Top

വൈറ്റില പാലം ‘ഉദ്ഘാടനം’: നിപുണ്‍ ചെറിയാന് ജാമ്യമില്ല; മൂന്ന് വി ഫോര്‍ കൊച്ചി നേതാക്കള്‍ക്ക് ജാമ്യം

വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്ത കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാനൊഴികെ മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി.

7 Jan 2021 8:30 AM GMT

വൈറ്റില പാലം ‘ഉദ്ഘാടനം’: നിപുണ്‍ ചെറിയാന് ജാമ്യമില്ല; മൂന്ന് വി ഫോര്‍ കൊച്ചി നേതാക്കള്‍ക്ക് ജാമ്യം
X

വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്ത കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാനൊഴികെ മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. എറണാകുളം സിഎംജി കോടതിയുടേതാണ് ഉത്തരവ്. നിപുണിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കേസുകള്‍ നേരത്തെ നിലനിന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിപുണിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളിയത്.

നേരത്തെ തേവരയില്‍ പൊതുമുതല്‍ നശിപ്പിച്ച കസേില്‍ ജാമ്യത്തിലായിരുന്നു നിപുണ്‍ ചെറിയാന്‍. അന്നത്തെ ജാമ്യ വ്യവസ്ഥയുടെ ലംഘനം നടത്തിയെന്ന പ്രോസിക്യൂഷന്റെ വാദമാണ് നിപുണിന്റെ ജാമ്യം വിലക്കിയിരിക്കുന്നത്.

വി ഫോര്‍ കൊച്ചിയിലെ അംഗങ്ങളായ സൂരജ്, റാഫേല്‍, ആഞ്ചലോസ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 25,000 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസിലെ മറ്റ് പ്രതികളായ സാജന്‍ അസീസ്, ആന്റണി ആല്‍വിന്‍, ഷക്കീര്‍ അലി എന്നിവരുടെ ജാമ്യ ഹര്‍ജി കോടതി നാളെ പരിഗണിക്കും.

ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന രീതിയില്‍ വി ഫോര്‍ പ്രവര്‍ത്തകള്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് പൊലീസ് കണക്കാക്കിയിട്ടുള്ളത്. അതിനിടെ വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചി സംഘത്തിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ രംഗത്തെത്തി. തികച്ചും സാമൂഹ്യവിരുദ്ധരായ സംഘമാണ് പാലം തുറന്നുകൊടുത്തതെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ട്, വിശദമായ അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ അരൂര്‍ ഭാഗത്ത് നിന്നും പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് കടത്തിവിടുകയായിരുന്നു. ഇത്തരത്തില്‍ പാലത്തിലേക്ക് പ്രവേശിച്ചവാഹനങ്ങള്‍ക്ക് മറുവശത്ത് കൂടെ പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല്. മറുവശത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ ആയിരുന്നു പ്രശ്‌നം. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്ക് അുഭവപ്പെട്ടു.

Next Story