Destination

വട്ടവടയില്‍ പൊളിച്ചെഴുതാന്‍ ഇനിയുമുണ്ട് തൊട്ട് കൂടായ്മ; വേണ്ടത് സർക്കാരിന്റെ ഇടപെടൽ

‘താഴ്ന്ന ജാതി’ക്കാർക്കും ഇനി തലമുടി വെട്ടാം എന്നൊരു പരിഷ്കരണം ഈയടുത്ത് വട്ടവടയിൽ നിലവിൽ വന്നെങ്കിലും, അവരോടുള്ള വിവേചനം പ്രത്യക്ഷമാക്കുന്ന പല ആചാരങ്ങളും ഇന്നും അവിടെ നിലനില്‍ക്കുന്നുണ്ട്. ജാതിയില്‍ ഉയര്‍ന്നവരുടെ വീടുകളില്‍ ഇപ്പോഴും കീഴ്ജാതിയില്‍ പെട്ടവർക്ക് കയറാൻ അനുമതിയില്ല. ആഹാരത്തിനും വെള്ളത്തിനുമായി പ്രത്യേക ഗ്ലാസുകളും പാത്രങ്ങളും കരുതി വെച്ചിരിക്കുന്ന നിരവധി വീടുകള്‍ ഇന്നും വട്ടവടയിലുണ്ട്.

രാജഭരണകാലത്ത് വട്ടവടയിലേക്ക് കുടിയേറിയവരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിരുന്നു. മന്നാടിയാര്‍, മന്ത്രിമാര്‍, പെരിയധനം, മണിയക്കാരന്‍, തണ്ടൽക്കാരന്‍ എന്നിവര്‍. ഇതില്‍ തണ്ടല്‍ക്കാരൻ വിഭാഗത്തില്‍പ്പെട്ടവര്‍ കഴുത്തില്‍ ചെണ്ട തൂക്കിയിട്ട് അറിയിപ്പുകള്‍ ഓരോ ഭാഗങ്ങളില്‍ എത്തിക്കേണ്ടവരാണ്. ആ രീതികൾ അവർ ഇന്നും തുടർന്ന് പോരുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും സ്വാമി, യജമാനൻ, രാജാവ്, മുതലാളി എന്നിങ്ങനെ അഭിസംബോധന ചെയ്ത് വേണം അറിയിപ്പുകള്‍ കൈമാറാന്‍.

നാല് കുടിയേറ്റ ചരിത്രമുണ്ട് വട്ടവടയ്ക്ക്. ചൂതാട്ടത്തില്‍ തോറ്റ് വനവാസം നേരിടേണ്ടിവന്ന പഞ്ചപാണ്ഡവന്‍മാര്‍ അഭയംതേടി ഇവിടെ എത്തിയിരുന്നുവെന്നും ഇതായിരുന്നു ആദ്യത്തെ കുടിയേറ്റം എന്നും പറയപ്പെടുന്നു. കണ്ണകിയുടെ ശാപത്തില്‍ മധുരയിലുണ്ടായ കലാപത്തില്‍ നിന്നും അഭയം തേടിയെത്തിവരാണ് മറ്റൊരു വിഭാഗം. ടിപ്പു സുല്‍ത്താന്റെ പിതാവ് ഹൈദരലി ഡിണ്ടിഗലില്‍ നടത്തിയ പടയോട്ടത്തില്‍ ഭയന്ന് കുടിയേറി പാര്‍ത്തവർ ആയിരുന്നു മൂന്നാമത്തെ വിഭാഗം. അവസാനമായി എത്തിയത് തേയിലത്തോട്ട തൊഴിലാളികളും. അവര്‍ വട്ടവട, കൊട്ടാക്കമ്പൂര്‍, കോവിലൂര്‍ മേഖലകളില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചു.

ഇങ്ങനെ നിരവധിപേര്‍ വട്ടവടയില്‍ കുടിയേറി താമസം ആരംഭിച്ചെങ്കിലും രാജഭരണക്കാലത്ത് ആരംഭിച്ച ആചാരങ്ങള്‍ മാറ്റാന്‍ പലരും ഇനിയും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം വരെ നിലനിന്നിരുന്ന ‘തലമുടി വെട്ടല്‍’ ആചാരം നിർത്തലായത്‌ പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് നടത്തിയ പ്രയത്നങ്ങളുടെ ഭാഗമായാണ്. എന്നാല്‍ മറ്റ് ആചാരങ്ങൾ ഒന്നും നിയമ വ്യവസ്ഥകള്‍ കൊണ്ട് മാറ്റാന്‍ കഴിയുന്നതല്ല. ജനങ്ങൾ സ്വമേധയാ മാറേണ്ടതാണ്.

വട്ടവടയുടെ സവിശേഷമായ സാംസ്‌കാരിക തനിമ മനസ്സിലാക്കി സർക്കാരിന്റെ ഭാഗത്തു നിന്നും കൃത്യമായ സാമൂഹിക ഇടപെടലുകളും, നടപടികളും ഉണ്ടായാൽ ഒരുപരിധി വരെ ഇവിടത്തെ ജനതയെ ബോധവൽക്കരിക്കാൻ സാധിക്കും എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല വട്ടവടയിലെ  സാമൂഹ്യപ്രവർത്തകർക്ക്.

Covid 19 updates

Latest News