Top

സംസ്ഥാനത്തെ ഔദ്യോഗിക കൊവിഡ് മരണവിവരങ്ങള്‍ പുനപരിശോധിക്കണമെന്ന് വിഡി സതീശന്‍; ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി വിമര്‍ശനം

ഐസിഎംആര്‍ മാനദണ്ഡത്തെ കേരളം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

1 July 2021 1:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്തെ ഔദ്യോഗിക കൊവിഡ് മരണവിവരങ്ങള്‍ പുനപരിശോധിക്കണമെന്ന് വിഡി സതീശന്‍; ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി വിമര്‍ശനം
X

കൊവിഡ് മൂലം സംഭവിക്കുന്ന മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഔദ്യോഗിക കൊവിഡ് മരണ വിവരങ്ങള്‍ പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡ് നെഗറ്റീവായതിനുശേഷം പിന്നീട് ഗുരുതരാവസ്ഥയിലാകുകയും മരണപ്പെടുകയും ചെയ്തവരുടെ കണക്കുകള്‍ ഔദ്യോഗിക മരണസംഖ്യയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. കൊവിഡ് മരണങ്ങള്‍ തീരുമാനിക്കുന്ന രീതിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

നിലവില്‍ 13235 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 399 മരണങ്ങള്‍ ഇതില്‍ നിന്നും ഔദ്യോഗികമായി ഒഴിവാക്കിയിരുന്നു.എന്നാല്‍ ഇത് നാലായിരത്തിലധികം വരുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കൊവിഡ് നെഗറ്റീവായതിന് ശേഷമാണ് മരണം സംഭവിച്ചത് എന്നതിന്റെ പേരില്‍ ഒരു കുടുംബത്തിന് പോലും നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഐസിഎംആര്‍ മാനദണ്ഡത്തെ കേരളം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന രീതിയില്‍ വന്‍ പൊളിച്ചെഴുത്ത് ഉണ്ടായേക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കൊവിഡ് അനുബന്ധ മരണങ്ങള്‍ കൂടി കോവിഡ് മരണങ്ങളായി പരിഗണിക്കപ്പെടണമെന്ന നിര്‍ദ്ദേശം കൂടിവന്നതോടെ സ്ഥിതി അതീവ സങ്കീര്‍ണ്ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്കായി കേരളം കാത്തിരിക്കുകയാണ്. നഷ്ടപരിഹാരം നല്‍കേണ്ട തുക സംസ്ഥാനം തന്നെ കണ്ടെത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാകാന്‍ പോകുന്നത്. കൊവിഡ് മരണങ്ങള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച നിയമക്കുരുക്കുകളും നേരിടാന്‍ സംസ്ഥാനം പ്രയാസപ്പെടേണ്ടി വരും. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മരണം തീരുമാനിക്കുന്നത് ഡെത്ത് ഓഡിറ്റ് കമ്മിറ്റിയില്‍ നിന്നും ജില്ലാതല കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു.

Next Story