
മണ്ഡല ചരിത്രത്തില്‍ വലത് ഇടത് മുന്നണികള്‍ക്ക് ഒരുപോലെ അട്ടിമറി വിജയങ്ങള്‍ നേടികൊടുത്ത മണ്ഡലമാണ് പാലക്കാട് ജില്ലയിലെ തൃത്താല. ഏറ്റവും ഒടുവില്‍ രണ്ട് പതിറ്റാണ്ടുകാലത്തെ സിപിഐഎം മുന്നേറ്റത്തിന് തടയിട്ട് 2011-ല്‍ മണ്ഡലം പിടിക്കുകയും 2016-ല്‍ ആ വിജയം ആവര്‍ത്തിക്കുകയും ചെയ്തത് കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വി ടി ബല്‍റാമായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ തന്നെ കളത്തിലിറക്കി മണ്ഡലമുറപ്പിക്കാന് യുഡിഎഫ് കണക്കുകൂട്ടവെ എല്‍ഡിഎഫ് പാളയത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ മണ്ഡലത്തില്‍ പോരാട്ടം തീപാറുമെന്ന സൂചന നല്കുന്നു. മൂന്നാമങ്കത്തിന് വി ടി ബല്റാമാണെങ്കില് നേരിടാന്‍ ശക്തരായ യുവ നേതാക്കളെത്തന്നെ ഇടതുമുന്നണി രംഗത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തിലെ സ്ഥാനാര്‍ഥി സൂചനകള്‍ എം സ്വരാജ്, എം ബി രാജേഷ്, മുഹമ്മദ് റിയാസ് എന്നിവരില്‍ തുടങ്ങി ഇപ്പോള്‍ വി ഫോര്‍ പട്ടാമ്പി നേതാവ് ടി പി ഷാജിയില്‍ വരെ എത്തിനില്‍ക്കുകയാണ്.
മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പുകളായ 1965, 1967 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ ടി കുഞ്ഞനാണ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ കുഞ്ഞമ്പുവായിരുന്നു പ്രധാന എതിരാളി. എന്നാല്‍ 1970-ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി ഈച്ചരന്‍ സിപിഐഎമ്മില്‍ നിന്ന് മണ്ഡലം പിടിച്ചു. രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇ ടി കുഞ്ഞന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഈ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇടതുമുന്നണിക്ക് മണ്ഡലം നഷ്ടമാകുന്നത്.
1977-ല്‍ മണ്ഡലം അടുത്ത തെരഞ്ഞെടുപ്പിലേക്ക് കടന്നപ്പോഴും സിപിഐഎമ്മിന് മണ്ഡലം തിരിച്ചുപിടിക്കാനായില്ല. ആ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ ശങ്കരനാരായണന് ഇടത് സ്ഥാനാര്‍ഥി പി പി കൃഷ്ണനെ പരാജയപ്പെടുത്തി മണ്ഡലം കോണ്‍ഗ്രസിനൊപ്പമാക്കി. 1980-ലെ മാറിയ രാഷ്ട്രീയ പരിസ്ഥിതിയില്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ് യു മണ്ഡലത്തിലെ പ്രധാന എതിരാളിയായി മാറി. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മണ്ഡലത്തിലെത്തിയ പ്രമുഖ നേതാവ് എം പി താമി എതിര്‍സ്ഥാനാര്‍ഥി എന്‍ സുബ്ബയ്യനെ പരാജയപ്പെടുത്തി അട്ടിമറി ശ്രമം തടഞ്ഞു.
1982-ല്‍ മത്സരം വീണ്ടും സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലാവുകയും കോണ്‍ഗ്രസ് തന്നെ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കെ കെ ബാലകൃഷ്ണനാണ് ആ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1987-ല്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എ എം പി താമി വീണ്ടും മണ്ഡലത്തിലേക്ക് വീണ്ടും രംഗത്തിറങ്ങുകയും സിപിഐഎമ്മിന്റെ എം കെ കൃഷ്ണനെ മറികടന്ന് വിജയിക്കുകയും ചെയ്തു.
എന്നാല്‍ 1991-ല്‍ മണ്ഡലത്തില്‍ ലീഗ് മത്സരത്തിനിറങ്ങുകയും പത്തുവര്‍ഷത്തിനപ്പുറം സിപിഐഎം മണ്ഡലത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കുകയും ചെയ്തു. ഇ ശങ്കരന്-കെ പി രാമന് തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇ ശങ്കരന് മണ്ഡലം എല്‍ഡിഎഫിനൊപ്പമാക്കി. പിന്നീട് മുന്ന് ടേം മണ്ഡലം ഇടത് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചു. 1996, 2001 വര്‍ഷങ്ങളില്‍ സിപിഐഎമ്മിന്റെ വി കെ ചന്ദ്രനും 2006-ല്‍ ടിപി കുഞ്ഞുണ്ണിയും വിജയിച്ചു. 1996-ല്‍ കോണ്‍ഗ്രസിന്റെ എ പി അനില്‍കുമാറും, 2001, 2006 തെരഞ്ഞെടുപ്പുകളില്‍ പി ബാലനുമായിരുന്നു പ്രധാന എതിരാളികള്‍.

മണ്ഡലത്തിലെ അടുത്ത അട്ടിമറിക്ക് അരങ്ങൊരുങ്ങിയ 2011-ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥി പി മമ്മിക്കുട്ടിയെ 3197 വോട്ടുകള്‍ക്ക് പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം മണ്ഡലത്തില്‍ വിജയിച്ചു. അദ്ദേഹത്തെ ആദ്യമായി നിയമസഭയിലെത്തിച്ച ആ തെരഞ്ഞെടുപ്പോടെ രണ്ട് പതിറ്റാണ്ട് നീണ്ട ഇടത് മുന്നേറ്റത്തിനാണ് വി ടി ബല്‍റാം തടയിട്ടത്. 2016-ലും മണ്ഡലത്തില്‍ വിജയമാവര്‍ത്തിച്ച അദ്ദേഹം ആ തവണ ഭൂരിപക്ഷം പതിനായിരത്തിനുമേലേക്ക് ഉയര്‍ത്തി.
2011-ല്‍ നിന്ന് 2021 ലേക്ക് മണ്ഡലത്തിലെ തെരഞ്ഞെടുപ്പുചിത്രം മാറുമ്പോള്‍ വി ടി ബല്‍റാം എന്ന നേതാവിന്റെയും പ്രതിച്ഛായയില്‍ വളരെയധികം മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന സൈബറിടങ്ങളിലെ പോരുകളില്‍ സജീവസാന്നിധ്യമാണ് വി ടി ബല്‍റാം. ആരോപണങ്ങളും വിവാദങ്ങവിഷയങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ചര്‍ച്ചയാക്കുന്ന ബല്‍റാമിനോട് ഏറ്റുമുട്ടിയവരാണ് ഒട്ടുമിക്ക ഇടത് യുവ നേതാക്കളും. അത്തരം വാക്വാദങ്ങളെ നേരിടാന്‍ വിര്‍ച്വല്‍ മാധ്യമങ്ങളില്‍ തന്നെ പാടുപെടുന്ന മറുപക്ഷം തെരഞ്ഞെടുപ്പ് കളത്തിലും അതേ മുന്നൊരുക്കത്തോടുകൂടിയായിരിക്കും എത്തുക.
യുവ നേതാക്കളില്‍ പ്രധാനിയായ അദ്ദേഹത്തിന് യുവാക്കള്‍ക്കിടയിലും വലിയ സ്വാധീനമാണുള്ളത്. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഉള്‍പ്പെടാതെ നില്ക്കുന്നതിനാല് പാര്‍ട്ടിക്കുള്ളിലും ലീഗ് പിന്തുണയുള്ളതിനാല്‍ മുന്നണിക്കുള്ളിലും സ്വീകാര്യനാണ് വി ടി ബല്‍റാം. അതിനാല്‍ തന്നെ ശക്തനായ യുവ നേതാവിനെ നേരിടുക അത്ര എളുപ്പമല്ല മണ്ഡലത്തില്‍.
എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടാക്കാനായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത്. മണ്ഡലത്തിനുപുറത്തുനിന്ന് ശക്തനായ ഒരു സ്ഥാനാര്‍ഥിയെ വി ടി ബല്‍റാമിനെതിരെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാമെന്ന് അവര്‍ ലക്ഷ്യം വെയ്ക്കുന്നു. അതിനാല്‍ ബല്‍റാമിനെ നേരിടാന്‍ എം സ്വരാജ്, എം ബി രാജേഷ്, മുഹമ്മദ് റിയാസ് എന്നീ പ്രമുഖരിലൊരാള്‍ മണ്ഡലത്തിലെത്തുമെന്നായിരുന്നു ആദ്യ അഭ്യൂഹങ്ങള്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ മത്സരിക്കുമെന്ന് പറയപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ തൃപ്പുണിത്തുറയില്‍ കെ ബാബുവിനെതിരെ മത്സരിച്ച് അട്ടിമറിവിജയം നേടിയ എം സ്വരാജ് ഇത്തവണയും മണ്ഡലത്തിലെത്താന്‍ സാധ്യത കുറവാണ്. പ്രാദേശിക ഘടകങ്ങളില്‍ നിന്ന് കഴിഞ്ഞ തവണയുയര്ന്ന എതിര്‍പ്പ് ഇത്തവണയുമുണ്ടാകാമെന്നതാണ് അതിലൊരുഘടകം. അതിനാല്‍ സ്വരാജ് തൃപ്പുണിത്തുറയില്‍ തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് എത്തുമെന്നാണ് അടുത്ത അഭ്യൂഹം.

ഇതുവരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലാത്ത റിയാസ് മണ്ഡലത്തിലെത്തുകയാണെങ്കില് കേരളമാകെ ഉറ്റുനോക്കുന്ന മത്സരത്തിനായിരിക്കും തൃത്താല സാക്ഷ്യം വഹിക്കുക. അതേസമയം മണ്ഡലത്തില്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ജില്ലയില്‍ നിന്നു തന്നെയുള്ള യുവ നേതാവ് എം ബി രാജേഷിനാണ്. എം പിയായിരിക്കെ ദേശീയ രാഷ്ട്രീയത്തിലടക്കം ശ്രേദ്ധേയനായ അദ്ദേഹത്തിന് വി ടി ബല്‍റാമിന്റെ മുന്നേറ്റത്തെ തടയാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇതിനിടെയാണ് വി ഫോര്‍ പട്ടാമ്പി നേതാവ് ടി പി ഷാജിയുടെ പേരും മണ്ഡലത്തില്‍ സജീവമാകുന്നത്. കെപിസിസി നിര്‍വ്വാഹക സമിതിയംഗമായിരുന്ന ടി പി ഷാജി കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്ന്നായിരുന്നുവി ഫോര്‍ പട്ടാമ്പി എന്ന പേരില്‍ വിമത നീക്കം നടത്തിയത്. നഗരസഭ തെരഞ്ഞെടുപ്പില്‍ 28-ല്‍ 19 സീറ്റ് നേടിയ ഈ കൂട്ടായ്മ നഗരസഭയില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്കിയതും യുഡിഎഫിന് തിരിച്ചടിയായിരുന്നു. ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനവും ഉണ്ടായതിനുപിന്നാലെയാണ് നിലവില്‍ നഗരസഭ വൈസ് ചെയര്‍മാനായ ഷാജി തൃത്താലയില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്.