Top

പാലാരിവട്ടം മേൽപ്പാലം അഴിമതികേസ് : പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്

ഗൂഢാലോചന, അഴിമതി, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നിങ്ങനെയാണ് കുറ്റങ്ങൾ ചുമത്തുക.

24 May 2021 2:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലാരിവട്ടം മേൽപ്പാലം അഴിമതികേസ് : പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്
X

പാലാരിവട്ടം മേൽപ്പാലം അഴിമതികേസിൽ പ്രതികൾക്കെതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ കുറ്റപത്രം നൽകുമെന്നാണ് വിജിലസ് അറിയിക്കുന്നത്. ഗൂഢാലോചന, അഴിമതി, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നിങ്ങനെയാണ് കുറ്റങ്ങൾ ചുമത്തുക.

മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ്‌ അടക്കമുള്ളവരാണ് പാലാരിവട്ടം മേൽപ്പാലം അഴിമതികേസിലെ പ്രതികൾ. കേസില്‍ അഞ്ചാം പ്രതിയാണ് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാഹിം കുഞ്ഞ്‌. ഇബ്രാഹിം കുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിര്‍മ്മാണ കരാര്‍ ആര്‍ഡിഎസിന് നല്‍കാന്‍ മന്ത്രി ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പാലാരിവട്ടം പാലം അഴിമതി കേസിൽ കരാറിലൊപ്പിട്ട 17 പേരും പ്രതികളാണ്. കരാറുകാരന് മുൻ‌കൂർ പണം നൽകിയെന്ന് ആരോപിച്ചാണ് പ്രതി ചേർക്കൽ. ഉത്തരവിൽ ഒപ്പിട്ട പൊതുമരാമത്തു വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു. കൂടാതെ കിറ്റ്‌കോയുടെ രണ്ട് ഉദ്യോഗസ്ഥരെയും പ്രതി ചേർത്തിട്ടുണ്ട്.

വിജിലൻസിന്റെ സുപ്രധാനമായ ഈ നീക്കം നിർമ്മാണ ഘട്ടത്തിലെ ചട്ടങ്ങളെല്ലാം ലംഘിച്ചത് കൊണ്ടാണെന്ന് ചൂണ്ടികാണിക്കുന്നു. കരാറുകാരനായ സുമിത് ഗോയലിന് 8.25 കോടി രൂപ മുൻ‌കൂർ വായ്പയായി നൽകി എന്നതാണ് ഗുരുതരമായ ചട്ടലംഘനം.

Next Story