വട്ടിയൂര്‍ക്കാവ് വീണ്ടും വി കെ പ്രശാന്ത് ഉറപ്പിക്കുമോ ? ത്രികോണ പോരില്‍ ആധിപത്യം ആര്‍ക്ക്
നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011-നുശേഷം എല്‍ഡിഎഫ് – യുഡിഎഫ് – എന്‍ഡിഎ മുന്നണികളുടെ ത്രികോണമത്സരത്തിന് വേദിയാകുന്ന മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് മികച്ച ഭൂരിപക്ഷത്തിന്റെ ഏകപക്ഷീയ വിജയം നല്കി സ്ഥാനാര്‍ഥിയുടെ ജനകീയതയ്ക്കൊപ്പം നിന്ന ചരിത്രവും വട്ടിയൂര്‍ക്കാവിനുണ്ട്. 2008-ലെ മണ്ഡലപുനര്നിര്ണ്ണയത്തിനുമുന്പ് ഇടത് അനുകൂല മണ്ഡലമായിരുന്നെങ്കിലും വട്ടിയൂര്ക്കാവായതിനുശേഷം 2011-ലെയും 2016-ലെയും തെരഞ്ഞെടുപ്പുകളില്‍ കെ മുരളീധരനെ വിജയിപ്പിച്ച മണ്ഡലത്തിന്റെ ചായവ് യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍, […]
4 April 2021 12:36 AM GMT
അനുപമ ശ്രീദേവി

നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011-നുശേഷം എല്‍ഡിഎഫ് – യുഡിഎഫ് – എന്‍ഡിഎ മുന്നണികളുടെ ത്രികോണമത്സരത്തിന് വേദിയാകുന്ന മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് മികച്ച ഭൂരിപക്ഷത്തിന്റെ ഏകപക്ഷീയ വിജയം നല്കി സ്ഥാനാര്‍ഥിയുടെ ജനകീയതയ്ക്കൊപ്പം നിന്ന ചരിത്രവും വട്ടിയൂര്‍ക്കാവിനുണ്ട്. 2008-ലെ മണ്ഡലപുനര്നിര്ണ്ണയത്തിനുമുന്പ് ഇടത് അനുകൂല മണ്ഡലമായിരുന്നെങ്കിലും വട്ടിയൂര്ക്കാവായതിനുശേഷം 2011-ലെയും 2016-ലെയും തെരഞ്ഞെടുപ്പുകളില്‍ കെ മുരളീധരനെ വിജയിപ്പിച്ച മണ്ഡലത്തിന്റെ ചായവ് യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍, 2019-ല്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച മുരളീധരന് എംഎല്‍എ സ്ഥാനം രാജിവെച്ചതോടെ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് കടന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മണ്ഡലം നഷ്ടപ്പെട്ടപ്പോള്‍ ബിജെപിയുടെ പ്രകടനവും ദുര്‍ബ്ബലമായിരുന്നു.
ഇത്തവണയും വി കെ പ്രശാന്ത് എന്ന ‘എംഎല്‍എ ബ്രോ’യെ തന്നെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനാണ് ഇടതുമുന്നണി ലക്ഷ്യം വെയ്ക്കുന്നത്. മറുപക്ഷത്ത് ബിജെപി പാളയത്തില്‍ നിന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷും യുഡിഎഫില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായരുമാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍. മണ്ഡലം പിടിക്കാന്‍ മൂന്നും കല്‍പ്പിച്ച് മുന്നണികളെത്തുമ്പോള് 2021 -തെരഞ്ഞെടുപ്പിലും വീണ്ടുമൊരു ത്രികോണ പോരാട്ടത്തിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക. അതേസമയം ശക്തമായ മത്സരം നടക്കുന്ന തെരഞ്ഞെടുപ്പില്‍, നിലവിലെ ‘എംഎല്‍എ ബ്രോ’ തന്നെ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുമെന്നാണ് പ്രീ പോള്‍ സര്‍വ്വേകള്‍ പ്രവചിക്കുന്നത്.
ഐക്യകേരള രൂപീകരണത്തിനുശേഷമുള്ള 1957-ലെയും 1960-ലെയും ആദ്യ തെരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവ് ഉള്‍പ്പെട്ടിരുന്ന തിരുവനന്തപുരം രണ്ട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് പട്ടം താണുപിള്ളയായിരുന്നു. അതില്‍ 60-ലെ വിജയത്തിലൂടെയാണ് അദ്ദേഹം കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി പദത്തിലേക്കെത്തിയത്. എന്നാല്‍ 1962-ലെ അദ്ദേഹത്തിന്റെ രാജിയോടെ 1963-ല്‍ ഉപതെരഞ്ഞെടുപ്പ് നടന്നു.
തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി കെ അനിരുദ്ധന് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1965-ല്‍ കോണ്‍ഗ്രസിന്റെ വില്‍ഫ്രഡ് സെബാസ്റ്റ്യനും 1967-ല്‍ ആര്‍എസ്പിയുടെ കെ സി വാമദേവനും മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 1977-ല്‍ തിരുവനന്തപുരം നോര്‍ത്തായ മണ്ഡലത്തില്‍ എന്‍ഡിപി സ്ഥാനാര്‍ഥി എന്‍ രവീന്ദ്രന് സിപിഐഎമ്മിന്റെ എസ് ധര്‍മ്മജനെ പിന്തള്ളി വിജയിച്ചു. 1980-ല്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി ആര് സുന്ദരേശന് നായരെ പരാജയപ്പെടുത്തിയ കെ അനിരുദ്ധനിലൂടെ മണ്ഡലം സിപിഐഎം പിടിച്ചെങ്കിലും 1982-ല്‍ കെ അനിരുദ്ധനെ 8846 വോട്ടുകള്‍ക്ക് അട്ടിമറിച്ച് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ജി കാര്ത്തികേയന് മണ്ഡലത്തില്‍ വിജയിച്ചു.
1987-ല്‍ ജി കാര്‍ത്തികേയനെ പരാജയപ്പെടുത്തി സിപിഐഎം സ്ഥാനാര്‍ഥിയായ എം വിജയകുമാര്‍ മണ്ഡലം ഇടതുപക്ഷത്ത് തിരിച്ചെത്തിച്ചു. 1991, 1996-ലും വിജയം ആവര്‍ത്തിച്ച അദ്ദേഹം ആ രണ്ട് തെരഞ്ഞെടുപ്പുകളില്‍ എന്‍ഡിപി സ്ഥാനാര്‍ഥി ടി രവീന്ദ്രന് തമ്പിയെയും ടി ശരത് ചന്ദ്ര പ്രസാദിനെയുമാണ് പരാജയപ്പെടുത്തിയത്. 2001-ല്‍ കെ മോഹന്കുമാറിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. അത്തവണ 6384 വോട്ടുകള്‍ക്ക് മണ്ഡലത്തില്‍ പരാജയപ്പെട്ട എം വിജയകുമാര്‍ എംഎല്‍എ 2006-ല്‍ കെ മോഹന്‍കുമാറിനെ 9724 വോട്ടുകള്‍ക്ക് പിന്തള്ളി മണ്ഡലത്തിലെ നാലാം വിജയം സ്വന്തമാക്കി. 2008-ലെ പുനര്‍നിര്‍ണയത്തിലൂടെ പേരും അതിരുകളും മാറി വട്ടിയൂര്ക്കാവായാണ് 2011 തെരഞ്ഞെടുപ്പിലേക്ക് മണ്ഡലമെത്തിയത്.

2011-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് കെ മുരളീധരന് സ്ഥാനാര്ഥിയായെത്തുകയും 16167 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തു. ഇടത് സ്വതന്ത്രന് ചെറിയാന് ഫിലിപ്പായിരുന്നു അന്ന് മുരളീധരന്റെ പ്രധാന എതിരാളി. 11 ശതമാനത്തിലധികം വോട്ടുകളുമായി ബിജെപി നേതാവ് വി വി രാജേഷ് മൂന്നാം സ്ഥാനത്തെത്തിയ ആ തെരഞ്ഞെടുപ്പിലാണ് മണ്ഡലം ആദ്യമായി ത്രികോണ മത്സരത്തിന് വേദിയായത്. 2016-ലും വിജയമാവര്‍ത്തിച്ച് മുരളീധരന് മണ്ഡലം നിലനിര്‍ത്തി. 51,322 വോട്ടുകളുമായി കെ മുരളീധരന് ഒന്നാമത് എത്തിയ തെരഞ്ഞെടുപ്പില്‍ പക്ഷേ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ മുന്നേറ്റമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. കുമ്മനം രാജശേഖരന് 43700 വോട്ടുകള്‍ നേടിയ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥി ടി എന്‍ സീമ 40441 വോട്ടുകളുമായി മുന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായിരുന്നു. അതേസമയം, 2011-ലെ പതിനാറായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നിന്ന് 2016-ലെ തെരഞ്ഞെടുപ്പില്‍ 7622 -ലേക്ക് മുരളീധരന്റെ ഭൂരിപക്ഷം താഴ്ന്നതും ചര്‍ച്ചയായിരുന്നു.
അതോടെ മുരളീധരന് ഒഴിഞ്ഞ വട്ടിയൂര്‍ക്കാവ് 2019-ല്‍ ബിജെപി മണ്ഡലം പിടിക്കുമെന്ന് വരെ കണക്കാക്കപ്പെട്ടിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് – എന്‍ഡിഎ മുന്നണികളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി മണ്ഡലം ഇടത്തോട്ടെത്തി. തിരുവന്തപുരത്തിന്റെ സ്വന്തം ‘മേയര്‍ ബ്രോ’ വി കെ പ്രശാന്തിന്റെ വ്യക്തിപ്രഭാവം വലിയ ഘടകമായ വിജയത്തില്‍ അത്തവണ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളില്‍ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ കെ മോഹന്‍കുമാറിനെ 14465 വോട്ടിന് വി കെ പ്രശാന്ത് പരാജയപ്പെടുത്തിയപ്പോള്‍ 2016-ലെ രണ്ടാം സ്ഥാനത്തുനിന്ന് മുന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബിജെപിയുടെ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളാണ് നേടിയത്.

തിരുവനന്തപുരം കോര്‍പറേഷനിലെ കിണവൂര്‍, കേശവദാസപുരം, കുടപ്പനക്കുന്ന്, ചെട്ടിവിളാകം, നന്തന്‍കോട്, കുന്നുകുഴി, പേരൂര്‍ക്കട, വാഴോട്ടുകോണം, കൊടുങ്ങാനൂര്‍, വലിയവിള, പാതിരിപ്പള്ളി, തുരുത്തുംമൂല, ശാസ്തമംഗലം, കവടിയാര്‍, കാഞ്ഞിരംപാറ, പാങ്ങോട്, കുറവന്‍കോണം, മുട്ടട, കണ്ണമ്മൂല, പട്ടം, കാച്ചാണി, പിടിപി നഗര്‍, നെട്ടയം, വട്ടിയൂര്‍ക്കാവ് വാര്‍ഡുകള്‍ ചേര്‍ന്നതാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം. തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 24 വാര്‍ഡുകളില്‍ 12 എണ്ണത്തിലും വിജയിച്ച ഇടതുപക്ഷമുന്നണിക്കായിരുന്നു മുന്‍തൂക്കം. ഒമ്പതിടത്ത് ബിജെപിയും മൂന്ന് വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചു. എല്‍ഡിഎഫിന് 37628 ഉം ബിജെപിക്ക് 34780 ഉം യുഡിഎഫിന് 27191 വോട്ടുമായിരുന്നു മണ്ഡലത്തിലെ വോട്ടുവിഹിതം.
ഈ സാഹചര്യത്തില്‍ 2019-ല്‍ നിര്‍ണ്ണായക മണ്ഡലം വലിയ ഭൂരിപക്ഷത്തില്‍ പിടിച്ച വി കെ പ്രശാന്ത് എംഎല്‍എയെ രംഗത്തിറക്കി 2021-തെരഞ്ഞെടുപ്പിലും മണ്ഡലം നിലനിര്‍ത്താനാണ് എല്‍ഡിഎഫിന്റെ ഉറച്ച പ്രതീക്ഷ. മേയറായിരുന്ന കാലത്തെ ജനകീയ പ്രതിച്ഛായ എംഎല്‍എയായിരിക്കുമ്പോഴും നിലനിര്ത്താനായെന്നാണ് വി കെ പ്രശാന്തിന്റെ പ്രതീക്ഷ. പാര്‍ട്ടിക്ക് അതീതമായ ആ പിന്തുണ ഇത്തവണയും ഉറപ്പിക്കാനായാല്‍ 2019-ലേതുപോലെ ഒരു അനായാസ ജയം എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. അതേസമയം, ശബരിമല വിഷയമടക്കം വീണ്ടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ ശ്രദ്ധയോടെയാണ് എല്‍ഡിഎഫിന്റെ പ്രചാരണം. നൂറു റോഡുകള്‍ പൂര്ത്തിയാക്കിയതടക്കമുള്ള വികസന നേട്ടങ്ങള്‍ കാണിച്ച് വോട്ടുചോദിക്കുന്ന എംഎല്‍എ 16 മാസക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച എന്ന മുദ്രാവാക്യമാണുയര്ത്തുന്നത്.
അതേസമയം, ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടെങ്കില്‍ തിരിച്ചുപിടിക്കാവുന്ന വട്ടിയൂര്‍ക്കാവില്‍ വി എം സുധീരന് മുതല്‍ മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന് വേണു രാജാമണിയോ കെ മുരളീധരന് എംപിയോ വരെ മത്സരിച്ചേക്കുമെന്ന റിപ്പോര്ട്ടുകള്ക്കുശേഷമായിരുന്നു വീണ എത്തിയത്. വി കെ പ്രശാന്തിനെതിരെ യുവ നേതാവ് വേണമെന്ന ആവശ്യത്തിനുപുറത്തായിരുന്നു വീണയ്ക്ക് നറുക്കുവീണത്. ഇതോടെ നഷ്ടപ്പെട്ട നിഷ്പക്ഷ വോട്ടുകള്‍ പിടിക്കുന്നതിനൊപ്പം 2019-ല്‍ ചോര്‍ന്നുപോയ നായര്‍, ന്യൂനപക്ഷ വോട്ടുകളും ലക്ഷ്യം വെച്ചുകൂടിയായിരുന്നു യുഡിഎഫിന്റെ നീക്കം. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച ലതിക സുഭാഷിന്റെ ആരോപണങ്ങള്‍ കത്തി നില്‍ക്കവെയായിരുന്നു സുപ്രധാന മണ്ഡലത്തില്‍ വീണയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. എന്നാല്‍, കെ മുരളീധരന് നേമത്ത് സ്ഥാനാര്‍ത്ഥിയായതോടെ ഒരു വലിയ വിഭാഗം പ്രവര്‍ത്തകര്‍ നേമത്തേക്ക് ശ്രദ്ധ തിരിച്ചത് വട്ടിയൂര്‍ക്കാവില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫിനുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തൊട്ടുപിന്നിലെത്തി നില്ക്കുന്ന ബിജെപി ഇത്തവണയും വിജയപ്രതീക്ഷയോടെ തന്നെയാണ് മണ്ഡലത്തിലേക്കെത്തുന്നത്. വി വി രാജേഷ് ആണ് ഇത്തവണ വട്ടിയൂർക്കാവിൽ മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തോടെ നിലവില്‍ തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലറാണ് വി വി രാജേഷ്. 2016-ലെ പൊതു തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് 20 ശതമാനത്തിലധികം വോട്ടുവളര്ച്ചയുണ്ടാക്കിയ മണ്ഡലത്തില്‍ 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ എസ് സുരേഷിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിരുന്നില്ല. അന്ന് 27453 വോട്ടുകളുമായി അദ്ദേഹം മുന്നാം സ്ഥാനത്തായപ്പോള്‍ പത്തുശതമാനത്തിലധികം വോട്ടുനഷ്ടമായിരുന്നു ബിജെപിക്കുണ്ടായത്.
ജാതി സമവാക്യങ്ങള്‍ക്കപ്പുറം സ്ഥാനാര്‍ഥിയെ നോക്കി വോട്ടുചെയ്യുന്ന മണ്ഡലത്തിന്റെ സ്വഭാവം 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ നിഴലിച്ചപ്പോഴാണ് ജനകീയനായ മേയര്‍ ബ്രോ വി കെ പ്രശാന്ത് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എന്‍എസ്എസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ശേഷവും മണ്ഡലത്തിന്റെ സാമുദായിക സമവാക്യങ്ങള തള്ളിക്കൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്തള്ളപ്പെട്ടത് അതിന്റെ സൂചനയായിരുന്നു. അതിനാല്‍ 2019 ലെ അനുഭവം കൂടി പരിഗണിച്ചാണ് 2021 തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥി നിര്‍ണ്ണയം.