Top

‘ഒരു ഏകാധിപതി ഭരിക്കുന്നതില്‍ എന്താണ് തെറ്റ്?’; ജനങ്ങള്‍ക്ക് മുഴുവന്‍ വോട്ടവകാശം കൊടുക്കരുതെന്ന് ദേവരക്കൊണ്ട

സാധാരണക്കാര്‍ക്ക് വോട്ടവകാശം നല്‍കാതെ വിദ്യാസമ്പന്നരായ, ചെറിയ തുകയ്ക്ക് വഴങ്ങാത്ത മധ്യവര്‍ഗ്ഗത്തെ മാത്രം വോട്ടുചെയ്യാന്‍ അനുവദിച്ചാല്‍ ഇപ്പോഴുള്ള അവസ്ഥയില്‍ മാറ്റമുണ്ടാകും

9 Oct 2020 3:44 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഒരു ഏകാധിപതി ഭരിക്കുന്നതില്‍ എന്താണ് തെറ്റ്?’; ജനങ്ങള്‍ക്ക് മുഴുവന്‍ വോട്ടവകാശം കൊടുക്കരുതെന്ന് ദേവരക്കൊണ്ട
X

നിലവിലെ തെരഞ്ഞെടുപ്പ് വ്യവസ്ഥയോട് താത്പര്യമില്ലെന്നും ഈ സമ്പ്രദായത്തിന് പകരം ഒരു ഏകാധിപതിയുടെ ഭരണമാകുന്നതില്‍ തെറ്റെന്താണെന്നും തെന്നിന്ത്യന്‍ യുവതാരം വിജയ് ദേവരക്കൊണ്ട. മറ്റ് സിനിമ താരങ്ങളെപ്പോലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ താത്പര്യമുണ്ടോ എന്ന അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ വിവാദ പ്രസ്താവന. നിലവില്‍ ജനാധിപത്യപരമെന്ന് കരുതപ്പെടുന്ന രാഷ്ട്രീയ-തെരഞ്ഞെടുപ്പ് വ്യവസ്ഥകള്‍ അര്‍ഥശൂന്യമാണെന്നും ഇതിലും ഭേദം ജനങ്ങളുടെ ഗുണത്തിനായി മിണ്ടാതിരിക്കൂ എന്ന് ആജ്ഞാപിക്കുന്ന ഏകാധിപതിയാണെന്നും നടന്‍ പറഞ്ഞു. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവരക്കൊണ്ടെയുടെ പ്രതികരണം. ജനാധിപത്യ-ഏകാധിപത്യ വ്യവസ്ഥകളെ വിമാനയാത്രയുമായി അര്‍ജുന്‍ റെഡ്ഡി താരം താരതമ്യപ്പെടുത്തുകയും ചെയ്തു.

നിങ്ങള്‍ മുംബൈയ്ക്ക് പോകാന്‍ ഒരു വിമാനത്തില്‍ കയറുന്നു. അതിലെ എല്ലാ യാത്രക്കാരും ചേര്‍ന്ന് തീരുമാനമെടുത്താണോ പൈലറ്റിനെ നിയോഗിക്കുക? അല്ല, എയര്‍ലൈന്‍ കമ്പനിയാണ് അത് പറപ്പിക്കുന്നതിന് അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നത്?

വിജയ് ദേവരക്കൊണ്ട

ഈ ഉദാഹരണം മുന്‍നിര്‍ത്തി ജനങ്ങള്‍ക്ക് മുഴുവന്‍ വോട്ടുചെയ്യാന്‍ അവകാശം കൊടുക്കേണ്ട കാര്യമില്ലെന്ന് താരം പറഞ്ഞു.

പണവും വിലകുറഞ്ഞ മദ്യവും കൊടുത്ത് വോട്ടുവാങ്ങുന്ന പരിഹാസ്യമായ വ്യവസ്ഥയാണ് നമുക്കുള്ളത്. അതിന് വഴങ്ങുന്ന സാധാരണക്കാര്‍ക്ക് വോട്ടവകാശം നല്‍കാതെ വിദ്യാസമ്പന്നരായ, ചെറിയ തുകയ്ക്ക് വഴങ്ങാത്ത മധ്യവര്‍ഗ്ഗത്തെ മാത്രം വോട്ടുചെയ്യാന്‍ അനുവദിച്ചാല്‍ ഇപ്പോഴുള്ള അവസ്ഥയില്‍ മാറ്റമുണ്ടാകും

വിജയ് ദേവരക്കൊണ്ട

പണവും മദ്യവും നല്‍കി വോട്ടുമേടിക്കുന്ന ഒരു തെരഞ്ഞെടുപ്പ് വ്യവസഥയില്‍ സ്ഥാനാര്‍ഥിയാകാന്‍ എനിക്ക് താത്പര്യമില്ല. ഇതിന് പകരം ഒരു ഏകാധിപതിയുടെ ഭരണമുണ്ടായാലെന്താണ് തെറ്റ്. ഏകാധിപത്യത്തിനാണ് സമൂഹത്തിലിനിയെന്തെങ്കിലും മാറ്റമുണ്ടാക്കാല്‍ സാധിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ജനങ്ങളുടെ നന്മയ്ക്കായി മിണ്ടാതിരിക്കാന്‍ ആജ്ഞാപിക്കുന്ന, അഞ്ചോ പത്തോ വര്‍ഷം കാത്തിരിക്കാനാവാശ്യപ്പെടുന്ന ഒരാളാണ് നമ്മളെ ഭരിക്കേണ്ടത്

വിജയ് ദേവരക്കൊണ്ട

ഫിലിം കമ്പാനിയന്‍ സൗത്തിനുവേണ്ടി ഭരദ്വാജ് രംഗനും അനുപമ ചോപ്രയും ചേര്‍ന്നു നടത്തിയ അഭിമുഖം ഒരു മാസം മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. വിജയ് ദേവരക്കൊണ്ട തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് മാറ്റിവെച്ചിരുന്നു. ഈ ഭാഗങ്ങളാണ് ചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

Next Story

Popular Stories