‘മികച്ച ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകന്‍’; ജോണ്‍ ബ്രിട്ടാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ കുറിച്ച് വിജയരാഘവന്‍

കൈരളി എംഡിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളില്‍ ഒരാളുമായിരുന്ന ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് മികച്ച ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകന്‍ ആയതുകൊണ്ടാണെന്നും സിപി ഐഎം. ഓരോ സഖാക്കളുടേയും കഴിവും കരുത്തും പാര്‍ട്ടി വിലയിരുത്താറുണ്ടെന്നും പാര്‍ട്ടി ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

‘പത്രപ്രവര്‍ത്തനം എന്നത് മികച്ച പ്രവര്‍ത്തിയാണ്. പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം ഇടതുപക്ഷ പത്ര പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തിയിട്ടുണ്ട്. മാധ്യമ രംഗത്തുള്ള പ്രതിനിധികളെ രാജ്യസഭയിലേക്ക് നേരത്തേയും സിപിഐഎം അയക്കുകയുണ്ടായി. അവരെല്ലാം വളരെ മികച്ച പാര്‍ലമെന്റിറയന്‍മാരായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനവും. ഒരു സംഘടന എന്ന നിലയില്‍ സിപിഐഎം അവരുടെ എല്ലാ സഖാക്കളേയും വിലയിരുത്തും. അതില്‍ നിന്നാണ് ഇപ്പോള്‍ രണ്ട് പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. അത് പാര്‍ട്ടിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. പാര്‍ട്ടി അവരുടെ കഴിയും കരുത്തുമെല്ലാം വിലയിരുത്തും.’ എ വിജയരാഘവന്‍ പറഞ്ഞു.

ജോണ്‍ബ്രിട്ടാസിനെ കൂടാതെ സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസാണ് മറ്റൊരു രാജ്യസഭാ സ്ഥാനാര്‍ത്ഥി. സി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവില്‍ നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ലഭിക്കുക.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ പിവി അബ്ദുള്‍ വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ചെറിയാന്‍ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിര്‍ദേശിക്കുകയായിരുന്നു.
ഇതിന് പുറമേ ഇപി ജയരാജന്‍, തോമസ് ഐസക്, എകെ ബാലന്‍, ജി സുധാകരന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു.

Covid 19 updates

Latest News