Top

ആ കുഞ്ഞുങ്ങള്‍ക്ക് നീതി ലഭിക്കുമോ? വാളയാര്‍ കേസിന്റെ പുനരന്വേഷണ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത്. കേസന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തിന് തയ്യാറാണെന്നും, പുനര്‍ വിചാരണയ്ക്ക് ഉത്തരവിടണമെന്നുമാണ് ആവശ്യം. 2019 ഒക്ടോബറിലാണ് വാളയാറിലെ ദളിത് സഹോദരിമാരെ പീഡിപ്പിച്ചു കൊന്ന കേസിലെ നാലു പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടത്. കേസന്വേഷണത്തിലെ […]

8 Nov 2020 8:14 PM GMT

ആ കുഞ്ഞുങ്ങള്‍ക്ക് നീതി ലഭിക്കുമോ? വാളയാര്‍ കേസിന്റെ പുനരന്വേഷണ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
X

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത്. കേസന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തിന് തയ്യാറാണെന്നും, പുനര്‍ വിചാരണയ്ക്ക് ഉത്തരവിടണമെന്നുമാണ് ആവശ്യം. 2019 ഒക്ടോബറിലാണ് വാളയാറിലെ ദളിത് സഹോദരിമാരെ പീഡിപ്പിച്ചു കൊന്ന കേസിലെ നാലു പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടത്. കേസന്വേഷണത്തിലെ വീഴ്ചയും, തെളിവുകള്‍ നിരത്തുന്നതിലെ പ്രോസിക്യൂഷന്റെ പരാജയവുമായിരുന്നു പ്രതികള്‍ രക്ഷപ്പെടാനുള്ള കാരണം.

വാളയാറില്‍ രണ്ടു കുരുന്നുകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഉടന്‍ നീതി ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്ക് നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷത്തിന് ഇപ്പുറവും നീതി നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേദിച്ച് വിധി ദിനം മുതല്‍ ചതി ദിനം വരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒക്ടോബര്‍ 25 ന് കുട്ടികളുടെ കുടുംബം അട്ടപ്പളത്തെ വീടിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്നു. ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും ഏഴു ദിവസം ആണ് സത്യാഗ്രഹം ഇരുന്നത്.

സമര പന്തലില്‍ ആള് കൂടുംതോറും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഗുരുതരമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ആണ് ഉയര്‍ന്നത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ശ്രമിച്ചെന്നായിരുന്നു പ്രധാന ആരോപണം. നിയമമന്ത്രി എ കെ ബാലന്‍ അട്ടപ്പളത്തിനു തൊട്ടടുത്ത പ്രദേശം ആയ ചെല്ലന്‍കാവില്‍ എത്തിയിട്ടും സമര പന്തലില്‍ എത്താതിരുന്നതും ചോദ്യം ചെയ്യപ്പെട്ടു. സമരത്തിന്റെ ആദ്യ ദിനങ്ങളില്‍ സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്ന് പറഞ്ഞ കുടുംബം പിന്നീട് അത് മാറ്റി പറഞ്ഞിരുന്നു.

ഒരു വര്‍ഷം മുന്നേ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ചെയ്തു കാണിക്കട്ടെ എന്ന് കുടുംബം ആവശ്യപ്പെട്ടു. ഹത്രാസും വാളയാറും തമ്മില്‍ അധിക ദൂരം ഇല്ലെന്ന് വന്നു പോയ കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം വേണം എന്നാണ് ബിജെപി പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഇതിനിടയില്‍ കേസില്‍ സംഭവിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച ആണെന്ന മുഖ്യമന്ത്രിയുടെ വാദത്തിനു തൊട്ട് പിന്നാലെ കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രാലയത്തിനും എതിരെ നിശിതമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

അഞ്ജാതനായ ആറാമനെ രക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് തനിക്ക് ഉറപ്പാണെന്ന് മൊഴി നല്‍കിയിരുന്നെങ്കിലും മൊഴി അട്ടിമറിക്കപ്പെട്ടതായി കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. ആറാമന്‍ ആരാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും തുറന്നുപറഞ്ഞേനെ. അയാളെ കണ്ടെത്താനാണ് താന്‍ പൊലീസ് സഹായം തേടിയതെന്നും കുട്ടികളുടെ അമ്മ പറയുന്നു. കേസ് ഈ വിധത്തില്‍ അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നുമാണ് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ വാളയാറില്‍ കുടുംബത്തിന്റേതും സര്‍ക്കാരിന്റേതും ഒരേ ശബ്ദം ആണെന്ന്് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറവും നീതി നടപ്പായിട്ടില്ല. 2019ല്‍ സംഭവിച്ച കേസില്‍ നിരവധി സമരവും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും ഒന്നിനും തുടര്‍ച്ച ഉണ്ടായിരുന്നില്ല. മക്കള്‍ക്ക് നീതി ലഭിക്കുന്നത് വരെ തെരുവില്‍ പോരാട്ടം തുടരുമെന്ന് തന്നെയാണ് കുടുംബത്തിന്റെ തീരുമാനം

Next Story