Top

”ലോകത്തെ മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കേണ്ടത് ഒരൊറ്റ മത്സരത്തിലൂടെയല്ല” തോല്‍വിയില്‍ നിരാശ മറച്ചുവയ്ക്കാതെ ഇന്ത്യന്‍ നായകന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോടു പരാജയപ്പെട്ടതിനു പിന്നാലെ ഐ.സി.സിയോട് പരിഭവം പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ലോക ടെസ്റ്റ് ചാമ്പ്യനെ തെരഞ്ഞെടുക്കേണ്ടത് കേവലം ഒരൊറ്റ മത്സരത്തിലൂടെയല്ലെന്നും ചുരുങ്ങിയത് ബെസ്റ്റ് ഓഫ് ത്രീ ഫോര്‍മാറ്റെങ്കിലും ഫൈനലിനു വേണമെന്നും കോഹ്ലി പറഞ്ഞു. ”വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ടെസ്റ്റ് പരമ്പരകളുടെ ആകെത്തുകയാണ് ഫൈനല്‍. അതിന് ടെസ്റ്റ് ക്രിക്കറ്റിന്റേതായ സ്വഭാവം വേണം. കേവലം ഒരു മത്സരത്തിലൂടെ ജേതാവിനെ കണ്ടെത്തുന്നത് പരിഹാസ്യമാണ്. മത്സരം സമനിലയില്‍ ആയാല്‍ സംയുക്ത ജേതാക്കളെ പ്രഖ്യാപിക്കുന്ന രീതി […]

24 Jun 2021 12:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”ലോകത്തെ മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കേണ്ടത് ഒരൊറ്റ മത്സരത്തിലൂടെയല്ല” തോല്‍വിയില്‍ നിരാശ മറച്ചുവയ്ക്കാതെ ഇന്ത്യന്‍ നായകന്‍
X

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോടു പരാജയപ്പെട്ടതിനു പിന്നാലെ ഐ.സി.സിയോട് പരിഭവം പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ലോക ടെസ്റ്റ് ചാമ്പ്യനെ തെരഞ്ഞെടുക്കേണ്ടത് കേവലം ഒരൊറ്റ മത്സരത്തിലൂടെയല്ലെന്നും ചുരുങ്ങിയത് ബെസ്റ്റ് ഓഫ് ത്രീ ഫോര്‍മാറ്റെങ്കിലും ഫൈനലിനു വേണമെന്നും കോഹ്ലി പറഞ്ഞു.

”വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ടെസ്റ്റ് പരമ്പരകളുടെ ആകെത്തുകയാണ് ഫൈനല്‍. അതിന് ടെസ്റ്റ് ക്രിക്കറ്റിന്റേതായ സ്വഭാവം വേണം. കേവലം ഒരു മത്സരത്തിലൂടെ ജേതാവിനെ കണ്ടെത്തുന്നത് പരിഹാസ്യമാണ്. മത്സരം സമനിലയില്‍ ആയാല്‍ സംയുക്ത ജേതാക്കളെ പ്രഖ്യാപിക്കുന്ന രീതി എങ്ങനെ ശരിയാകും. എന്റെ അഭിപ്രായത്തില്‍ മൂന്നു മത്സര പരമ്പരയായിട്ടെങ്കിലും വേണം ഫൈനല്‍”- കോഹ്ലി പറഞ്ഞു.

”ഇപ്പോഴെത്ത തരത്തില്‍ ഫൈനല്‍ നടത്തുന്നത് അഭികാമ്യമല്ല. ഒരു സീസണ്‍ മുഴുവന്‍ മികച്ച കളി കാഴ്ചവച്ച ഒരു ടീമിന് ഒരു മത്സരത്തിലെ പിഴവിലൂടെ കിരീടം നഷ്ടമാകുന്നത് അനീതിയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിന്റെ പ്രകടനങ്ങള്‍ക്കൊപ്പം തന്നെ കാലാവസ്ഥ അടക്കമുള്ള മറ്റ് ഘടകങ്ങള്‍ക്കും പ്രാധാന്യമുണ്ട്. അതൊക്കെ പരിഗണിച്ച് മൂന്നു മത്സര പരമ്പരയായി വേണം ഫൈനല്‍”- കോഹ്ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്ന നീക്കത്തെ പ്രകീര്‍ത്തിക്കാനും കോഹ്ലി മറന്നില്ല. ”ക്രിക്കറ്റിനെ രക്ഷിക്കുന്ന നീക്കമാണ് ഐ.സി.സിയുടേത്. ടെസ്റ്റ് മത്സരങ്ങളാണ് ക്രിക്കറ്റിന്റെ ജീവന്‍. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ ഈ നീക്കം സഹായിക്കും.”- കോഹ്ലി അഭിപ്രായപ്പെട്ടു.

സതാംപ്ടണില്‍ ഇന്നലെ അവസാനിച്ച ഫൈനലില്‍ എട്ടുവിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തകര്‍ത്ത് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയത്. അവരുടെ ആദ്യ പ്രധാന ഐ.സി.സി. കിരീടവുമാണിത്. അതേസമയം കോഹ്ലിയുടെ കീഴില്‍ ഇന്ത്യ തോല്‍ക്കുന്ന മൂന്നാമത്തെ ഐ.സി.സി. നോക്കൗട്ട് മത്സരമാണിത്.

ഇതിനു മുമ്പ് 2017 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പാകിസ്താനോടും 2019 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോടും കോഹ്ലിയുടെ കീഴില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നു. ഇനി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യ കളിക്കാനിറങ്ങുന്ന അടുത്ത പ്രധാന ഐ.സി.സി. ടൂര്‍ണമെന്റ്്.

Next Story

Popular Stories