‘നോട്ട് എ ലോങ് ടേം ഗുഡ്ബൈ’; വൈറ്റ് ഹൗസ് വിട്ടിറങ്ങും മുന്‍പ് ട്രംപിന്റെ ഡയലോഗ്; ‘വീ വില്‍ ബി ബാക്ക്’

അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെ കാലാവധിയിലെ പൂര്‍ത്തിയാക്കി വൈറ്റ് ഹൗസ് വിട്ടിറങ്ങവെ ‘മാസ് ഡയലോഗുകളുമായി ഡൊണാള്‍ഡ് ട്രംപ്. പ്രശസ്ത ഹോളിവുഡ് ചിത്രം ടെര്‍മിനേറ്ററില്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ പറയുന്ന ‘ഐ വില്‍ ബി ബാക്ക്’ എന്ന സംഭാഷണ ശകലമാണ് ട്രംപ് വിടവാങ്ങലിനിടെ പറഞ്ഞത്. വാഷിങ്ങ്ടണിലെ ജോയിന്റ് ബെയ്സ് ആന്‍ഡ്രൂസില്‍ യാത്ര അയപ്പ് നല്‍കാനെത്തിയ സ്റ്റാഫുകളോടും അനൂകൂലികളോടും കുടുംബാംഗങ്ങളോടുമായിരുന്നു ട്രംപിന്റെ പ്രതികരണം.
അത്ഭുതകരമായിരുന്നു ഈ നാല് വര്‍ഷങ്ങള്‍. നമ്മളെല്ലാവരും ചേര്‍ന്ന് ഒരുപാട് നേട്ടങ്ങള്‍ പൂര്‍ത്തിയാക്കി. ഞാന്‍ എന്നും നിങ്ങള്‍ക്ക് വേണ്ടി പോരാടും. ഞങ്ങള്‍ തിരിച്ചുവരും, ഏതെങ്കിലും രൂപത്തില്‍. ഇറ്റ് വോണ്ട് ബി എ ലോങ്ങ് ഗുഡ് ബൈ.
ഡൊണാള്‍ഡ് ട്രംപ്
ജീവിതകാലത്ത് കിട്ടാവുന്നതില്‍ വെച്ചേറ്റവും വലിയ അംഗീകാരമാണ് ലഭിച്ചത്. ഗുഡ്ബൈ പറയാന്‍ മാത്രമാണ് നിങ്ങളെ കാണുന്നതെന്നും ട്രംപ് ജനക്കൂട്ടത്തോട് പറഞ്ഞു. യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ജോ ബൈഡന്റെ പേര് പോലും എടുത്തുപറയാന്‍ ട്രംപ് തയ്യാറായില്ല. പുതിയ സര്‍ക്കാരിന് വലിയ വിജയവും ഭാഗ്യവും നേരുകയാണെന്ന് ട്രംപ് ആശംസകള്‍ ഒതുക്കി. ട്രംപിനും മെലാനിയക്കും യാത്ര അയപ്പ് നല്കാന് ചെറിയ ഒരു ജനക്കൂട്ടമാണ് എത്തിയിരുന്നത്. മെലാനിയക്കൊപ്പം എയര്‍ഫോഴ്സ് വണ്‍ ചോപ്പറില്‍ കയറി അദ്ദേഹം ഫ്ളോറിഡയിലേക്ക് പോയി. ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാതെയാണ് ട്രംപിന്റെ പടിയിറക്കം. ബൈഡന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഫ്ളോറിഡയില്‍ തന്റെ ഉടമസ്ഥതയിലുള്ള മാര്‍ അ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ്. കഴിഞ്ഞ 150 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് പ്രസിഡന്റ് തന്റെ പിന്‍ഗാമിയുടെ സ്ഥാനാരോഹണം ഒഴിവാക്കുന്നത്.