വയനാട് മരംമുറി: ഫോറസ്റ്റ് ഓഫീസറുടെ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിയുമായി റിപ്പോര്‍ട്ടര്‍ ടിവി

വയനാട് അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് ചാനലിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമനടപടിയുമായി റിപ്പോര്‍ട്ടര്‍ ടിവി. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ ഡി കെ വിനോദ് നല്‍കിയ റിപ്പോര്‍ട്ടിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അഭിഭാഷകന്‍ സെബാസ്റ്റ്യന്‍ പോള്‍ മുഖേന അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കി.

കേസിലെ പ്രതികളില്‍ ഒരാളായ റോജി അഗസ്റ്റില്‍ റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്റെ ഓഹരിയുടമയാണെന്ന ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോര്‍ട്ട് വസ്തുതക്കള്‍ക്ക് നിരക്കാത്തതാണ്. റോജി അഗസ്റ്റിന്‍ ഓഹരിയുടമ അല്ല. റിപ്പോര്‍ട്ടര്‍ ടിവിയുടെ മാതൃ കമ്പനിയായ ഇന്തോഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി സംബന്ധമായ വിവരങ്ങള്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2021 ഫെബ്രുവരി 17 ന് രാവിലെ റിപ്പോര്‍ട്ടര്‍ ടി വി നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാപരവും നിലനില്‍ക്കുന്നതുമാണ്. റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തെറ്റായ വിധത്തില്‍ വ്യാഖ്യാനിച്ച് റിപ്പോര്‍ട്ട് നല്‍കിയത് ഞങ്ങളുടെ കര്‍ത്തവ്യത്തിലെ കടന്നു കയറ്റമാണ്. ഈ സാഹചര്യത്തില്‍ തെറ്റ് തിരുത്തി കൃത്യമായ വിവരങ്ങള്‍ കത്ത് നല്‍കിയ എല്ലാവരെയും അറിയിക്കുകയും ചാനലിനെ ഖേദം അറിയിക്കുകയും ചെയ്തില്ലെങ്കില്‍ ക്രിമിനല്‍ നടപടി കൈക്കൊള്ളും എന്നും വക്കീല്‍ നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.

Covid 19 updates

Latest News