണ്ട് വര്‍ഷത്തെ കാലയളവില്‍ ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സ്പാനിഷ് വെബ് സീരീസാണ് മണി ഹൈസ്റ്റ്. സീരീസിന്റെ അവസാന എപ്പിസോഡുകള്‍ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. അഞ്ച് എപ്പിസോഡുകളായിരുന്നു അവസാന വോള്യത്തലും ഉണ്ടായിരുന്നത്. ജീസസ് കോള്‍മ്നേര്‍, കോള്‍ഡോ സേറ, അലക്സ് റോഡിഗോ എന്നിവരാണ് അഞ്ചാംപാര്‍ട്ടിന്റെ സംവിധായകര്‍.

2017 മെയില്‍ സ്പാനിഷ് ടിവി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പപെല്‍ എന്ന പേരില്‍ മണിഹീസ്റ്റ് ആദ്യം സംപ്രേഷണം ചെയ്യുന്നത്. പക്ഷെ പ്രതീക്ഷിച്ച ഓളമൊന്നും ഈ ഷോ അന്ന് സ്പാനിഷ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയില്ല. രണ്ട് ഭാഗങ്ങളായി 15 എപ്പിസോഡുകളിലായി പുറത്തിറങ്ങാനിരുന്ന സീരീസിന്റെ കാണികള്‍ കുത്തനെ കുറയാന്‍ തുടങ്ങി. സീരീസിന്റെ നിര്‍മാതാക്കളും ഈ പരാജയം ഏറ്റു പറഞ്ഞു. രണ്ടാം ഭാഗത്തിനു ശേഷം പുതിയ ഭാഗം വേണ്ടെന്ന് തീരുമാനത്തിലായിരുന്നു ഇവര്‍. പക്ഷെ അപ്രതീക്ഷിതമായാണ് ഇതിനിടയില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ വരവ്. മണി ഹീസ്റ്റിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി. വലിയ പ്രതീക്ഷയൊന്നും നെറ്റ്ഫ്‌ലിക്‌സും ഷോയില്‍ വെച്ചിരുന്നില്ല. അതിനാല്‍ തന്നെ മണി ഹീസ്റ്റിന്റെ പരസ്യവും നല്‍കിയിരുന്നില്ല.

പക്ഷെ ബുദ്ധിപരമായ ഒരു പൊടിക്കൈ നെറ്റ്ഫ്‌ലിക്‌സ് ചെയ്തു. യഥാര്‍ത്ഥത്തില്‍ മണി ഹീസ്റ്റിനെ സ്പാനിഷ് പ്രേക്ഷകരില്‍ നിന്നകറ്റിയത് സീരീസിന്റെ ലാഗ് ആയിരുന്നു. ആക്ഷനും റെമാന്‍സും സെന്റിമെന്റ്‌സുമെല്ലാം മാറി മാറി വരുന്ന എപ്പിസോഡുകളെ ഈ നീളക്കൂടുതല്‍ ബാധിച്ചു. 15 എപ്പിസോഡുകളായിട്ടായിരുന്നു ഇവ സ്പാനിഷ് ചാനലില്‍ സംപ്രേഷണം ചെയ്തത്. നെറ്റ്ഫ്‌ലിക്‌സ് ഓരോ എപ്പിസോഡിന്റെയും നീളക്കൂടുതല്‍ കുറച്ചു. അങ്ങനെ 22 എപ്പിസോഡുകളായി ഷോ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്തു. അളന്നു മുറിച്ച് പ്രേക്ഷകരിലെത്തിയതോടെ മണി ഹീസ്റ്റ് കയറിയങ്ങ് കത്തി. ഓരോ രാജ്യങ്ങളിലായി ഷോ ഹിറ്റാവാന്‍ തുടങ്ങി. ഇതിനിടയില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ വന്നതോടെ ഇന്ത്യയിലുള്‍പ്പെടെ മണിഹീസ്റ്റിന് വന്‍ ജനപ്രീതിയേറി. പ്രൊഫസറും, ടോക്കിയോയും, നയ്‌റോബിയും ബെര്‍ലിനുമെല്ലാം വന്‍ ആരാധ വൃന്ദമായി.

Next Story