ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങുന്നു; പ്രതീക്ഷകള്‍ ഉണര്‍ത്തി ടൂറിസം മേഖല

കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞില്ലെങ്കിലും ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികള്‍ എത്തി തുടങ്ങി. നിലവില്‍ വളരെ കുറച്ച് സഞ്ചാരികള്‍ മാത്രമാണ് എത്തുന്നതെങ്കിലും അടുത്ത സീസണോടെ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.

സംസ്ഥാനത്തെ പ്രധാന വീക്കെന്‍ഡ് ഡെസ്റ്റിനേഷനായ രാമക്കല്‍മേട്, കാല്‍വരിമൗണ്ട്, ഇടുക്കി, അഞ്ചുരുളി, തൂവല്‍ വെള്ളചാട്ടം തുടങ്ങിയ പ്രദേശങ്ങളിലെ കാഴ്ചകള്‍ ആസ്വദിയ്ക്കുന്നതിനായി സഞ്ചാരികള്‍ വീണ്ടും എത്തി തുടങ്ങിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് റിസോര്‍ട്ടുകളും ഹോം സ്റ്റേകളും വീണ്ടും തുറന്നിരിക്കുന്നത്. നിലവില്‍ പല സ്ഥാപനങ്ങളിലും ബുക്കിംഗ് ലഭിച്ച് തുടങ്ങി.

വീക്കെന്‍ഡ് ഡെസ്റ്റിനേഷനായ രാമക്കല്‍മേട്ടില്‍ നിരവധി ആളുകളാണ് ടൂറിസം മേഖലയെ ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. രാമക്കല്ലിന്റെ കാഴ്ചയും കുറവന്‍ കുറത്തി ശില്പവും മലമുഴക്കി വേഴാമ്പല്‍ ശില്പവും കാറ്റാടി പാടങ്ങളും തമിഴ്നാടന്‍ കൃഷിയിടങ്ങളുടെ കാഴ്ചകളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. രാമക്കല്‍മേട്ടിലെ ഡിറ്റിപിസി സെന്ററും ആമകല്ലിലേയ്ക്കുള്ള ജീപ്പ് സഫാരിയും പുനരാരംഭിച്ചിട്ടില്ല.

ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഡിറ്റിപിസി സെന്റര്‍ തുറക്കുമെന്നാണ് പ്രതീക്ഷ. പ്രളയകാലവും കൊവിഡ് പ്രതിസന്ധിയും വന്‍ ആഘാതമാണ് ടൂറിസം മേഖലയ്ക്ക് സമ്മാനിച്ചത്. കൊവിഡ് ആശങ്കകള്‍ക്ക് നടുവിലും സഞ്ചാരികള്‍ എത്തിതുടങ്ങിയത് ടൂറിസം മേഖലയ്ക്ക് പുതിയ പ്രതീക്ഷയാവുന്നു.

Covid 19 updates

Latest News