Top

‘സിന്ധുമോള്‍ മത്സരത്തിന് സര്‍വഥാ യോഗ്യ,നടപടിയെക്കുറിച്ച് അറിയില്ല’; ലോക്കല്‍ കമ്മിറ്റിയെ തള്ളി വിഎന്‍ വാസവന്‍

ജനപ്രതിനിധി എന്ന നിലയില്‍ സിന്ധുമോള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചയാളാണ്. അതിനാല്‍ത്തന്നെ മത്സരിക്കാന്‍ യോഗ്യയുമാണ്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെല്ലാം കൃത്യനിഷ്ഠയോടെ ചെയ്തുതീര്‍ക്കാന്‍ സിന്ധുമോള്‍ ശ്രമിക്കാറുണ്ടെന്നും വാസവന്‍ പറഞ്ഞു.

11 March 2021 4:31 AM GMT

‘സിന്ധുമോള്‍ മത്സരത്തിന് സര്‍വഥാ യോഗ്യ,നടപടിയെക്കുറിച്ച് അറിയില്ല’; ലോക്കല്‍ കമ്മിറ്റിയെ തള്ളി വിഎന്‍ വാസവന്‍
X

പിറവത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയ ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി തീരുമാനത്തെ തള്ളി സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍. സിന്ധുമോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സര്‍വഥാ യോഗ്യയാണെന്നും പ്രാദേശിക നേതൃത്വത്തിന്റെ നടപടിയെക്കുറിച്ച് അറിയില്ലെന്നും വിഎന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള അധികാരം ലോക്കല്‍ കമ്മിറ്റിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനപ്രതിനിധി എന്ന നിലയില്‍ സിന്ധുമോള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചയാളാണ്. അതിനാല്‍ത്തന്നെ മത്സരിക്കാന്‍ യോഗ്യയുമാണ്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെല്ലാം കൃത്യനിഷ്ഠയോടെ ചെയ്തുതീര്‍ക്കാന്‍ സിന്ധുമോള്‍ ശ്രമിക്കാറുണ്ടെന്നും വാസവന്‍ പറഞ്ഞു. മറ്റുകാര്യങ്ങളെക്കുറിച്ചെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിന്ധുമോളെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം പ്രാദേശിക നേതൃത്വം ഇവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി അറിയിച്ചിരുന്നു. ഈ തീരുമാനം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ലോക്കല്‍ കമ്മിറ്റിയെ തള്ളി പാര്‍ട്ടി കോട്ടയം ജില്ലാ നേതൃത്വം രംഗത്തെത്തിയത്.

പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് സ്ഥാനാര്‍ത്ഥിത്വം എന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ബ്രാഞ്ച് കമ്മറ്റിയില്‍നിന്നും പുറത്താക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സിന്ധുമോള്‍ പറയുന്നത്. ചില വ്യക്തികളാണ് ഇതിന് പിന്നിലെന്നും പാര്‍ട്ടി അതിന് താക്കീത് നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എം തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ അനുവാദത്തോടെയെന്ന് സിന്ധുമോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

പിറവത്തും കടത്തുരുത്തിയിലും തന്റെ പേര് ചര്‍ച്ചയിലുണ്ടായിരുന്നതായി കേട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ ദിവസം ജോസ് കെ മാണി വിളിച്ചറിയിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമുണ്ടായതായി അറിഞ്ഞത്. സിപിഐഎമ്മിന് സമ്മതമാണെങ്കില്‍ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു തന്റെ നിലപാടെന്നും സിന്ധുമോള്‍ ജേക്കബ് അറിയിച്ചു.

പാര്‍ട്ടി പ്രാദേശിക നേതൃത്വത്തോട് ആലോചിക്കാതെയാണ് സിന്ധുമോള്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പോയതെന്നാണ് സിപിഐഎം ബ്രാഞ്ച് കമ്മറ്റിയുടെ പ്രധാന വിമര്‍ശനം. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ ബ്രാഞ്ച് കമ്മറ്റി യോഗം ചേര്‍ന്ന് സിന്ധുവിനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയും ലോക്കല്‍ കമ്മറ്റി ഇത് നടപ്പാക്കുകയുമായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചെയ്തതിന് പുറത്താക്കുന്നു എന്നാണ് കമ്മറ്റികളുടെ വിശദീകരണം.

എന്നാല്‍ സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി സിന്ധുവിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിന്ധു മത്സരിച്ചത് സ്വതന്ത്രയായിട്ടാണെന്നും സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നുമാണ് കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.

അതേസമയം, സിന്ധുമോളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കേരള കോണ്‍ഗ്രസില്‍ത്തന്നെ പ്രതിഷേധം രൂക്ഷമാവുകയാണ്. പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു. കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജില്‍സിന്റെ രാജി. ജോസ് കെ മാണി കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ജില്‍സ് തുറന്നടിച്ചു. സിന്ധുമോള്‍ ജേക്കബിനെ സിപിഐഎം പുറത്താക്കിയ നടപടി നാടകമാണെന്നും ജില്‍സ് ആരോപിച്ചു. പുറത്താക്കിയ ആള്‍ക്കുവേണ്ടി സിപിഐഎം എങ്ങനെ പ്രചരണത്തിനിറങ്ങുമെന്നും ജില്‍സ് ചോദിച്ചു.

Next Story