Top

കൈപ്പത്തിക്ക് കുത്തിയാല്‍ വോട്ട് താമരയ്ക്ക്; പ്രശ്‌നം പരിഹരിച്ചു, വോട്ടിംഗ് പുനരാരംഭിച്ചു

വയനാട് കണിയാമ്പറ്റ പഞ്ചായത്ത് 54-ാം ബൂത്തിലെ പോളിംഗ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയില്‍ പതിയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വോട്ടിംഗ് നിര്‍ത്തി വെച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോളിംഗ് പുനരാരംഭിച്ചത്. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. പരാതിക്കാരായ മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നായിരുന്നു പരാതി. സംഭവത്തെത്തുടര്‍ന്ന് […]

6 April 2021 2:58 AM GMT

കൈപ്പത്തിക്ക് കുത്തിയാല്‍ വോട്ട് താമരയ്ക്ക്; പ്രശ്‌നം പരിഹരിച്ചു, വോട്ടിംഗ് പുനരാരംഭിച്ചു
X

വയനാട് കണിയാമ്പറ്റ പഞ്ചായത്ത് 54-ാം ബൂത്തിലെ പോളിംഗ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയില്‍ പതിയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വോട്ടിംഗ് നിര്‍ത്തി വെച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോളിംഗ് പുനരാരംഭിച്ചത്.

കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. പരാതിക്കാരായ മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നായിരുന്നു പരാതി. സംഭവത്തെത്തുടര്‍ന്ന് യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് കമ്പളക്കാട് യുപി സ്‌കൂളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്പര്‍ ബൂത്തിലാണ് പ്രശ്‌നമുണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് മന്ത്രിമാരുടെ ചിത്രങ്ങള്‍ മാറ്റി.

അതേസമയം, ഉടുമ്പന്‍ചോല മണ്ഡലത്തിലെ ഇരട്ടവോട്ട് ആരോപണത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മറുപടിയുമായി സിപിഐഎം രംഗത്തെത്തി. എന്‍ഡിഎയുടെ ഇരട്ടവോട്ട് ആരോപണം പരാജയഭീതി മൂലമാണെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എന്‍ വിജയന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ പോകുന്ന തോട്ടംതൊഴിലാളികളെ ബിജെപിയും കോണ്‍ഗ്രസും ആക്രമിക്കുന്നു. ജനങ്ങളെ തടയാന്‍ ഇവര്‍ക്ക് എന്ത് അവകാശം. അതിനെ സിപിഐഎം ചോദ്യം ചെയ്യും. ഇരട്ടവോട്ട് ഉണ്ടെങ്കില്‍ പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും വിജയന്‍ പറഞ്ഞു.

സിപിഐഎമ്മിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സന്തോഷ് മാധവനാണ് രംഗത്തെത്തിയത്. ഇരട്ടവോട്ടിനായി തമിഴ്‌നാട്ടില്‍ നിന്ന് 9000ലധികം ആളുകളെ സിപിഐഎം കേരളത്തില്‍ എത്തിച്ചെന്ന് സന്തോഷ് ആരോപിച്ചു. കാട്ടുപാത വഴിയാണ് ആളുകളെ കേരളത്തിലെത്തിച്ചത്. ഇതിന് ചില പൊലീസുകാരും കൂട്ടുനില്‍ക്കുകയാണ്. ഇരട്ടവോട്ട് തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ സിപിഐഎം നേതാവ് പൊലീസ് സ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് മാധവന്‍ ആരോപിച്ചു.

നേരത്തെ നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ കേരളത്തിലെത്തിയെന്ന് ആരോപിച്ചാണ് സംഘത്തെ തടഞ്ഞുവച്ചിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥലത്ത് നേരിയ സംഘര്‍ഷം ഉടലെടുത്തതോടെ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഘത്തെ ചോദ്യംചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, തങ്ങള്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് എത്തിയതെന്നാണ് സംഘം പറയുന്നത്.

Next Story