നടിയെ ആക്രമിച്ച കേസ്; വിപിന്‍ലാലിനെ കാണാനില്ലെന്ന് പ്രോസിക്യൂട്ടര്‍, ഞാൻ എറണാകുളത്ത് തന്നെ ഉണ്ടെന്ന് വിപിന്‍ ലാൽ

താൻ എങ്ങും ഒളിവിൽ പോയിട്ടില്ലെന്നും കൊച്ചിയിൽ തന്നെയുണ്ടെന്നും നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ. ഇയാളെ കാണാനില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനു പിന്നാലെ റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയായിരുന്നു വിപിൻ. താൻ ജയിൽ ചാടി വന്ന വ്യക്തിയല്ലെന്നും കോടതിക്കും ജയിൽ അധികൃതർക്കുമാണ് തെറ്റ് പറ്റിയിരിക്കുന്നതെന്നും വിപിൻ പറഞ്ഞു.

തെറ്റ് പറ്റിയിരിക്കുന്നത് ജയിലിനും കോടതിക്കുമാണ്. ഞാൻ ജയിലിൽ നിന്ന് ഇറങ്ങിയിട്ട് മൂന്നു വർഷമായി. ഇതിനിടക്ക് കോടതി പലതവണ സമൻസ് അയച്ചിരുന്നു. അത് എന്റെ വീട്ടിലെ അഡ്രസ്സിലാണ് അയച്ചത്. ഞാൻ ജയിലിൽ ആണെന്ന് കരുതിയിരുന്നെങ്കിൽ എന്റെ വീട്ടിലെ അഡ്രസ്സിലേക്ക് എന്തിന് സമൻസ് അയച്ചു. ഒരു മാപ്പുസാക്ഷിയായ ആൾ മൂന്നര വർഷം ജയിലിൽ കിടക്കണം എന്നാണോ.

വിപിന്‍ ലാൽ

താൻ ജയിൽ അധികൃതർ അറിയിച്ചിട്ടാണ് ജയിലിൽ നിന്ന് ഇറങ്ങിയതെന്നും തന്റെ സംരക്ഷണം ആണുദ്ദേശമെങ്കിൽ താൻ ഇപ്പോൾ കാസർഗോഡ് കോടതിയുടെ വിറ്റൻസ് പ്രൊട്ടെക്ഷനിലാനിന്നും വിപിൻ ലാൽ പറഞ്ഞു. ഇയാൾ ജയിൽ മോചിതനായതിന്റെ രേഖകൾ ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോഴാണ് വിപിൻ ലാലിനെ കസ്റ്റഡിയിലെടുക്കാൻ കോടതി നിർദേശം നൽകിയത്. 

അതേസമയം വിപിൻ ലാൽ ഹാജരാകാതിരുന്നത് മൂലം നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് തുടരാൻ കഴിഞ്ഞില്ല. വിപിൻ ലാലിനെ 23ന് ഹാജരാക്കണമെന്ന് കോടതി അറിയിച്ചു. ഇയാൾക്കെതിരെ കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കോടതി വിചാരണ നാളെ തുടങ്ങും. നടി കാവ്യാ മാധവന്റെ സഹോദരനെയും ഭാര്യയെയും നാളെ കോടതി വിസ്തരിക്കും.

Latest News