Top

‘വെള്ളം’, വളരെ വ്യത്യസ്ത അഭിനയമാണ് ജയസൂര്യയും സംയുക്തയും കാഴ്ച്ച വെച്ചിരിക്കുന്നതെന്ന് ഋഷിരാജ് സിംഗ്; നന്ദി അറിയിച്ച് താരം

വളരെ വ്യത്യസ്ത അഭിനയമാണ് ജയസൂര്യയും സംയുക്തയും കാഴ്ച്ച വെച്ചിരിക്കുന്നതെന്ന് ഋഷിരാജ് സിംഗ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

27 Jan 2021 4:45 AM GMT
ഫിൽമി റിപ്പോർട്ടർ

‘വെള്ളം’, വളരെ വ്യത്യസ്ത അഭിനയമാണ് ജയസൂര്യയും സംയുക്തയും കാഴ്ച്ച വെച്ചിരിക്കുന്നതെന്ന് ഋഷിരാജ് സിംഗ്; നന്ദി അറിയിച്ച് താരം
X

ജയസൂര്യ നായകനായെത്തുന്ന വെള്ളത്തിനെ ഫേസ്ബുക്കിലൂടെ പ്രകീർത്തിച്ച് ഋഷിരാജ് സിംഗ് ഐപിഎസ്. വളരെ വ്യത്യസ്ത അഭിനയമാണ് ജയസൂര്യയും സംയുക്തയും കാഴ്ച്ച വെച്ചിരിക്കുന്നതെന്ന് ഋഷിരാജ് സിംഗ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ജയസൂര്യയും അദ്ദേഹത്തിന് നന്ദി അറിയിച്ചിട്ടുണ്ട്.

ടൈറ്റിൽ വായിച്ചാൽ കുടിവെള്ളം ഇല്ലാത്ത സ്ഥലങ്ങളിലെ പ്രശ്നം ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററി ആണോ എന്ന് തോന്നിപ്പോകും. സിനിമ കാണുമ്പോഴാണ് മദ്യത്തെ കുറിച്ചുള്ള നാടൻ ഭാഷയായി വെള്ളത്തെ കാണുന്നത് എന്ന് മനസ്സിലാകുന്നത്. കണ്ണുനീരും ഒരു വെള്ളമാണ് അതിനെ സംബന്ധിച്ചും ഈ സിനിമയിൽ കാണാൻ കഴിയും.

ഋഷിരാജ് സിംഗ്

ജനുവരി 22നാണ് പ്രജീഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം റിലീസ് ചെയ്തത്. കേരളത്തില്‍ തീയറ്ററുകള്‍ തുറന്നതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ മലയാള ചിത്രമാണ് വെള്ളം. ചിത്രത്തില്‍ പൂര്‍ണ്ണ മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുൻ, ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും എത്തുന്നുണ്ട്.

ഋഷിരാജ് സിംഗിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ടൈറ്റിൽ വായിച്ചാൽ കുടിവെള്ളം ഇല്ലാത്ത സ്ഥലങ്ങളിലെ പ്രശ്നം ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററി ആണോ എന്ന് തോന്നിപ്പോകും. സിനിമ കാണുമ്പോഴാണ് മദ്യത്തെ കുറിച്ചുള്ള നാടൻ ഭാഷയായി വെള്ളത്തെ കാണുന്നത് എന്ന് മനസ്സിലാകുന്നത്. കണ്ണുനീരും ഒരു വെള്ളമാണ് അതിനെ സംബന്ധിച്ചും ഈ സിനിമയിൽ കാണാൻ കഴിയും.

ഇത് ഒരാളുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കഥയാണ്. ഒരു ലോവർ മിഡിൽ ക്ലാസ് ഫാമിലി യിൽ അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നല്ല രീതിയിൽ ഈ സിനിമ വരച്ചുകാണിക്കുന്നു. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള മദ്യപാനത്തിന് അടിമയായ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അഭിനയമാണ് മുരളി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ കാഴ്ചവയ്ക്കുന്നത്. മുരളി എന്ന സ്ഥിരം മദ്യപാനിയുടെ നിസ്സഹായയായ ഭാര്യയായി സംയുക്ത മേനോനും വളരെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ഒരാളുടെ അമിത മദ്യപാനം മൂലം നാട്ടിലും വീട്ടിലും ഉണ്ടാവുന്ന നിരവധി പ്രശ്നങ്ങളും മദ്യം ലഭിക്കാതെ വരുമ്പോൾ അയാൾ നടത്തുന്ന പരാക്രമങ്ങളും ആത്മഹത്യാപ്രവണതയും അയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളും ഈ സിനിമയിൽ സംവിധായകനായ പ്രജീഷ് സെൻ നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.

ഒരു ലഹരിവിമോചന കേന്ദ്രത്തിന്റെ ഉടമസ്ഥനായി സിദ്ദിഖും നല്ല അഭിനയം കാഴ്ച വച്ചിരിക്കുന്നു.
നമ്മുടെ സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മാർഗമാണ് മദ്യം, എന്നാൽ മദ്യത്തിന് അടിമപ്പെട്ടു പോകുന്നത്തിന്റെ ദൂഷ്യവശങ്ങൾ ഈ സിനിമയിൽ നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. മദ്യപാനത്തിന് അടിമപ്പെടുന്നത് ഒരു രോഗമാണ്, ശരിയായ ലഹരി വിമുക്ത ചികിത്സയിലൂടെ അതിൽ നിന്ന് പുറത്ത് വരാനും കഴിയുമെന്ന് ഈ സിനിമ കാണിച്ചുതരുന്നു.

ബിജിപാലാണ് ചിത്രത്തിന് മികവുറ്റ സംഗീതം ഒരുക്കിയിരിക്കുന്നത്, പക്ഷേ ചില സ്ഥലങ്ങളിൽ സിനിമയുടെ ഫ്ലോ തന്നെ ഇല്ലാതാക്കി വലിച്ചു നീട്ടി കൊണ്ടുപോകുന്നതായി തോന്നുന്നുണ്ട്. റോബി വർഗീസ് രാജിന്റെ ക്യാമറ കേരളത്തിന്റെ നാട്ടിൻപുറങ്ങളുടെ സൗന്ദര്യം ഭംഗിയായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്.

വളരെ നാളുകൾക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യമലയാള സിനിമ കാണാൻ പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാം. വെള്ളം കണ്ടിറങ്ങുന്ന ഒരോ പ്രേക്ഷകനും അതൊരു പ്രത്യേക അനുഭവമായിരുന്നു.

കോവിഡ് മൂലം വളരെയേറെ പ്രതിസന്ധി നേരിട്ട മേഖലയാണ് മലയാള സിനിമ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിറഞ്ഞ സദസ്സിൽ സിനിമ പ്രദർശനം നടക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.

Next Story

Popular Stories