Top

'സ്ക്വിഡ് ഗെയി'മിനായി ലീ ജംഗ്-ജെ, 'യൂഫോറിയ'യ്ക്ക് സെൻഡയ; 74-ാം എമ്മി അവാർഡ്സ് നേട്ടങ്ങൾ

2020 ലെ ഏറ്റവും മികച്ച ഡ്രാമ സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ സീരീസ് ആയ 'ഡൽഹി ക്രൈം' ആയിരുന്നു. ഇന്റർനാഷണൽ എമ്മി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പരിപാടിയും ഡൽഹി ക്രൈം ആയിരുന്നു.

13 Sep 2022 8:58 AM GMT
ഫിൽമി റിപ്പോർട്ടർ

സ്ക്വിഡ് ഗെയിമിനായി ലീ ജംഗ്-ജെ, യൂഫോറിയയ്ക്ക് സെൻഡയ; 74-ാം എമ്മി അവാർഡ്സ് നേട്ടങ്ങൾ
X

ടെലിവിഷൻ രംഗത്തെ രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച സീരീസുകളേയും അവയിലെ പ്രകടനങ്ങളേയും വിലയിരുത്തിയ അവാർഡിൽ നാഴികക്കല്ലായി ലീ ജംഗ്-ജെയുടേയും സെൻഡയയുടേയും നേട്ടങ്ങൾ. ഡ്രാമാ സീരീസ് വിഭാഗത്തിൽ മികച്ച നടിയായാണ് സെൻഡയ കോൾമാൻ തെരഞ്ഞെടുക്കപ്പെട്ടത്. 'സ്ക്വിഡ് ഗെയി'മിലെ പ്രകടനത്തിന് മികച്ച നടനായി ലീ ജംഗ്-ജെയും തെരഞ്ഞെടുക്കപ്പെട്ടു.

സെൻഡയ കോൾമാൻ രണ്ടാം തവണയാണ് ഈ വിഭാഗത്തിൽ മികച്ച നടിയാകുന്നത്. 2020 ൽ ആയിരുന്നു ഇതിന് മുൻപ് സെൻഡയ മികച്ച നടിയായത്. രണ്ട് തവണ ഈ വിഭാഗത്തിൽ അവാർഡ് നേടുന്ന ആദ്യ കറുത്ത വംശജയും പ്രായം കുറഞ്ഞ നടിയുമാണ് അവർ. ഡ്രാമാ സീരീസ് വിഭാഗത്തിൽ മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ട ലീ ജംഗ്-ജെ ഈ വിഭാഗത്തിൽ വിജയിയാകുന്ന ആദ്യ ഏഷ്യൻ വംശജനാണ്.

എഴുപത്തി നാലാം എമ്മി അവാർഡ്സിൽ 25 വിഭാഗങ്ങളിൽ നോമിനേഷൻ നേടിയ 'സക്സഷൻ' ആണ് മികച്ച ഡ്രാമാ സീരീസ്. 20 നോമിനേഷനുകളിൽ മത്സരിച്ച 'ടെഡ് ലാസോ' ആണ് മികച്ച കോമഡി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. പതിനാല് നോമിനേഷനുകളുമായി കൊറിയൻ സീരീസ് 'സ്ക്വിഡ് ഗെയി'മും ചരിത്രം സൃഷ്ടിച്ചു. മികച്ച നടൻ, മികച്ച സംവിധാനം(ഹ്വാങ് ഡോങ്-ഹ്യൂക്ക്), പ്രൊഡക്ഷൻ ഡിസൈൻ, സംഘട്ടനം, സ്പെഷ്യൽ വിഷ്വൽ ഇഫക്റ്റ്സ് ഉൾപ്പടെയുള്ള അവാർഡുകൾ സീരീസ് സ്വന്തമാക്കുകയും ചെയ്തു. കോമഡി സീരീസ് വിഭാഗത്തിൽ മികച്ച സംവിധാനത്തിന് തെരഞ്ഞെടുക്കപ്പെട്ടത് 'ടെഡ് ലാസോ'യിലെ നോ വെഡ്ഡിംഗ്സ് ആൻഡ് എ ഫ്യൂണറൽ എന്ന എപ്പിസോഡിനായി എം ജെ ഡെലനി ആയിരുന്നു. ടെഡ് ലാസോ തന്നെയാണ് മികച്ച കോമഡി സീരീസ്. കോമഡി സീരീസ് വിഭാഗത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ടെഡ് ലാസോയിലെ പ്രകടനത്തിന് ജേസൺ സുഡെക്സിനെയാണ്. ഔട്ട്സ്റ്റാൻഡിങ് ലിമിറ്റഡ് സീരിസ് പുരസ്കാരം 'ദി വൈറ്റ് ലോട്ടസ്' സ്വന്തമാക്കി. ഡ്രാമാ സീരീസിൽ മികച്ച കഥയ്ക്കുള്ള പുരസ്കാരം ജെസ്സി ആംസ്‌ട്രോംഗിനാണ്. കോമഡി സീരീസ് വിഭാഗത്തിൽ 'പൈലറ്റ്'ലെ അബട്ട് എലിമെന്ററിക്കായി ക്വിന്റ ബ്രണ്‍സണും.

മികച്ച ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിംഗ്, പ്രോസ്തറ്റിക് മേക്കപ്പ്, സംഘട്ടന ഏകോപനം, മ്യൂസിക് സൂപ്പർവിഷൻ എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ സ്വന്തമാക്കിയത് 'സ്ട്രേഞ്ചർ തിങ്സി'നാണ്. മികച്ച വോയ്സ് ഓവറായി തെരഞ്ഞെടുത്തത് 'സ്റ്റാർ ലോഡ് ടി'ചാല'യിലെ കഥാപാത്രത്തിനായി അന്തരിച്ച നടൻ ചാഡ്വിക് ബോസ്മാനാണ്. സ്ക്വിഡ് ഗെയിമിലെ അതിഥി വേഷത്തിന് ലീ യൂ-മീയും പുരസ്കാരം നേടി. ആദ്യമായാണ് ഒരു കൊറിയൻ നടി ഈ പുരസ്കാരം നേടുന്നത്.

2020 ലെ ഏറ്റവും മികച്ച ഡ്രാമ സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ സീരീസ് ആയ 'ഡൽഹി ക്രൈം' ആയിരുന്നു. ഇന്റർനാഷണൽ എമ്മി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പരിപാടിയും ഡൽഹി ക്രൈം ആയിരുന്നു. 2012 ഡിസംബറിൽ നടന്ന് ഡൽഹി കൂട്ട ബലാത്സംഗത്തിന്റെ അന്വേഷണത്തെ ആസ്പദമാക്കിയുള്ളതാായിരുന്നു സീരീസ്.

Story highlights: Emmys 2022 winners list

Next Story