‘അര്‍ഹിക്കുന്ന വില കിട്ടുന്നില്ല,അവഗണന മടുത്തു’; മലയാളത്തില്‍ ഇനി പാടുകയില്ലെന്ന് വിജയ് യേശുദാസ്

ഇനി മലയാളത്തില്‍ പാടില്ലെന്ന അപ്രതീക്ഷിത തീരുമാനവുമായി ഗായകന്‍ വിജയ് യേശുദാസ്. മലയാളത്തില്‍ പിന്നണി ഗായകരും സംഗീത സംവിധായകരും നേരിടുന്ന അവഗണനയാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്ന് വിജയ് യേശുദാസ് പറഞ്ഞു. തന്റെ പിതാവും പ്രശസ്ത ഗായകനുമായ യേശുദാസിന് അടക്കം സംഗീത ലോകത്തുനിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും തന്റെ തീരുമാനത്തിന് കാരണമായെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഗായകനായും നടനായും തിളങ്ങിനില്‍ക്കെയാണ് താരത്തിന്റെ പ്രഖ്യാപനം.

മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

വിജയ് യേശുദാസ്

മലയാള പിന്നണി ഗാനരംഗത്ത് 20 വര്‍ഷം പിന്നിടുമ്പോഴാണ് വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ താരത്തിന്റെ വെളിപ്പെടുത്തല്‍.

അച്ഛന്‍ യേശുദാസിന്റെ പാത പിന്തുടര്‍ന്ന് മലയാള സംഗീത ലോകത്തേക്ക് കടന്നുവന്ന വിജയ് പിന്നീട് സൗത്ത് ഇന്ത്യയിലേക്കും അവിടെ നിന്ന ഇന്ത്യയൊട്ടാകെയുള്ള എല്ലാ ഭാഷകളിലും തന്റെ ശബ്ദം പതിപ്പിച്ചിരുന്നു. അടുത്ത കാലത്ത് അഭിനയ രംഗത്തും സജീവ സാന്നിധ്യമായ താരത്തിന് ബോളിവുഡില്‍ നിന്നടക്കം അവസരങ്ങള്‍ തേടിയെത്തിയിരുന്നു. ജോസഫിലെ ‘പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് നേടിയിരുന്നു. ഇതടക്കം മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് കരസ്ഥമാക്കിയിട്ടുള്ളത്.

Covid 19 updates

Latest News