Top

ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് വെള്ളാപ്പള്ളി; ‘നടന്നത് ശക്തമായ ത്രികോണ മത്സരം’

ആലപ്പുഴ: ബിജെപി മുന്‍കാലങ്ങളിലേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വോട്ടിങ്ങ് ശതമാനം അതാണ് തെളിയിക്കുന്നത്. എന്നാല്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. കണിച്ചുകുളങ്ങര എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടു ചെയ്തതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. എന്‍എസ്എസ് […]

6 April 2021 4:54 AM GMT

ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് വെള്ളാപ്പള്ളി; ‘നടന്നത് ശക്തമായ ത്രികോണ മത്സരം’
X

ആലപ്പുഴ: ബിജെപി മുന്‍കാലങ്ങളിലേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വോട്ടിങ്ങ് ശതമാനം അതാണ് തെളിയിക്കുന്നത്. എന്നാല്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. കണിച്ചുകുളങ്ങര എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടു ചെയ്തതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

എന്‍എസ്എസ് ജന. സെക്രട്ടറി അഭിപ്രായം പറയേണ്ടത് വോട്ടെടുപ്പിന്റെ രാവിലെയല്ലായിരുന്നു. വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പേ പറയാമായിരുന്നു. അപ്പോള്‍ അതിന് ഫലം ലഭിക്കുമായിരുന്നു.

വെള്ളാപ്പള്ളി നടേശന്‍

സുകുമാരന്‍ നായരും മുഖ്യമന്ത്രിയും പറഞ്ഞത് അവരുടെ അഭിപ്രായമാണ്. സര്‍ക്കാര്‍ മാറണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നും വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നുമായിരുന്നു രാവിലെ വോട്ടുചെയ്തതിനുശേഷം നടത്തിയ പ്രതികരണത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞത്.

അതേസമയം പ്രസ്താവനയോട് പ്രതികരിച്ച മുഖ്യമന്ത്രി അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന് പറഞ്ഞു.

പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ജനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തവര്‍ക്കൊപ്പമാണ് ദേവഗണങ്ങള്‍ നിലകൊള്ളുക. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം ജനങ്ങള്‍ സമ്മാനിക്കും.

പിണറായി വിജയന്‍

ആലപ്പുഴ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മൂന്നുമുന്നണികളും കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു. എല്‍ഡിഎഫിന് തുടര്‍ ഭരണസാധ്യത ഉണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംസ്ഥാനത്ത് മുഴുവന്‍ സ്ഥലത്തും ശക്തമായ ത്രികോണ മത്സരമാണെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന് തുഷാര്‍ വെള്ളാപ്പള്ളിയും പ്രതികരിച്ചു. സംസ്ഥാനത്ത് ബിജെപി തരംഗം ശക്തമാണെന്നും ശബരിമല രാഷ്ട്രീയം വോട്ടായി മാറുമോ എന്ന് പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാമെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

Next Story