Top

'സോള്‍ ഗുഡ്‍മാനും' സംഘവും ഇന്ന് പ്രേക്ഷകരിലേക്ക്; 'ബെറ്റര്‍ കോള്‍ സോള്‍' അവസാന സീസണ്‍ റിലീസ് ചെയ്തു

ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച സിരീസുകളില്‍ ഒന്നായ 'ബ്രേക്കിംഗ് ബാഡി'ന്‍റെ പ്രീക്വല്‍ ആയാണ് 'ബെറ്റര്‍ കോള്‍ സോളി'ന്‍റെ ആദ്യ സീസണ്‍ 2015ൽ പുറത്തെത്തിയത്.

19 April 2022 10:23 AM GMT
ഫിൽമി റിപ്പോർട്ടർ

സോള്‍ ഗുഡ്‍മാനും സംഘവും ഇന്ന് പ്രേക്ഷകരിലേക്ക്; ബെറ്റര്‍ കോള്‍ സോള്‍ അവസാന സീസണ്‍ റിലീസ് ചെയ്തു
X

ലോകമെമ്പാടുമുള്ള ആരാധകരെ കയ്യിലെടുത്ത അമേരിക്കന്‍ ടെലിവിഷന്‍ സിരീസ് 'ബെറ്റര്‍ കോള്‍ സോള്‍' അവസാന സീസൺ ഇന്ന് റിലീസ് ചെയ്തു. ആറാമത്തെ സീസണിന്റെ ആദ്യ രണ്ട് എപ്പിസോഡുകളാണ് ഇന്ന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. 'വൈന്‍ ആന്‍ഡ് റോസസ്', 'കാരറ്റ് ആന്‍ഡ് സ്റ്റിക്ക്' എന്നിങ്ങനെയാണ് ആദ്യ രണ്ട് എപ്പിസോഡുകളുടെ പേര്. എഎംസിയിലും എഎംസി പ്ലസിലുമായി ഇന്നലെ യുഎസില്‍ റിലീസ് ചെയ്ത സീരീസ് നെറ്റ്ഫ്ലിക്സിലൂടെയാണ് ഇന്ന് ഇന്ത്യയിൽ സംപ്രേഷണം ആരംഭിച്ചത്.

പ്രേക്ഷകർ ഏറ്റെടുത്ത വെബ് സിരീസായ 'ബ്രേക്കിംഗ് ബാഡി'ന്‍റെ പ്രീക്വല്‍ ആയാണ് 'ബെറ്റര്‍ കോള്‍ സോളി'ന്‍റെ ആദ്യ സീസണ്‍ 2015ൽ പുറത്തെത്തിയത്. ബ്രേക്കിംഗ് ബാഡില്‍ ബോബ് ഓഡെന്‍കേര്‍ക്ക് അവതരിപ്പിച്ച ജിമ്മി മക്ഗില്‍ എന്ന കഥാപാത്രത്തിന്‍റെ സ്‍പിന്‍- ഓഫ് ആണ് ബെറ്റര്‍ കോള്‍ സോള്‍. ബ്രേക്കിംഗ് ബാഡിന്‍റെ ഒറിജിനല്‍ നെറ്റ്‍വര്‍ക്ക് ആയ എഎംസിയില്‍ തന്നെയാണ് 'ബെറ്റര്‍ കോള്‍ സോളും' റിലീസ് ചെയ്തത്.

നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടുമുള്ള ആരാധകരിലേക്കും എത്തി. 2015ല്‍ ആരംഭിച്ച സീരീസ് 2016, 2017, 2018, 2020 വര്‍ഷങ്ങളിലാണ് അഞ്ച് സീസണുകള്‍ പുറത്തു വന്നത്. ബ്രേക്കിംഗ് ബാഡിലെ പ്രധാന കഥാപാത്രങ്ങളായ വാള്‍ട്ടര്‍ വൈറ്റും ജെസ്സി പിങ്ക്മാനും ബെറ്റര്‍ കോള്‍ സോള്‍ ഫൈനല്‍ സീസണില്‍ പ്രത്യേക വേഷങ്ങളിൽ എത്തുന്ന വിവരം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതും ആരാധകർക്ക് കൂടുതൽ ആകാംഷ നൽകുന്ന ഘടകം കൂടിയാണ്.

Story highlights: Better Call Saul Last And Sixth Episode released in India Netflix

Next Story