മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു; ഇടതുകോട്ടയില്‍ വിജയിച്ചു കയറാന്‍ ആനാട് ജയനെ കോണ്‍ഗ്രസ് നിയോഗിച്ചേക്കും

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന നിയോജക മണ്ഡലമാണ് വാമനപുരം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി പോരാട്ടം നടത്താനാണ് കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ആലോചന.

വാമനപുരം മണ്ഡലത്തില്‍ നിന്ന് മുതിര്‍ന്ന സിപിഐഎം കോലിയക്കോട് കൃഷ്ണന്‍ നായര്‍ അഞ്ച് തവണ എംഎല്‍എയായിട്ടുണ്ട്. മറ്റ് സിപിഐഎം നേതാക്കളെയും നിയമസഭയിലേക്കയച്ചു. എങ്കിലും മണ്ഡലം രണ്ട് തവണ വലതുപക്ഷത്തെ പുണര്‍ന്നിട്ടുണ്ട്. വിജയിച്ചു കയറുമെന്ന് തന്നെയാണ് സിപിഐഎം വിശ്വസിക്കുന്നത്. അതേ സമയം പോരാട്ടത്തിലൂടെ പിടിച്ചെടുക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് 10000 വോട്ടുകള്‍ക്ക് ഇവിടെ ലീഡ് ചെയ്തിരുന്നു. ഈ കണക്കിന്റെ ബലത്തില്‍ ആനാട് ജയനെന്ന നേതാവിന്റെ പേരാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പരിഗണിക്കുന്നത്.

മണ്ഡലത്തിലുള്‍പ്പെട്ട ആനാട് പഞ്ചായത്തിന്റെ പ്രസിഡണ്ടായിരുന്നു ആനാട് ജയന്‍. 45 വര്‍ഷം സിപിഐഎമ്മിന്റെ കോട്ടയായിരുന്ന ഈ പഞ്ചായത്ത് ആനാട് ജയന്റെ നേതൃത്വത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. ഇടതുപക്ഷ ഡിവിഷനുകളായ വെള്ളനാട്, ആനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ജയന്‍ വിജയിച്ചു. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ആനാട് ജയന് വാമനപുരത്തും വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.

മുന്‍ എംഎല്‍എ പാലോട് രവി, രമണി പി നായര്‍ എന്നിവരുടെ പേരും കോണ്‍ഗ്രസ് പട്ടികയിലിടം നേടിയിട്ടുണ്ട്. 1980,1982,1987,1991,2011 തെരഞ്ഞെടുപ്പുകളിലാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഇവിടെ വിജയിച്ചത്. 1996, 2001ല്‍ പിരപ്പന്‍കോട് മുരളി, 2006ല്‍ ജെ അരുന്ധതി, 2016ല്‍ ഡികെ മുരളി എന്നീ ഇടതുപക്ഷ നേതാക്കള്‍ ഇവിടെ നിന്ന് വിജയിച്ചു കയറി. ഡികെ മുരളി കഴിഞ്ഞ തവണ 10000 വോട്ടിനാണ് വിജയിച്ചത്.

Latest News