vijay hazare trophy 2021

വെടിക്കെട്ട് ആവര്‍ത്തിച്ച് ഉത്തപ്പ; ആവേശപ്പോരില്‍ ഉത്തര്‍പ്രദേശിനെ മലര്‍ത്തിയടിച്ച് കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. രണ്ടാം മത്സരത്തില്‍ 7 ബോളുകള്‍ ബാക്കിയിരിക്കെയാണ് ഉത്തര്‍പ്രദേശിനെ കേരളം 3 വിക്കറ്റിന് കീഴടക്കിയത്. 55 പന്തില്‍ 81 റണ്‍സെടുത്ത ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും 83 പന്തില്‍ 76 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയുമാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. സഞ്ജു സാംസണ്‍ 29ഉം ജലജ് സക്‌സേന 31 റണ്‍സും നേടി. ഉപനായകന്‍ വിഷ്ണു വിനോദിനും (7). മുഹമ്മദ് അസ്ഹറുദ്ദീനും (1) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വാലറ്റത്ത് 6 പന്തില്‍ 13 റണ്‍സടിച്ച നിധീഷിന്റെ പ്രകടനവും നിര്‍ണായകമായി.

ടോസ് നേടിയ കേരളം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ യുപിക്ക് മികച്ച തുടക്കം നല്‍കി. 93 റണ്‍സെടുത്ത ശേഷമാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുന്നത്. കരണ്‍ ശര്‍മ്മയെ ജലജ് സക്‌സേന കൂടാരം കയറ്റി. പിന്നാലെ അര്‍ധ സെഞ്ച്വറി (54) അഭിഷേക് ഗോസ്വാമിയെ റോജിത്തിന്റെ കൈളിലെത്തിച്ച് ശ്രീശാന്ത് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അഭിഷേകിനെ കൂടാതെ പ്രയാം ഗാര്‍ഗ്(59 പന്തില്‍ 57), അക്ഷ ദീപ് നാഥ്(68 പന്തില്‍ 60 റണ്‍സ്) എന്നിവരും അര്‍ധസെഞ്ച്വറി നേടി.

ആദ്യ സ്‌പെല്ലില്‍ റണ്‍ വിട്ടുനല്‍കാന്‍ പിശുക് കാണിച്ച ശ്രീശാന്തും നിധീഷും വേഗം വിക്കറ്റുകള്‍ വീഴ്ത്തുമെന്ന് തോന്നിച്ചു. എന്നാല്‍ ശ്രീശാന്തിനെ നന്നായി കളിച്ച് മുന്നേറിയ യു.പി നിധീഷിനെ പ്രതിരോധിച്ചു. തന്റെ എട്ട് ഓവറുകള്‍ പൂര്‍ത്തായയപ്പോള്‍ ശ്രീശാന്ത് ഒരു വിക്കറ്റ് മാത്രമെ ലഭിച്ചിരുന്നുള്ളു. 47-ാമത്തെ ഓവര്‍ എറിയാനെത്തിയ ശ്രീശാന്ത് സ്‌കോറിംഗിന് വേഗം കൂട്ടാനുള്ള യുപിയുടെ മോഹങ്ങള്‍ തല്ലിതകര്‍ത്തു.

നായകന്‍ ഭുവ്‌നേശ്വര്‍ കുമാറിനെ ആദ്യം പുറത്താക്കിയ ശ്രീ അതേ ഓവറില്‍ മുഹ്‌സിന്‍ ഖാനെ ബൗള്‍ഡ് ചെയ്തു. 50-ാം ഓവറില്‍ അര്‍ധ സെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന അക്ഷ ദീപിനെയും ശിവം ശര്‍മ്മയെയും ശ്രീ വീഴ്ത്തി. ഏറെ നാളുകള്‍ക്ക് ശേഷം തിരികെയെത്തിയ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. അതേസമയം റണ്‍വിട്ടുനല്‍കുന്നതില്‍ താരം പിശുക് കാണിച്ചില്ല. 9.4 ഓവര്‍ പന്തെറിഞ്ഞ താരം 6.72 ഇക്കണോമിയില്‍ 65 റണ്‍സാണ് വഴങ്ങിയത്.

Latest News