പ്ലസ്ടു ബാച്ചിന് 25 ലക്ഷം കോഴ: കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കണ്ണൂര്‍: അഴീക്കോട് സ്കൂള്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇഡി സംഘം അഴീക്കോട് സ്കൂളിലെത്തി തെളിവെടുത്തിരുന്നുു. മാനേജര്‍, മുന്‍ മാനേജര്‍ എന്നിവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.
കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി സ്കൂള്‍ മാനേജ്മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2014ലാണ് സംഭവം. 2017ല്‍ മുസ്ലീംലീഗ് അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറ നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. നൗഷാദ് നല്കിയ പരാതി പഞ്ചായത്ത് കമ്മിറ്റി കവറിങ് ലെറ്റര്‍ സഹിതം സംസ്ഥാന കമ്മിറ്റിക്ക് അയച്ചു. ‘ഉന്നയിക്കപ്പെട്ട പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടതായി’ കവറിങ് ലെറ്ററില്‍ പറയുന്നു. ഇതിന്റെ കോപ്പി ജില്ലാ പ്രസിഡന്റായ പി കുഞ്ഞിമുഹമ്മദിനും നല്‍കിയിരുന്നു. എന്നാല്‍, താന്‍ അങ്ങനെയൊരു പരാതി കണ്ടിട്ടില്ലെന്നാണ് കുഞ്ഞിമുഹമ്മദ് വിജിലന്‍സിനോട് പറഞ്ഞത്. മാത്രമല്ല, നൗഷാദിനെ സംസ്ഥാന നേതൃത്വം അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഷാജി അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു.