‘വെള്ളം’ തീയറ്ററുകളിൽ; ‘സിനിമ വ്യവസായത്തെ രക്ഷിക്കണം’; അപേക്ഷയുമായി മോഹൻലാൽ

319 ദിവസങ്ങൾക്ക് ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ മലയാളത്തിൽ നിന്നുള്ള ആദ്യ ചിത്രമായി ‘വെള്ളം’ തീയറ്ററുകളിലേയ്ക്ക്. 153 സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ജയസൂര്യ നായകനാകുന്ന സിനിമ പ്രജേഷ് സെൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ സിനിമ കാണുവാനായി പ്രേക്ഷകരെ തീയറ്ററുകളിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. പ്രേക്ഷകർ സിനിമ തീയറ്ററുകളിൽ കണ്ട് വിനോദ വ്യവസായത്തെ രക്ഷിക്കണമെന്ന് അഭ്യർഥിക്കുന്ന മോഹൻലാലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുറത്ത് വന്നിട്ടുണ്ട്.

മോഹൻലാലിന്റെ വാക്കുകൾ

നമസ്കാരം, ഒരു വർഷത്തിന് ശേഷം തീയറ്ററുകൾ സജീവമാവുകയാണ്. അന്യഭാഷാ ചിത്രമാണ് ആദ്യം റിലീസ് ചെയ്തത്. മലയാളത്തിന്റെ ഒരു ചിത്രം ‘വെള്ളം’ 22 ന് റിലീസ് ആവുകയാണ്. സിനിമയുടെ ചക്രം പ്രവർത്തിക്കണമെങ്കിൽ തീയറ്ററുകൾ തുറക്കണം. ഒരുപാട് കലാകാരന്മാരും കലാകാരികളും ജോലി ചെയ്യുന്ന വലിയ വ്യവസായമാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു എല്ലാവരും സിനിമ കാണുക. സിനിമ എന്റർടൈൻമെന്റ് വ്യവസായത്തെ രക്ഷിയ്ക്കണം. എന്റെ സിനിമകൾ ഉൾപ്പടെ നിരവധി സിനിമകൾ ഇനി റിലീസ് ചെയ്യാനുണ്ട്. എല്ലാവരും സിനിമ കാണണം. ഒരുപാട് വർഷമായി ഈ ഇൻഡസ്ട്രിയിൽ പ്രവർത്തിയ്ക്കുന്ന ആളെന്ന നിലയിലുള്ള എന്റെ അപേക്ഷയാണ്.

കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞിരുന്നു.റോബി വര്‍ഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകന്‍. ബിജിത്ത് ബാലയാണ് എഡിറ്റര്‍. ഫ്രന്‍ഡ്‌ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിഷു റിലീസ് ആയി തീയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുൻ, ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും എത്തുന്നു.

Latest News