Top

ഐ ​ഗ്രൂപ്പിലെ നേതാവ് ചെന്നിത്തല തന്നെ; വെല്ലുവിളി ഉയർത്തിയ വിഡി സതീശന് രാഷ്ട്രീയ ആഘാതം

അടുത്ത തലമുറയിലേക്ക് നേതൃ ഭരണം കൈമാറുമെന്ന സൂചനയും കോൺ​ഗ്രസ് ഹൈക്കമാന്റ് നൽകിയിരുന്നു. വിഡി സതീശന്റെ പേരായായിരുന്നു ഈ ഘട്ടത്തിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്.

19 May 2021 4:25 AM GMT

ഐ ​ഗ്രൂപ്പിലെ നേതാവ് ചെന്നിത്തല തന്നെ; വെല്ലുവിളി ഉയർത്തിയ വിഡി സതീശന് രാഷ്ട്രീയ ആഘാതം
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വമ്പൻ പരാജയം കോൺ​ഗ്രസ് പാളയത്തിൽ വലിയ പ്രതിസന്ധിക്കാണ് തുടക്കംകുറിച്ചത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടുന്ന പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. സൈബർ കോൺ​ഗ്രസ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ അടുത്ത തലമുറയിലേക്ക് നേതൃ ഭരണം കൈമാറുമെന്ന സൂചനയും കോൺ​ഗ്രസ് ഹൈക്കമാന്റ് നൽകിയിരുന്നു. വിഡി സതീശന്റെ പേരായായിരുന്നു ഈ ഘട്ടത്തിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്.

ഐ ​ഗ്രൂപ്പിൽ നിന്ന് രണ്ട് നേതാക്കളെ പ്രതിപക്ഷത്തേക്ക് പരി​ഗണിച്ചാൽ എം.എൽ.എമാരുടെ പിന്തുണ നിർണായകമായി മാറും. എ ​ഗ്രൂപ്പ് പ്രത്യേകിച്ച് ഒരു നേതാവിലേക്ക് വിരൽ ചൂണ്ടിയതുമില്ല. എംഎൽഎമാരുടെ പിന്തുണ വിഷയത്തിൽ പരി​ഗണിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കമാന്റ് വ്യക്തമാക്കുകയും ചെയ്തു. ഹൈക്കാമാൻറ് പ്രതിനിധികളായ മല്ലികാർജ്ജുന ഗാർഗേ, വി.വൈദ്യലിംഗം എന്നിവർക്കാണ് വിഷയത്തിൽ ചുമതലയുണ്ടായിരുന്നത്. ഘടക കക്ഷികളുടെ വാക്കുകളും കേൾക്കാൻ ഇരുവരും സമയം കണ്ടെത്തിയിരുന്നു.

ചെന്നിത്തലയ്ക്കെതിരായ ചരടുവലിയിൽ വിഡി സതീശൻ ഒരുഘട്ടത്തിൽ വിജയിച്ചുവെന്ന തരത്തിലും റിപ്പോർട്ടുകൾ ഉയർന്നു. പക്ഷേ ഹൈക്കമാന്റ് പ്രതിനിധികൾ വിളിച്ചപ്പോൾ എംഎൽഎമാർ കാലുമാറി. എ, ഐ​ ​ഗ്രൂപ്പുകൾ എല്ലാവരും ചെന്നിത്തലയുടെ പേരാണ് നിർദേശിച്ചത്. സർക്കാരിന്റെ അഴിമതികൾ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഒറ്റപ്പെടുത്തരുതെന്ന് എം.എൽ.എമാർ മല്ലികാർജ്ജുന ഗാർഗേ, വി.വൈദ്യലിംഗം എന്നിവരെ അറിയിച്ചു.

പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ തെരഞ്ഞെടുക്കുന്നതിൽ വിഡി സതീശൻ വിമർശനങ്ങളൊന്നും ഉന്നയിക്കാൻ സാധ്യതയില്ല. എന്നാൽ ചെന്നിത്തലയോട് പരസ്യമായി ഏറ്റുമുട്ടി വലിയ തോൽവിയേറ്റു വാങ്ങിയത് പാർട്ടിക്കുള്ളിൽ സതീശന് ക്ഷീണമാകും. കാലുവാരിയ എംഎൽഎമാരെ ഫോണിൽ വിളിച്ച് സതീശൻ അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്വന്തം ​ഗ്രൂപ്പിലുള്ള പകുതി പേർ പിന്തുണ നൽകുമെന്നായിരുന്നു സതീശന്റെ പ്രതീക്ഷ. എന്നാൽ ലഭിച്ചത് പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ പിന്തുണ മാത്രം.

​ഗ്രൂപ്പ് വഴക്ക് പരസ്യമായി പുറത്തുവരാൻ ഇത്തവണ സാധ്യത കുറവാണ്. തമ്മിൽ പോരടിച്ച് അണികളുടെ വിമർശനം ഏറ്റുവാങ്ങരുതെന്ന് ഹൈക്കമാന്റ് നേരിട്ട് നിർദേശം നൽകിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ എതിർ ശബ്ദമില്ലാത്ത നേതാവാണെന്ന് തെളിയിക്കുകയാണ് ചെന്നിത്തല ലക്ഷ്യമിട്ടിരുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. 21 എംഎല്‍എമാരില്‍ 12 പേര്‍ ഐ ഗ്രൂപ്പുകാരാണ്. നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 9 പ്രതിനിധികളുള്ള എ ഗ്രൂപ്പ് നേതാവാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഹൈക്കമാന്‍ഡിലേക്ക് പേര് എത്തിയില്ല.

Next Story