വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യം; ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്നു കൊടുത്തെന്ന കേസില്‍ അറസ്റ്റിലായ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് നിപുണ്‍. നേരത്തെ കേസിലെ മറ്റുപ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തേവരയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യത്തിലായിരുന്നു നിപുണ്‍. അന്നത്തെ ജാമ്യ വ്യവസ്ഥയുടെ ലംഘനം നടത്തിയെന്ന പ്രോസിക്യൂഷന്റെ വാദമാണ് നിപുണിന്റെ ജാമ്യം നീണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പാണ് വൈറ്റില മേല്‍പ്പാലം ജനകീയ ഉദ്ഘാടനമെന്ന രീതിയില്‍ വി ഫോര്‍ പ്രവര്‍ത്തകള്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. സംഘത്തിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. പാലം ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: ”കുത്തിത്തിരിപ്പ് ഉണ്ടാക്കി ശ്രദ്ധ നേടാനാണ് ചിലര്‍ ശ്രമിച്ചത്. ആസൂത്രണഘട്ടത്തിലോ പ്രതിസന്ധിഘട്ടത്തിലോ ഒരു പ്രശ്നമുണ്ടായാല്‍ ഇവരുണ്ടാകില്ല. പദ്ധതി പണമില്ലാതെ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ ഇവര്‍ക്ക് ആത്മരോഷമുണ്ടായില്ല. അഴിമതിയുടെ ഫലമായി തൊട്ടടുത്തുള്ള ഒരു പാലത്തിന് ബലക്കുറവ് അനുഭവപ്പെട്ടപ്പോഴും ഇവരെ എവിടെയും കണ്ടില്ല. എന്നാല്‍ മുടങ്ങിയ പദ്ധതി പ്രതിസന്ധികള്‍ മറികടന്ന് പൂര്‍ത്തീകരിച്ചപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നത് നാട് കണ്ടു. പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയെന്ന തന്ത്രം പയറ്റുന്ന ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമാണിവര്‍. ഇത് നാട്ടിലെ ജനതയല്ല എന്ന് മനസിലാക്കണം. ഇവരെ ജനാധിപത്യവാദികള്‍ എന്ന് വിളിക്കുന്നതിനെ കപടത മനസിലാക്കണം. ഈ സര്‍ക്കാര്‍ കാണുന്നത് നാടിന്റെ വികസനമാണ്. അതിന് അടിസ്ഥാന സൗകര്യമൊരുക്കണം. അതിന് പ്രധാനമായി വേണ്ടത് പാലങ്ങളും റോഡുകളുമാണ്.” മുഖ്യമന്ത്രി പറഞ്ഞു.

Latest News