Top

ഫസ്റ്റ് ബെല്‍ എട്ടരയ്ക്ക് തന്നെ അടിക്കും; പ്രവേശനോത്സവത്തിന് കുരുന്നുകള്‍ തയ്യാര്‍; മുഖ്യമന്ത്രി കോട്ടണ്‍ഹില്‍ സ്‌കൂളിലെത്തും

രാവിലെ 8.30 ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി നിര്‍വഹിക്കും.

31 May 2021 8:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫസ്റ്റ് ബെല്‍ എട്ടരയ്ക്ക് തന്നെ അടിക്കും; പ്രവേശനോത്സവത്തിന് കുരുന്നുകള്‍ തയ്യാര്‍; മുഖ്യമന്ത്രി കോട്ടണ്‍ഹില്‍ സ്‌കൂളിലെത്തും
X

മൂന്നരലക്ഷം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കും. രാവിലെ 8.30 ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി നിര്‍വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെയാണ് ഇത്തവണയും. വിക്ടേഴ്‌സ് ചാനലിലൂടെയാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. മുന്‍വര്‍ഷത്തെ ക്ലാസുകളില്‍ ആവശ്യമായ ഭേദഗതി വരുത്തി കൂടുതല്‍ ആകര്‍ഷകമായിട്ടാകും ഈ വര്‍ഷത്തെ സംപ്രേഷണം. ഇത്തവണ സ്‌കൂള്‍തല അധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്.

പ്രവേശനോത്സവത്തോട് അനുബന്ധിച്ചു കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികൾ ഇന്ന് സംപ്രേഷണം ചെയ്യും.
പ്രവേശനോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാനായി പാട്ടു പാടിയും കഥ പറഞ്ഞും അധ്യാപകർക്ക് അയച്ചു കൊടുക്കുകയാണ് കൊച്ചു കൂട്ടുകാർ.

കളിയും ചിരിയും കരച്ചിലുമില്ലാതെ സ്കൂളുകൾ അടഞ്ഞു തന്നെ കിടക്കുകയാണ്. പുതു കുപ്പായവും , ബാഗും, പുസ്തകങ്ങളുമായി സ്കൂളിലേയ്ക്ക് കൈപിടിച്ച് കയറിവരാൻ കാലം അനുവദിക്കുന്നില്ല. വരാന്തകളിലൂടെ ഓടികളിക്കുന്ന കൂട്ടുകാർ ഇല്ല.അമ്മപോകുന്നത് നോക്കി കരഞ്ഞു നിലവിളിക്കുന്ന കാഴ്ചകളും ഇല്ല. പ്രവേശനോത്സവത്തോടനുബന്ധിച്ച് കാണാറുള്ള ഇത്തരം പതിവുകാഴ്ചകള്‍ ഇത്തവണ കാണാനില്ലെങ്കിലും വിര്‍ച്വല്‍ പ്രവേശനോത്സവത്തിന്റെ പകിട്ട് കുറയാതിരിക്കാന്‍ നിരവധി പരിപാടികളാണ് വിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

രാവിലെ 11 മണിമുതല്‍ യുഎന്‍ ദുരന്തനിവാരണ വിഭാഗത്തലവന്‍ മുരളി തുമ്മാരുക്കുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യല്‍ പോളിസി ഉപദേഷ്ടാവ് പീയുഷ് ആന്റണി എന്നിവര്‍ കുട്ടികളോട് സംസാരിക്കും. ഉച്ചയ്ക്ക് ശേഷം ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ജയപ്രകാശുമായുള്ള തസ്തമയ ഫോണ്‍ ഇന്‍ പരിപാടിയും ഉണ്ടായിരിക്കും. നാളെമുതല്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ആരംഭിക്കും.

Next Story

Popular Stories