‘മലയാളത്തില്‍ ഇനിയും പാടും’; ഹിറ്റ് ഗായകര്‍ക്കും സെക്യൂരിറ്റി ജോലി ചെയ്യേണ്ട അവസ്ഥയെന്ന് വിജയ് യേശുദാസ്

തന്റെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്താണ് താന്‍ പാട്ടുനിര്‍ത്തുകയാണെന്ന് പ്രചരിപ്പിക്കുന്നതെന്ന് ഗായകന്‍ വിജയ് യേശുദാസ്. താന്‍ പാട്ടുനിര്‍ത്തുമെന്നോ മലയാളത്തില്‍ പാടില്ലെന്നോ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് താരം പറയുന്നു. മലയാളത്തിലെ സംഗീതജ്ഞര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്നാണ് പറഞ്ഞത്, പലര്‍ക്കും ജീവിക്കാന്‍ സെക്യൂരിറ്റി ജോലി ചെയ്യേണ്ട അവസ്ഥവരെയുണ്ട്. ഗായകര്‍ക്കും സംവിധായകര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിജയ് യേശുദാസ് പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയാണ് ‌താനതെല്ലാം പറഞ്ഞതെന്നും വിജയ് യേശുദാസ് ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘വാട്സ്ആപ്പ് ഒരു ന്യൂസ് ചാനല്‍ ആയി മാറിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരു ഭാഗം മാത്രം എടുത്താണ് പ്രചരിപ്പിച്ചത്. അത് അവരുടെ മാര്‍ക്കറ്റിങ് രീതിയായിരിക്കാം. ആ ആര്‍ട്ടിക്കിള്‍ മുഴുവനായി വായിച്ചാല്‍ മനസിലാകും ഞാന്‍ ഉദ്ദേശിച്ചതെന്താണെന്ന്. അത് വായിപ്പിക്കാന്‍ വേണ്ടിയാണല്ലോ ഇങ്ങനെ ഒരു തലക്കെട്ട് അവര്‍ കൊടുത്തത്. ആ ഒരു ഭാഗം മാത്രമെടുത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്നൊക്കെ പ്രചരിപ്പിച്ചു.

മലയാളത്തില്‍ പാട്ട് നിര്‍ത്തുകയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, മലയാളത്തില്‍ പാടില്ലെന്നും പറഞ്ഞിട്ടില്ല. മലയാള ഗാനങ്ങള്‍ കുറച്ചുകൂടി സൂക്ഷിച്ച് തെരഞ്ഞെടുക്കും എന്നായിരുന്നു പറഞ്ഞത്. അര്‍ഹിക്കുന്ന പരിഗണനയാണ് ലഭിക്കേണ്ടത്. എനിക്ക് ചുമ്മാ കുറേ പൈസ വാരിത്തരൂ എന്ന് ഞാന്‍ പറയുന്നില്ല, ചെയ്യുന്ന ജോലിക്ക് എനിക്ക് കറക്ട് ആയി തന്നാല്‍ മതി എന്നാണ് പറയുന്നത്.

നല്ല ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ പോലും പ്രായമാകുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്. അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം. ഒരു ഗായകന് അല്ലെങ്കില്‍ മ്യൂസിക് ഡയറക്ടര്‍ക്ക് എന്ത് കിട്ടുന്നു എന്ന് ഇന്‍ഡസ്ട്രി ശ്രദ്ധിക്കണം. എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെ’, വിജയ് യേശുദാസ് പറഞ്ഞു.

Covid 19 updates

Latest News