Top

മാതാപിതാക്കള്‍ വെന്തുപൊള്ളിപ്പോയ ബാലനോട് പൊലീസ് ഭാഷയില്‍ ആക്രോശിച്ചയാള്‍ പൊതുഖജനാവില്‍നിന്ന് ശമ്പളം വാങ്ങില്ലെന്ന് ഉറപ്പിക്കണം: വിടി ബെല്‍റാം

കഞ്ചാവ് കേസില്‍ന്റെ റെയ്ഡിനിടയില്‍ പാര്‍ട്ടിപ്രമുഖന്റെ മകന് നിഡോ പാല്‍ കിട്ടുന്നുണ്ടോ എന്നറിയാന്‍ ഓടിയെത്തിയ ബാലാവകാശകമ്മീഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ബെല്‍റാം കുറ്റപ്പെടുത്തി.

29 Dec 2020 12:44 AM GMT

മാതാപിതാക്കള്‍ വെന്തുപൊള്ളിപ്പോയ ബാലനോട് പൊലീസ് ഭാഷയില്‍ ആക്രോശിച്ചയാള്‍ പൊതുഖജനാവില്‍നിന്ന് ശമ്പളം വാങ്ങില്ലെന്ന് ഉറപ്പിക്കണം: വിടി ബെല്‍റാം
X

നെയ്യാറ്റിന്‍കരയില്‍ ജെപ്തി നടപടിയ്ക്കിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബെല്‍റാം എംഎല്‍എ. ജപ്തി നടപടികള്‍ക്ക് സ്റ്റേ ലഭിക്കുന്നതിന് മുന്‍പ് തന്നെ ആ കുടുംബത്തെ വലിച്ചുപുറത്തേക്കിടാന്‍ നിയമപാലനത്തിടുക്കം കാട്ടിയ ഉദ്യോഗസ്ഥരാണ് ദമ്പതികളുടെ മരണത്തിന്റെ പ്രധാന ഉത്തരവാദിയെന്ന് ബെല്‍റാം ആഞ്ഞടിച്ചു.

കഞ്ചാവ് കേസില്‍ന്റെ റെയ്ഡിനിടയില്‍ പാര്‍ട്ടിപ്രമുഖന്റെ മകന് നിഡോ പാല്‍ കിട്ടുന്നുണ്ടോ എന്നറിയാന്‍ ഓടിയെത്തിയ ബാലാവകാശകമ്മീഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ബെല്‍റാം കുറ്റപ്പെടുത്തി. കണ്‍മുന്നില്‍ മാതാപിതാക്കള്‍ വെന്തുപൊള്ളിപ്പോയ ബാലനോട് പൊലീസ് ഭാഷയില്‍ ആക്രോശിച്ച മനസാക്ഷിയില്ലാത്തയാള്‍ പൊതുഖജനാവില്‍ നിന്ന് ഇനി ശമ്പളം വാങ്ങില്ലെന്ന് ഉറപ്പിക്കാന്‍ കേരളീയ സമൂഹത്തിലാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിടി ബെല്‍റാമിന്റെ ഫേസ്്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

കുടിയൊഴിപ്പിക്കലിന് സ്റ്റേ കിട്ടുമെന്ന് അറിഞ്ഞിട്ടും അതിനു മുൻപേ ഓടിയെത്തി ആ കുടുംബത്തെ വലിച്ച് പുറത്തേക്കിടാൻ അമിതാവേശം കാട്ടിയ കേരളാ പോലീസ് തന്നെയാണ് ആ രണ്ട് മരണങ്ങളുടേയും അത് സൃഷ്ടിച്ച ശൂന്യമായ അനാഥത്വങ്ങളുടേയും പ്രധാന ഉത്തരവാദി. ഭക്ഷണം കഴിച്ച് പൂർത്തിയാക്കാൻ പോലും അനുവദിക്കാത്ത “നിയമപാലന”ത്തിടുക്കത്തിൻ്റെ മിനുട്ടുകൾക്ക് ശേഷം സ്റ്റേ ഉത്തരവ് എത്തുകയും ചെയ്തു!കഞ്ചാവ് കേസിൻ്റെ റെയ്ഡിനിടയിൽ പാർട്ടി പ്രമുഖൻ്റെ കൊച്ചുമോന് നിഡോ പാൽ കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ഓടിയെത്തിയ ബാലാവകാശ കമ്മീഷനടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഈ വിഷയം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. സാംസ്ക്കാരിക ലോകത്തെ ഭജനസംഘമാവട്ടെ, ഇതിലെ ഭരണകൂട ക്രൂരതയെ മറച്ചു പിടിച്ച് വിലാപകാവ്യത്തിൽ മാത്രം ശ്രദ്ധയൂന്നുകയാണ്.സ്വന്തം കൺമുന്നിൽ മാതാപിതാക്കൾ വെന്തുപൊള്ളിപ്പോയ ഒരു ബാലനോട് പിന്നെയും “പോലീസ് ഭാഷ” യിൽ ആക്രോശിക്കുന്ന മനസ്സാക്ഷിയില്ലാത്തവർ പൊതുഖജനാവിൽ നിന്ന് ഇനി ശമ്പളം വാങ്ങരുത് എന്ന് ഉറപ്പിക്കാൻ കേരളീയ സമൂഹത്തിനാവണം. ഒരൊറ്റ നിമിഷത്തിൻ്റെ ആളിക്കത്തലിൽ ആരുമില്ലാത്തവരായി മാറിയ, വലിയവരേ സംബന്ധിച്ച് ആരുമല്ലാത്തവരായി നേരത്തേ മാറിയിരുന്ന, ആ കൗമാരങ്ങൾക്ക് സംരക്ഷണവും ആത്മവിശ്വാസവും നൽകാൻ ഭരണകൂടം തയ്യാറായി കടന്നു വരണം. കിറ്റ് പോലുള്ള ഔദാര്യമായിട്ടല്ല, ചെയ്ത തെറ്റിൻ്റെ പ്രായച്ഛിത്തമായിട്ട്, ഒരു നാടെന്നെ നിലയിലെ ഉത്തരവാദിത്തമായിട്ട്.

Next Story

Popular Stories